വാതിരാജ സ്വാമികള്‍

September 20, 2012 സനാതനം

ഡോ.അനന്തരാമന്‍

ഉടുപ്പിയില്‍ നിന്ന് 20 മൈല്‍ ദൂരെ ഹൂവനകെരയെന്ന ഒരു ഗ്രാമമുണ്ട്. മാധ്വാചാര്യര്‍ എട്ടു മഠങ്ങള്‍ സ്ഥാപിച്ചതില്‍ ഒന്ന് കുംഭാസി എന്ന സ്ഥലത്താണ്. മഹാവിദ്വാനും ജ്ഞാനിയുമായ വാഗീശതീര്‍ഥര്‍ ആ മഠത്തിന്റെ തലവനായിരുന്നു ആ മഠത്തിലെ മൂലവിഗ്രഹം ഭൂവരാഹമൂര്‍ത്തിയായിരുന്നു.

ഹൂവനകെരയെന്ന ഗ്രാമത്തില്‍ രാമാചാര്യര്‍ (ദേവഭട്ടര്‍), ഗൗരി എന്ന ദമ്പതികള്‍ വസിച്ചിരുന്നു. അവര്‍ക്ക് ഒരു പെണ്‍കുട്ടി മാത്രമേ ഉണ്ടായിരുന്നുള്ളു സാമവേദം പഠിച്ച രാമാചാര്യര്‍ കുംഭാസിമഠത്തില്‍വന്ന് ആണ്‍സന്താനത്തിനായി പ്രാര്‍ത്ഥിച്ചു. ഗൗരി, തന്നെമറന്ന്, ആണ്‍സന്താനമുണ്ടായാല്‍ താന്‍ ഭഗവാന് ലക്ഷാഭരണ അലങ്കാരം ചെയ്യാമെന്ന് പ്രാര്‍ത്ഥിച്ചു. ഭൂവരാഹമൂര്‍ത്തി വാഗീശതീര്‍ഥരുടെ സ്വപ്നത്തില്‍ വന്ന് ‘നാളെ പൂജക്കു രാമാചാര്യദമ്പതികള്‍ വന്നാല്‍ മന്ത്രാക്ഷത നല്‍കി ഒരു ഉത്തമജീവന്‍ ജനിക്കുന്നുണ്ടെന്നും കുട്ടി പിറന്നയുടന്‍ മഠത്തിന് നല്കണമെന്നും, കുട്ടി പിറക്കുമ്പോള്‍ ഭൂമിയില്‍ തട്ടാത്തവണ്ണം സ്വര്‍ണ്ണത്തട്ടില്‍ താങ്ങണമെന്നും പറയുക എന്നാജ്ഞാപിച്ചു.

രാമാചാര്യരുടെ സ്വപ്നത്തിലും ‘നാളെ പോയി വാഗീശതീര്‍ഥരോട് മന്ത്രാക്ഷത വാങ്ങി പുത്രഭാഗ്യം ലഭിച്ചാലും എന്നരുളിചെയ്തു. പിറ്റെ ദിവസം പൂജക്ക് രാമാചാര്യര്‍ വന്നപ്പോള്‍ വാഗീശതീര്‍ഥര്‍ ഭഗവാന്റെ ആജ്ഞയെ പറഞ്ഞു. ‘ഭഗവാന്‍ പിറക്കും. പക്ഷെ കുട്ടിയെ മഠത്തിനു നല്കണമെന്ന് ഭഗവാന്റെ ആജ്ഞ’ എന്നുള്ള വിചാരത്താല്‍, ദമ്പതികള്‍ ദുഃഖിച്ചു. വാഗീശതീര്‍ഥര്‍ ദമ്പതികള്‍ ദുഃഖിക്കുന്നതു കണ്ടു ‘രാമാചാര്യരേ നിങ്ങള്‍ പഠിച്ച ആളാണല്ലോ, നിങ്ങള്‍ ഇപ്രകാരം ദുഃഖിക്കുന്നതു ശരിയാണോ? എങ്കിലും നിങ്ങള്‍ക്ക് ഞാന്‍ ഒരു വഴി പറയാം, കേള്‍ക്കുക, കട്ടി വീട്ടിനുള്ളില്‍ പിറന്നാല്‍ നിങ്ങള്‍ക്കുതന്നെ വളര്‍ത്താം വീട്ടിനു പുറത്തു പിറന്നാല്‍ മഠത്തിനു കൊടുക്കണം എന്നു പറഞ്ഞു. ദമ്പതികള്‍ സമാധാനപ്പെട്ടു. അചിരേണ ഗൗരി ഗര്‍ഭം ധരിച്ചു.

ഏകാദശി കഴിഞ്ഞ് പിറ്റെ ദിവസം ഉച്ചയ്ക്കുശേഷം രാമാചാര്യര്‍ ബ്രാഹ്മണര്‍ക്ക് ദ്വാദശി പാരണ കൊടുക്കുകയായിരുന്നു. തങ്ങളുടെ വീട്ടിന്റെ മുന്‍ഭാഗത്തെ നെല്‍പാടത്തില്‍ ഒരു പശുവും പശുകുട്ടിയും നെല്‍പഞ്ചയിനെ തിന്നുന്നതുകണ്ട ഗൗരി ഭര്‍ത്താവിനോടു പറഞ്ഞപ്പോള്‍ ദ്വാദശി പാരണയ്ക്കു ഭംഗംവരാതിരിക്കുവാന്‍ രാമാചാര്യര്‍ ഭാര്യയോട് പശുവിനെ ഓടിക്കുവാന്‍ കല്പിച്ചു. ഭൂവരാഹഭഗവാന്റെ ലീലയാണുപോലും ഗൗരി പാടത്തുപോയ ഉടന്‍ പ്രസവവേദന തുടങ്ങി. ഭഗവാന്റെ ആജ്ഞപ്രകാരം വാഗീശതീര്‍ത്ഥര്‍ ഒരു പല്ലക്കും ചില സ്ത്രീജനങ്ങളെയും അയച്ച് ഗൗരി പല്ലക്കില്‍ പ്രസവിക്കുവാന്‍ വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. പിറന്ന ശിശുവിനെ സ്വര്‍ണ്ണത്തട്ടില്‍ താങ്ങിയെടുത്തു. (എ.ഡി. 1480).

ഈ സംഭവമറിഞ്ഞ രാമാചാര്യ ആശ്ചര്യസ്തബ്ധനായി ഭഗവാന്റെ സങ്കല്പത്തെ വിചാരിച്ചു വിസ്മയിച്ചു. ഗൗരി വ്യാകുലയായി. വാഗീശതീര്‍ത്ഥദമ്പതികളെ സമാധാനപ്പെടുത്തി.  പ്രാശനം, അക്ഷരാഭ്യാസം, ചൗള ഉപനയനം എന്നീ ചടങ്ങുകള്‍ മുറക്ക് നടത്തി കുട്ടിയെ അഞ്ചു വയസ്സിനുള്ളില്‍ മഠത്തില്‍ ചേര്‍ക്കുവാന്‍ അഭ്യസിപ്പിച്ചു. വാദിരാജരുടെ ആരാധനാദിവസങ്ങള്‍ ഈ വയലില്‍ വിളഞ്ഞ നെല്ലുകൊണ്ട് വന്ന് അരിയാക്കി ഹയഗ്രീവര്‍ക്ക് ഇന്നും നൈവേദ്യം ചെയ്തുവരുന്നുണ്ട്.

ദൈവാംശജാതനായ കുട്ടിക്ക് വരാകാചാര്യര്‍ എന്ന് തിരുനാമം നല്കി. അഞ്ചു വയസ്സോടുകൂടി ഉപനയനം നടത്തി പിതാവുതന്നെ വേദാദ്ധ്യായനം ചെയ്യിച്ചു. വാഗീശതീര്‍ഥര്‍ പറഞ്ഞയച്ചതനുസരിച്ച് കുട്ടിയെ പിരിയുവാന്‍ മനസ്സില്ലാതെ കുടുംബത്തോടെ കുംഭാസിക്കുപോയി. കുട്ടിയുടെ മാതാപിതാക്കളെ സമാധാനപ്പെടുത്തി. വാഗീശര്‍ താന്‍തന്നെ ഗുരുവായി വര്‍ത്തിച്ചു കുട്ടിക്ക് വേദാദ്ധ്യായനം ചെയ്യിച്ചു.

രണ്ടുവര്‍ഷത്തിനുള്ളില്‍ വാരാകാചാര്യര്‍ ശ്രീ മാദ്ധ്വസിദ്ധാന്തത്തില്‍ മേധാവിയായി തനിക്ക് സന്യാസാശ്രമം നല്‍കുവാന്‍ വാഗീശതീര്‍ഥരെ പ്രാര്‍ത്ഥിച്ചു ഏഴു വയസ്സുള്ള ബാലന്റെ മനസങ്കല്പത്തിനെ അറിഞ്ഞ വാഗീശതീര്‍ഥര്‍ വളരെ സന്തോഷിച്ചു. പക്ഷേ മാതാപിതാക്കന്മാര്‍ ദുഃഖിക്കുന്ന സ്ഥിതിക്ക് മറ്റൊരു മകന്‍ അവര്‍ക്ക് പിറക്കുന്നതുവരെ ദീക്ഷ നല്‍കുകയില്ലെന്ന് ഉറപ്പുനല്‍കി. ഭഗവാന്റെ സങ്കല്പംപോലെ രാമാചാര്യദമ്പതികള്‍ക്ക് രണ്ടാമത് ഒരു ആണ്‍കുട്ടി പിറന്നു.

ഈ പ്രതിബന്ധങ്ങള്‍ നീങ്ങിയതോടെ എട്ടു വയസ്സില്‍ വരാകാചാര്യര്‍ക്ക് വാഗീശ്വര്‍ സന്യാസാശ്രമം നല്‍കി. ‘ശ്രീമാദ്ധ്വസിദ്ധാന്തത്തെ പ്രചരിപ്പിക്കുക’ എന്നു ആശീര്‍വദിച്ച് ‘വാദീരാജര്‍’ എന്ന് ദീക്ഷാനാമം നല്‍കി. പന്ത്രണ്ടു വയസ്സില്‍ വാദിരാജര്‍ ഗുരുവിന്റെ അനുമതിയോടെ ക്ഷേത്രാടനം ചെയ്യാന്‍ പുറപ്പെട്ടു. ആദ്യമായി മാതാവിനെ ചെന്ന് വണങ്ങി. തേജസ്സും ഗാംഭീര്യവുമുള്ള മകന്റെ മുഖംനോക്കി അമ്മ സന്തുഷ്ടയായി. ‘ഭഗവാന് ലക്ഷാഭരണം ചെയ്യാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു. പക്ഷേ എന്റെ നിലവില്‍ അത് എപ്രകാരം സാദ്ധ്യമാവും. എന്നു പറഞ്ഞു ദുഃഖിച്ചു. അമ്മയെ സമാധാനിപ്പിച്ച് തക്കസമയത്ത് താന്‍തന്നെ ആ പ്രാര്‍ത്ഥന നിറവേറ്റാം. എപ്പോഴും എന്റെ ഓര്‍മ്മയ്ക്കായി എന്റെ ഒരു വിഗ്രഹം അമ്മയ്ക്കു നല്കി ആ വിഗ്രഹം ഇന്നും ശോതേതേമഠത്തില്‍ ഇരിപ്പുണ്ട്.

ഭാരതത്തിലുള്ള പുണ്യസ്ഥലങ്ങളെല്ലാം ദര്‍ശിച്ച് എല്ലാ പുണ്യതീര്‍ഥങ്ങളിലും സ്‌നാനം ചെയ്തു. വായുവിന്റെ അംശവാനായ ശ്രീമാധ്വര്‍വാദിരാജര്‍ക്ക് ക്ഷീണം ഉണ്ടാവാത്തവിധം അനുഗ്രഹിച്ചു. തന്റെ അനുഭവത്തെ വാദിരാജര്‍ ‘തീര്‍ഥപ്രബന്ധം’ എന്ന സംസ്‌കൃതഗ്രന്ഥം മുഖേന പ്രചരിച്ചു. പോകുന്നവഴിയില്‍ ഒരു ധനികന്റെ മകന്‍ വിവാഹമണ്ഡപത്തിലേക്ക് വരുംവഴി മറ്റു ബന്ധുമിത്രങ്ങളും ദുഃഖിതരായി വാദിരാജസ്വാമിയെ പ്രാര്‍ത്ഥിച്ച് തങ്ങള്‍ക്കുവന്ന കഷ്ടത്തെ അറിയിച്ചു. വാദിരാജരും മനസ്സലിഞ്ഞ് സമുദ്രമഥനത്തില്‍ ലക്ഷ്മി ഉത്ഭവിച്ച് ശ്രീമഹാവിഷ്ണുവിനെ വിവാഹം ചെയ്ത സംഭവത്തെ കേന്ദ്രീകരിച്ച് ‘ലക്ഷ്മീ ശോഭന ഹാഡു’ എന്ന കന്നഡകീര്‍ത്തനം പാടി, ഉടനെ മരിച്ച വരന്‍ ഉറക്കത്തില്‍ നിന്നെന്നപ്പോലെ ഉണര്‍ന്നു. ഇന്നും കല്യാണസമയങ്ങളില്‍ ദമ്പതികളുടെ ആയുരാരോഗ്യത്തിനായി ഈ പാട്ടുപാടാറുണ്ട്.

പാവനമായ തിരുപ്പതിമല കാലാല്‍ നടക്കുവാന്‍ ഇഷ്ടപ്പെടാതെ ഭഗവാന്റെ കീര്‍ത്തനങ്ങള്‍ പാടിയവണ്ണം മുട്ടുകുത്തി മലകയറി, ക്ഷേത്രത്തില്‍ വന്നപ്പോള്‍ പൂജ കഴിഞ്ഞ് ക്ഷേത്രം പൂട്ടിയിരുന്നു. ഭക്തന്റെ ക്ലേശം കണ്ടു ഉണര്‍ന്ന ഭഗവാന്‍ വിമാന ശ്രീനിവാസനായി ദര്‍ശനം നല്‍കി. പിറ്റേ ദിവസം ഭഗാവന് സാളഗ്രാമമാലയിട്ട് പാട്ടുപാടി സേവിച്ചു സന്തുഷ്ടനായ ഭഗവാന്‍ നല്കിയ വിഗ്രഹം ഇന്നും ശോതേമഠത്തില്‍ പൂജിക്കപ്പെട്ടുവരുന്നു. മാധ്വദര്‍ശനത്തെ പ്രചരിപ്പിച്ചുകൊണ്ട് വാതിരാജര്‍ പണ്ഡരിപൂരത്ത് എത്തിച്ചേര്‍ന്നു. ഇതിനിടെ പല വിദ്വാന്മാരെ വാദത്തില്‍ ജയിച്ചു. ശ്രീവിഠലനെ പ്രതൃക്ഷമാക്കി സംസാരിക്കാറുള്ള തൂക്കാറാമിന്റെ ജീവിതകാലമായിരുന്നു അന്ന്.

ആ പ്രദേശത്തിലെ ഒരു ധനിക സ്ത്രീ പല മാസമായി തനിക്ക് ഒരു സന്താനം ലഭിക്കുവാന്‍ വിഠലന്‍ കേള്‍ക്കുവാന്‍ ശ്രീ തൂക്കാറാമിനോട് പ്രാര്‍ത്ഥിച്ചുവന്നിരുന്നു. ഒരു ദിവസം തുക്കാറാം ആ ഭക്തയുടെ അഭീഷ്ടത്തെ ശ്രീ വിഠലനോട് നേരിട്ടു ചോദിച്ചു അവള്‍ക്ക് കുട്ടി ജനിക്കുകയില്ലെന്ന് ശ്രീ വിഠലന്‍ പറഞ്ഞു. തുക്കാറാമും ഈ വിവരം ആ സ്ത്രീയോടു പറഞ്ഞ്. അടുത്ത ജന്മത്തിലെങ്കിലും കുട്ടി പിറക്കുവാന്‍ നല്ല കാര്യങ്ങള്‍ ചെയ്യുക എന്നു പറഞ്ഞു.

വാതിരാജന്‍ വരുന്ന വഴിയില്‍ ഒരു തോട്ടത്തില്‍ പിഞ്ചുവെള്ളരിക്ക (കക്കരിക്ക) നിറയെ ഉള്ളതായിക്കണ്ട് ശിഷ്യനോട് തോട്ടത്തിന്റെ സ്വന്തക്കാരെ സന്ദര്‍ശിച്ച് ഭഗവാന്റെ നൈവേദ്യത്തിന് കുറെ പിഞ്ചുവെള്ളരിക്ക (കക്കരിക്ക)വിലകൊടുത്തു കൊണ്ടു വരുവാന്‍ ആജ്ഞാപിച്ചു. നദിക്കരയില്‍ തന്നെ പൂജക്കുവേണ്ട സന്നാഹങ്ങള്‍ തുടങ്ങി. ആ സമയം മേല്പറഞ്ഞ ധനിക സ്ത്രീവന്ന് വാതിരാജസ്വാമികളെ കണ്ട് കക്കരീക്ക വേണ്ടത്ര ഞാന്‍ തരുന്നുണ്ട് അതിന്റെ വില എനിക്കുവേണ്ട. പക്ഷേ എന്റെ വംശം വിളങ്ങുവാന്‍ ഒരു സന്താനം ഉണ്ടാവാന്‍ അങ്ങ് അനുഗ്രഹിിച്ചാലും എന്ന് പറഞ്ഞ് കാല്‍ക്കല്‍ വീണു പ്രാര്‍ത്ഥിച്ചു. ഇതുകേട്ട സ്വാമികള്‍ ഒട്ടും ആലോചിക്കാതെ ‘ത്വം പുത്രവതീഭവ’ എന്ന് ആശീര്‍വദിച്ചു.

ആ സ്ത്രീക്ക് ഒരു അഴകുള്ള പുത്രന്‍ ജനിച്ചു. ആ സ്ത്രീയും ആ പുത്രനെ തുക്കാറാമിനെ കൊണ്ടുപോയി കാണിച്ചും അന്ന് രാത്രി തുക്കാറാം വിഠലനെക്കണ്ട് ഈ വിവരത്തെപ്പറ്റി ചോദിച്ചപ്പോള്‍ വിഠലന്‍ ‘എനിക്കു ഒരേ തലവേദന. എന്നെ ഉപദ്രവിക്കാതെ’ എന്നു പറഞ്ഞു. ഉടനെ തുക്കാറാം എല്ലാം മറന്ന് വിഠലന് വേണ്ട ശുശ്രൂഷകള്‍ ചെയ്ത ‘ഒരു ഭക്തന്റെ രണ്ടുതുള്ളി രക്തം കൊണ്ടുവന്നു തേച്ചാല്‍ വിഠലന്‍ പറഞ്ഞു. ഭക്തനെത്തേടി പുറപ്പെട്ടു തുക്കാറാം ജ്ഞാനിയായ വാതിരാജരെ കണ്ട് വിവരം അറിയിച്ചു. ഭഗവാന്റെ അഭീഷ്ടത്തെ അറിഞ്ഞ വാതിരാജന്‍ തന്റെ തുടകീറി രക്തം നല്കി. ഭഗവാന്‍ തന്റെ ലീലാവിനോദങ്ങളെ ഉണര്‍ത്തി ഭക്താ ഞാന്‍ എന്റെ ഭക്തന്മാരെ ഒരിക്കലും കൈവിടുന്നവനല്ല. നീ ആ സ്ത്രീക്ക് പുത്രനുവേണ്ടി വരം നല്കിയിരിക്കാം. പ്രഹ്ലാദന് വേണ്ടി തൂണിനെ പിളര്‍ന്നു പുറത്തേയ്ക്കുവന്നു. അതുപോലെ വാദിരാജന്റെ വാക്കും ഫലിക്കുവാന്‍ ഞാന്‍ ഇടയാക്കി എന്നു പറഞ്ഞു.

ചെറുപയര്‍, മുന്തിരി, കൊപ്ര, ഏലയ്ക്ക്, നെയ്യ്, ശര്‍ക്കര, പഴം എന്നീ പദാര്‍ത്ഥങ്ങള്‍ നൈവേദ്യം പൂജസമയത്ത് ചെയ്യുമ്പോള്‍ ഈ മേല്പറഞ്ഞ നൈവദ്യം സ്വര്‍ണത്തട്ടില്‍വെച്ച് തലയ്ക്കുമേല്‍ വഹിച്ച് കണ്ണുമൂടിനില്‍ക്കും. ഭഗവാന്‍ വെള്ളക്കുതിര രൂപത്തില്‍ മൂലവിഗ്രഹത്തില്‍ നിന്ന് പുറത്തുവന്ന് ആര്‍ക്കും കാണാത്തവിധം തന്റെ മുന്‍കാലുകളെ വാതിരാജരുടെ തോളിന്‍മേല്‍ വെച്ച് നൈവേദ്യം സ്വീകരിച്ച് ഭക്തനും കുറെ ബാക്കി വെയ്ക്കാറുണ്ടായിരുന്നു. തീര്‍ത്ഥയാത്രാസമയം 16-ാം വയസ്സില്‍ വിജയനഗരത്തില്‍ വന്ന രാജാവ് എല്ലാമര്യാദയോടും സ്വാമികളെ വരവേറ്റു. രാജസഭയില്‍ പല വിദ്വാന്‍മാരോടും തര്‍ക്കം, മീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഭാഗങ്ങളില്‍ വാദപ്രതിവാദം ചെയ്തു. വിജയശ്രീലാളിതനായി രാജാവ് സന്തുഷ്ടനായി. ‘പ്രസംഗാഭരണതീര്‍ഥര്‍’ എന്ന വിരുതു നല്കി.

പിന്നീട് പൂനയില്‍ വന്നു അവിടെ വിദ്വാന്മാര്‍  തങ്ങള്‍ വിശിഷ്ടമായി കരുതുന്ന ഗ്രന്ഥം ആനപ്പുറത്തുകയറ്റി ബഹുമാനിക്കുന്ന സമ്പ്രദായമുണ്ടായിരുന്നു. വാദിരാജര്‍ ചെന്ന സമയം മാഘകവിയുടെ രചനയായ ‘ശിശുപാലവധം’ എന്ന ഗ്രന്ഥം ഗൗരവിക്കുവാന്‍ ഉദ്ദേശിച്ചിരുന്നു. വാദിരാജരെപ്പറ്റി അറിഞ്ഞ വിദ്വാന്മാരെ ഒരു കാവ്യം 19 നാളില്‍ 19 സര്‍ഗത്തില്‍ എഴുതി. ഭാഗവതത്തില്‍ വിവരിച്ച രുഗ്മിണിസ്വയംവരത്തെ ബഹുമാനിച്ചു. ‘വധ’ ‘വിജയ’മാക്കിയ വാദിരാജരുടെ കാവ്യത്തെ കവികള്‍ ശ്ലാഘിച്ച് ആനപ്പുറത്തുവച്ച് ഊര്‍വലംവയ്ക്കുകയും ‘കവികലതിലകം’ എന്ന വിരുതും നല്കി ആദരിക്കുകയും ചെയ്തു.

പ്രയാഗയില്‍ ചെന്നപ്പോള്‍ വയസ്സനായ ഒരു സന്ന്യാസി വാദിരാജരെ കണ്ട ‘നിന്റെ മാതാവ് ഭഗവാന് ലക്ഷാഭരണ അലങ്കാരം ചെയ്യാന്‍ പ്രാര്‍ത്ഥിച്ചിട്ടുള്ള വിവരം നീ മറന്നുപോയോ അപ്രകാരമുള്ള ആഭരണം രാജാക്കന്മാര്‍ക്കുപോലും ചെയ്യാന്‍ സാദ്ധ്യമല്ല. ലക്ഷം ശ്ലോകങ്ങളുള്ള മഹാഭാരതത്തെ എളിയമുറയില്‍ ചുരുക്കമായി വ്യാഖ്യാനിച്ച് എഴുതി ബദരീനാഥന് സമര്‍പ്പിച്ചാല്‍ നിന്റെ മാതാവിന്റെ പ്രാര്‍ഥന നിറവേറും’ എന്നു പറഞ്ഞു പിന്നീട് മറഞ്ഞു പോയി.  തനിക്ക് ദര്‍ശനം നല്കിയ മഹാന്‍ ശ്രീ വേദവ്യാസനാണെന്ന് അറിഞ്ഞ് വാദിരാജര്‍ ബദരികാശ്രമത്തിന് പുറപ്പെട്ടു മഹാഭാരത്തെ ചുരുക്കി വ്യാഖ്യാനിച്ച് ‘ലക്ഷാലങ്കരടീക’ എന്ന ഗ്രന്ഥം എഴുതി ബദരീനാഥന് സമര്‍പ്പിച്ചു അവിടെ വേദവ്യാസന്‍, ആനന്ദതീര്‍ഥര്‍ എന്നിവരെ ദര്‍ശിച്ച് ആനന്ദതീര്‍ഥര്‍ നല്‍കിയ പാര്‍ഥസാരഥി വിഗ്രഹവുമായി മടങ്ങി.

മടങ്ങുമ്പോള്‍ ഹബിയിന്‍ കൃഷ്ണവേരായര്‍ വാദിരാജര്‍ക്കു ഒരു മഹത്തായ വരവേല്പു നല്‍കി. രാജാവിന്റെ ക്ഷേമവിവരം അന്വേഷിച്ചപ്പോള്‍ നാടുക്ഷാമത്താല്‍ കഷ്ടപ്പെടുന്ന വിവരം രാജാവ് അറിയിച്ചു. ഉടനെവാദിരാജര്‍ രാജാവിനെ കാട്ടിലേക്കു കുട്ടിക്കൊണ്ടുപോയി. ഒരു പാറപ്പുറത്തു കമണ്ഡലുവില്‍ നിന്ന് ജലം തളിച്ചപ്പോള്‍ പാറയില്‍ ഒരു നിധി നിക്ഷേപിക്കപ്പെട്ടിരുന്നതായി അറിഞ്ഞു. പാറ മാറ്റിയപ്പോള്‍ നവരത്‌നങ്ങളും മറ്റു വിലപിടിച്ച സാമഗ്രികളും കണ്ടു. കൂടെ ബാലിസുഗ്രീവന്മാര്‍ പൂജിച്ച വിഠലന്റെയും ശ്രീരാമന്റെയും വിഗ്രഹം ഇരിക്കെ അവയെ മാത്രം താനെടുത്തു മറ്റുള്ളവയെ രാജാവിനു നല്‍കി സോതമഠം കെട്ടുവാന്‍ ഈ രാജാവ് സഹായിച്ചു.

ഉടുപ്പിക്കു സമീപം മുതുപിത്ര എന്ന സ്ഥലത്ത് വളരെ വലുതും ഗംഭീരവുമായ ഒരു ബുദ്ധവിഹാരം ഉണ്ട്. നവര്തനങ്ങളാല്‍ അലങ്കരിക്കപ്പെട്ട ഒമ്പതു ബുദ്ധവിഗ്രഹങ്ങള്‍ അവിടെ ഉണ്ട്. അവയെ ഒരുജൈനന്‍ തലവനായിരുന്നു രക്ഷിച്ചിരുന്നത്. വാദിരാജരെപ്പറ്റി കേട്ട ആ ജൈനന്‍ പലപ്രാവശ്യം വന്ന് ബുദ്ധവിഹാരം സന്ദര്‍ശിക്കുവാന്‍ പ്രാര്‍ത്ഥിച്ചു. ‘താന്‍ വന്നുകാണുമ്പോള്‍ ബുദ്ധവിഗ്രഹം ഹിന്ദുവിഗ്രഹമായി മാറിയാല്‍ എന്തു ചെയ്യും. എന്നു കേട്ടുപ്പോള്‍ ‘അപ്രകാരം നടക്കുന്നപക്ഷം ആ വിഗ്രഹം നിങ്ങള്‍ക്കു തന്നെ നല്‍കാം എന്നു ആ ജൈനന്‍ പറഞ്ഞു. ധ്യാനിച്ചവണ്ണം വാദിരാജന്‍ ബുദ്ധവിഹാരത്തെ ചുറ്റിവന്നപ്പോള്‍ ഒരു ബുദ്ധവിഗ്രഹം ശംഖുചക്രഗദാധാരിയായ ശ്രീനാരായണനായി മാറിയതു കണ്ടപ്പോള്‍ ആ വിഗ്രഹത്തെ വാദിരാജര്‍ക്ക് സമ്മാനമായി നല്‍കി. ആ വിഗ്രഹം ഇന്നും സോതെമഠത്തില്‍ പൂജയില്‍ ഉണ്ട്.

ഈ സമയം വാദീരാജര്‍ക്കു രണ്ടു ദുഃഖസംഭവങ്ങളുണ്ടായി. ശ്രീവാഗീതീര്‍ഥര്‍ സമാധിയായി. മാതാപിതാക്കളും സ്വര്‍ഗീയരായി. മരിക്കുന്ന സമയം വാദിരാജര്‍ അമ്മയെ ചെന്നു കണ്ടു. അമ്മ കണ്ണീരോടെ എട്ടു വയസ്സില്‍ സന്യാസിയായ നീ മുക്തിയെ തേടിപ്പിടിച്ചു. അപരോക്ഷജ്ഞാനിയായി മന്ത്രസിദ്ധിവന്ന ആചാര്യപുരുഷനായ നിനക്ക് മോക്ഷം തീര്‍ച്ചയാണ്. പക്ഷേ ഈ അക്ഷരാഭ്യാസംകൂടി ചെയ്യാത്ത അമ്മയ്ക്കു എന്തു കിട്ടാനാണ്? ലക്ഷാഭരണ പ്രാര്‍ത്ഥന നിറവേറ്റിയതുപോലുമില്ല എന്നു സങ്കടപ്പെട്ടു.

മാതാവിന്റെ ദുഃഖം കണ്ട് അമ്മേ! ഇത്ര നാളും ഞാന്‍ തീര്‍ത്ഥാടനവും മറ്റു ക്ഷേത്രാടനവും ചെയ്ത പണ്യം അമ്മയ്ക്കു തന്നെ സ്വന്തം. നീ ഇല്ലാതെ ഞാന്‍ എങ്ങനെ ഈ ജന്മമെടുത്തിരിക്കും. അമ്മയ്ക്കു മോക്ഷം തീര്‍ച്ചതന്നെ ദുഃഖിക്കരുത് എന്നു പറഞ്ഞു സമാധാനിപ്പിച്ചു. രണ്ടാമത്തെ മകന്‍ അമ്മയ്ക്കുവേണ്ട അപരക്രിയകള്‍ ചെയ്തു. വാദിരാജരുടെ അനുജന്‍ പിന്നീട് സന്യാസാശ്രമം സ്വീകരിച്ച് ജ്യേഷ്ഠനെ ഗുരുവായി വരിച്ച പണ്ടാര്‍കൊ മഠത്തിന്റെ അധിപതിയായി.

ആരണിപ്രദേശത്തെ ഭരിച്ച ഒരു രാജാവിന്റെ ഇഷ്ടാനുസാരം വാദിരാജര്‍ ഒരു യാഗത്തിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തു. വാദിരാജരുടെ അനുജന്‍ തന്നെ ഹോമം ചെയ്തു. യാഗം നടക്കുമ്പോള്‍ രാജാവ് വാദിരാജര്‍ക്ക് ഒരു മുത്തുമാല സമ്മാനിച്ചു. ഒട്ടും ആലോചിക്കാതെ വാദിരാജര്‍ ആ മാലയെ ഹോമകണ്ഡത്തില്‍ ഇട്ടു. അതു കണ്ട രാജാവ് ദുഃഖിച്ചു. ഇപ്രകാരം ഹോമത്തീയില്‍ ഇട്ടതിനാല്‍ വ്യാകുലസ്ഥനായ രാജാവിനെ അത്ഭുതപ്പെടുത്തുവാന്‍ അവസാനത്തെ ദിവസം അഗ്നിഭഗവാനെ പ്രാര്‍ത്ഥിച്ചപ്പോള്‍ അതേ മുത്തുമാല രാജാവിന്റെ മടിയില്‍ വന്നുവീണു. രാജാവ് ആ മാലയെ വാദിരാജര്‍ക്കു തന്നെ നല്‍കി. വാദിരാജരും ആ മാലയെ പൂര്‍ണ്ണാഹുതിയില്‍ അഗ്നിഭഗവാനു തന്നെ നല്‍കി.

തീര്‍ത്ഥയാത്ര കഴിഞ്ഞു മടങ്ങിയ ഉടന്‍ ഉടുപ്പിയില്‍ മാദ്ധ്വാചാര്യരുടെ നിര്‍ദേശപ്രകാരം മഠങ്ങളുടെ നിര്‍വാഹത്തില്‍ ചില മാറ്റങ്ങള്‍ വരുത്തി. രണ്ടു മാസത്തിലൊരിക്കല്‍ നടന്നിരുന്ന ‘പര്യായ’ മെന്ന സമ്പ്രദായത്തില്‍ മഠത്തലവര്‍ മറ്റും രണ്ടു വര്‍ഷത്തേക്കൊരിലാക്കി. പിന്നെയും ഒരു പ്രാവശ്യം ബദരികാശ്രമത്തില്‍പോയി അപ്പോള്‍ അദ്ദേഹത്തിന് 60 വയസ്സ് പ്രായമായിരുന്നു. മടങ്ങുമ്പോള്‍ ഭീമസേനകുണ്ഡത്തില്‍ നിന്ന് ഭീമസേനന്‍ പൂജിച്ച നരസിംഹവിഗ്രഹത്തെയും ഗണ്ഡകനദിയില്‍ നിന്ന് 12 ലക്ഷ്മീനാരായണ സാളഗ്രാമങ്ങളും കൊണ്ടുവന്നു.

നാരായണ പണ്ടിതാചാര്യര്‍ ഇദ്ദേഹത്തിന്റെ തീര്‍ത്ഥയാത്രയെപ്പറ്റി എഴുതിവന്നിരുന്നു. അവയെ വാദിരാജരുടെ അടുക്കല്‍ കൊടുത്ത് അനുഗ്രഹിക്കുവാന്‍ പ്രാര്‍ത്ഥിച്ചു. അവയെ വാങ്ങി പഠിച്ച് വാദിരാജര്‍ ഓരോരോ ഗ്രന്ഥവും യമുനാനദിയില്‍ ഇട്ട് ഏതു ഗ്രന്ഥം പഠിക്കുവാന്‍ പറ്റിയതോ അതുമാത്രം പാറിവുരം എന്നും പറഞ്ഞു. പാറിവന്ന ഗ്രന്ഥം കൊടുത്ത് അനുഗ്രഹിച്ചു ആ ഗ്രന്ഥം ‘വാദിരാജകവചം’ എന്ന ഒരു ഗ്രന്ഥമായിരുന്നു. ഇന്നും ഈ ഗ്രന്ഥത്തെ വായിച്ച് മനശ്ശാന്തി പ്രാപിക്കുന്ന പലരും ഉണ്ട്.

‘ധര്‍മ്മസ്ഥല’ എന്ന സ്ഥലത്ത് വാദിരാജര്‍ മഞ്ചുനാഥനെ പ്രതിഷ്ഠിച്ചു അത് ഒരു ശൈവസ്ഥലമാകുന്നു പൂജയ്ക്കു വൈഷ്ണവന്മാരെ നിയോഗിച്ചു. അതിന്റെ അധിപതി ഒരു ജൈനനുമാണ്. അരശപ്പനായകര്‍ രാജ്യംപോയ ഒരു രാജാവായിരുന്നു. അദ്ദേഹത്തിന് രാജ്യം വീണ്ടും ലഭിക്കുവാന്‍ വാദിരാജര്‍ സഹായിച്ചു. ആ രാജാവ് സോതേമഠം സ്ഥാപിക്കുവാന്‍ സഹായിച്ചു.
ശ്രീ വാദിരാജര്‍ 60 ഗ്രന്ഥങ്ങള്‍ക്കു മേല്‍ എഴുതിയിട്ടുണ്ട്.’യുക്തിമല്ലികാ’ എന്ന ഗ്രന്ഥം മാധ്വസിദ്ധാന്തത്തെ വിവരിക്കുന്നു. ഏറ്റവും വലിയ ഗ്രന്ഥത്തില്‍ ബ്രഹ്മസൂത്രം, ഉപനിഷത്തുക്കള്‍, ഗീത, ഭാഗവതം, പുരാണം എന്നിവയെ ശ്രീമാധ്വസിദ്ധാന്തരീതിയില്‍ വ്യാഖ്യാനിക്കുന്നു. ‘ന്യായരത്‌നാവലി, ‘രുഗ്മിണീവിജയം, ‘തീര്‍ഥപ്രബന്ധം, ‘ദശാവതാരസ്‌തോത്രം’ എന്നിവ മുഖ്യഗ്രന്ഥങ്ങളാണ്.

ശ്രീ രാഘവേന്ദ്രരുടെ ഗുരുക്കന്മാരായ ശ്രീ വിജയേന്ദ്രര്‍, പുരുന്ദദാസന്‍, കനകദാസന്‍, വിജയദാസര്‍ മുതലായവര്‍ ഇദ്ദേഹത്തിന്റെ സമകാലികന്മാരായിരുന്നു. സോതേമഠത്തിന്റെ അഞ്ചാമത്തെ തലവന്റെ പദവിക്കുശേഷം താന്‍വന്ന അവതാരജോലി അവസാനിച്ചു എന്നു തീരുമാനിച്ച ഭഗവാനോടു ഐക്യമാവാന്‍ തയ്യാറെടുത്തു.

വാദിരാജരുടെ ഇഷ്ടാനുസാരം അരശപ്പന്‍നായകര്‍ സോദേമഠത്തില്‍ ഒരു വൃന്ദാവനം പണിയിച്ചു. യോഗാസനത്തില്‍ ഇരുന്ന നിലയില്‍ വൃന്ദാവനത്തില്‍ ആസനമുറപ്പിച്ചു. മീനമാസം, തൃതീയതിഥി, ബുധനാഴ്ച, സ്വാതിനക്ഷത്രനാളില്‍ (എ.ഡി. 1600) വാദിരാജര്‍ വൃന്ദാവനത്തില്‍ ആസനസ്ഥനായി. അദ്ദേഹത്തിന്റെ കൈയിലെ തുളസിമാല വീണയുടന്‍ ശിഷ്യന്മാര്‍ ഗുരുനിര്‍ദേശാനുസാരം വൃന്ദാവനത്തിന്റെ ദ്വാരമടച്ചു.

സിദ്ധിയായി മുപ്പതുവര്‍ഷങ്ങള്‍ക്കുശേഷം വാദിരാജസ്വാമികള്‍ തന്റെ അടുക്കല്‍ ജോലിചെയ്തു ബ്രാഹ്മണന് സ്വപ്നത്തില്‍ വന്ന് ചില ശ്ലോകങ്ങള്‍ പറഞ്ഞു കൊടുത്തു ഇപ്രകാരം 10 വര്‍ഷം പറഞ്ഞുവന്ന ശ്ലോകങ്ങളെ അദ്ദേഹം ഒരു പുസ്തകമാക്കി ‘സ്വപ്നവൃന്ദാവനാഖ്യാനം’ എന്ന ഈ ഗ്രന്ഥം വളരെ പ്രചാരത്തിലുണ്ട്. ഈ ഗ്രന്ഥത്തില്‍ നിന്ന് വാദിരാജര്‍ ബ്രഹ്മാംശമുള്ള ഒരാളെന്നെന്നു മനസ്സിലാക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം