ഭാരത് ബന്ദ്: ജനജീവിതം സ്തംഭിച്ചു

September 20, 2012 പ്രധാന വാര്‍ത്തകള്‍

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ധനവിനും സബ്സിഡി നിരക്കിലുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കിയ നടപടിക്കുമെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദ് ജനജീവിതം സ്തംഭിച്ചു. യുപിഎ സര്‍ക്കാരിന്റെ പുതിയ സാമ്പത്തിക നയങ്ങള്‍ക്കെതിരെയും ഇന്ധന വില വര്‍ധനവിനെതിരെയും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ അലഹബാദ് റെയില്‍വേ സ്റേഷനില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ റെയില്‍ ഗതാഗതം തടസപ്പെടുത്തി. പാറ്റ്നയില്‍ ബിജെപി യുവ മോര്‍ച്ച പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു. അതേസമയം, വലിയ അക്രമ സംഭവങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

രാജ്യവ്യാപകമായി വന്‍ പ്രതിഷേധവും പിക്കറ്റിംഗും നടത്താനാണ് എന്‍ഡിഎയുടെ തീരുമാനം. രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഭാരതബന്ദ്. ഡീസല്‍ വിലവര്‍ധന, ചില്ലറവ്യാപാര മേഖലയിലെ വിദേശനിക്ഷേപം തുടങ്ങിയ തീരുമാനങ്ങള്‍ യുപിഎ സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് വിവിധ കക്ഷികള്‍ ഭാരത ബന്ദിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ജെഡിയു, ടിഡിപി, ബിജെഡി, സിപിഎം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നാണു വ്യാഴാഴ്ച രാജ്യവ്യാപക ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യുപിഎ സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്ന സമാജ്വാദി പാര്‍ട്ടിയും ദേശീയ ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍