തുഞ്ചത്ത് എഴുത്തച്ഛന്‍

September 22, 2012 സനാതനം

ഡോ. വി.എസ്. ശര്‍മ്മ

ജീവിതാവസാനംവരെ നിലനില്‍ക്കുന്ന ചില മോഹങ്ങള്‍ മനുഷ്യമനസ്സില്‍ അഹങ്കരിക്കാറുണ്ട്. ചിലത് ചെറിയവ, പ്രാപ്യങ്ങളായവ, മറ്റു ചിലത് ദുഷ്പ്രാപ്യങ്ങള്‍, എങ്കിലും സാധിച്ചേക്കാവുന്നവ ഇനി ചിലത് തികച്ചും അസാധ്യങ്ങള്‍. സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോഴാണ് മലയാളഭാഷയുടെ പിതാവ് എന്ന് എഴുച്ചത്തച്ഛനെ വിശേഷിപ്പിച്ചു കേട്ടത്. അദ്ദേഹത്തെപ്പറ്റി പലതും അദ്ധ്യാപകന്‍ പറഞ്ഞറിഞ്ഞു. പിന്നെ സാഹിത്യ പഠനത്തിന്റെ ഓരോ പടവുകളില്‍ വച്ചും കൂടുതല്‍ കേട്ടു എങ്കിലും ഇന്നും ഒട്ടൊക്കെ അജ്ഞാതന്‍ തന്നെയാണദ്ദേഹം, മൂന്നു വ്യാഴവട്ടം കഴിഞ്ഞാണ് മുമ്പു കേട്ടതിലൊന്നെങ്കിലും തേടിപ്പുറപ്പെടാന്‍ സാധിച്ചത്. അങ്ങനെ ഞാന്‍ ഈയിടെയൊരു ദിവസം വിഖ്യാതമായ ചിറ്റൂര്‍ ഗുരുമഠത്തില്‍ എത്തിച്ചേര്‍ന്നു.

രാമാനന്ദാഗ്രഹാരെ പ്രഥമമിഹശിവം
സാംബമൂര്‍ത്തീം സവര്‍ഗം
സാക്ഷാദ്വിഷ്ണുഞ്ചരാമം
ദ്വിജകുലനിപുണൈഃ
(സ്ഥാപയാമാസ) സൂര്യഃ
(ദ) ധ്‌നാ (പ്യ) ന്നം സസര്‍പ്പി-
സ്യധന ഗൃഹഗണം
ഭൂസരേഭ്യോ ദദൗ (സോ)
നാകസ്യാനൂനസൗഖ്യം ധ്രുവമിതിമനന-
സ്യാപസ്പദം ഭൂരിദാനം

ചിറ്റൂര്‍ ഗുരുമഠ പ്രതിഷ്ഠയെ സൂചിപ്പിച്ചുകൊണ്ടുള്ള നാലുശ്ലോകങ്ങളില്‍ ഒന്നാണിത്. ബ്രാക്കറ്റില്‍ ചേര്‍ത്ത അക്ഷരങ്ങള്‍ മൗലികങ്ങളല്ല. പില്‍ക്കാലത്താരോ ചേര്‍ത്ത പ്രക്ഷിപ്തങ്ങളാണീ ഈ ശ്ലോകത്തിലെ ‘നാസകസ്യാനൂന സൗഖ്യം’ എന്നത് കലിദിന സൂചനയാണെന്നും അതനുസരിച്ച് കൊല്ലവര്‍ഷം 725 തുലാം 11-ാം തീയതിയാണ് ഗ്രാമദാനം നടന്നതെന്നും ശ്ലോകത്തെ ആസ്പദമാക്കി അഭ്യൂഹിക്കപ്പെടുന്നു.

ഏത് ഗ്രാമദാനം? ആര്‍ക്ക് ആര് നല്‍കിയത്?

പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ പ്രദേശം മുമ്പ് കൊച്ചി രാജ്യത്തില്‍പ്പെട്ടതായിരുന്നു. ഭാരതപ്പുഴയുടെ പോഷകനദിയായ ശോകാനാശിനിയുടെ തീരത്താണ് ചിറ്റൂര്‍. കിഴക്കു ചിറ്റൂര്‍ പ്രദേശത്ത് ഇന്ന് അനിക്കോട് എന്നറിയപ്പെടുന്ന സ്ഥലം കിഴക്ക് പുളിങ്കോല്‍ത്തോട് മുതല്‍ പടിഞ്ഞാറ് പട്ടഞ്ചീരിപ്പാതവരെയും തെക്കു പുഴയുടെ വടക്കേക്കര തൊട്ട് വടക്ക് കൊല്ലംകോടുപാടം വരെയുള്ള സ്ഥലം മലയാള സാഹിത്യവുമായി ബന്ധപ്പെട്ടതാണെന്നിപ്പോഴാരാണറിയുന്നത്.

വേദാന്തപഠനത്തിന് വിധിക്കപ്പെടാത്ത ഒരു സമുദായത്തിലാണെത്ര തുഞ്ചത്തെഴുത്തച്ഛന്‍ ജനിച്ചത്. ഒരു ഗുരുവിനെ കണ്ടെത്തി ജ്ഞാനാര്‍ജനം നടത്തുന്നതിന് അദ്ദേഹം തമിഴ്‌നാട്ടിലേക്കുപോയി ‘മഹാത്മാവായ ഒരു ഗുരവില്‍ നിന്ന് സന്യാസം സ്വീകരിച്ച് സ്വാമിയാരായി കേരളത്തില്‍ മടങ്ങിവന്നു. രാമന്‍ എന്ന തന്റെ പേരില്‍ ആനന്ദനാമം ചേര്‍ത്തു രാമാനന്ദന്‍ എന്ന സന്യാസപ്പേരാടുകൂടിയാണ് മടങ്ങിവന്നത്. എന്ന് ശ്രീ.കെ.പി.നാരായണപിഷാരടി രേഖപ്പെടുത്തുന്നു. ‘എന്റെ കൈവശമുള്ള മഹാഭാരതം കിളിപ്പാട്ടിന്റെ ഒരു താളിയോലഗ്രന്ഥത്തില്‍ തുഞ്ചത്ത് സ്വാമിയാര്‍ എന്ന് എഴുതികാണുന്നുണ്ട്’ എന്നും അദ്ദേഹം പറയുന്നു.

1045 മിഥുനം 24-ാം നു രോഹിണി നക്ഷത്രവും ത്രയോദശിക്കരണവും ഞായറാഴ്ചയുംകൂടി യോഗമായ ദിവസം കര്‍ക്കിടകം രാശിനേരത്ത് എഴുതിത്തീര്‍ന്ന പ്രസ്തുത താളിയോല ഗ്രന്ഥത്തില്‍ ‘ഇതിശ്രീ മഹാഭാരതം ശാന്തിപര്‍വ്വം കഥാസാരം സംക്ഷേപം കേരളഭാഷാഗാനവിശേഷം തുഞ്ചത്ത് സ്വാമിയാര്‍ ഉണ്ടാക്കിയ മുക്തിസാധനം’ എന്ന് രേഖപ്പെടുത്തിയിട്ടുള്ളതായി പിഷാരടി മാസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നു. (തുഞ്ചത്ത് ആചാര്യന്‍ പേജ് 89) 1041-ാമാണ്ടിടയ്ക്ക് ചിറ്റൂര്‍ ഗുരുമഠം സന്ദര്‍ശിച്ച് ഡോ. എ.സി.ബര്‍ണല്‍ 1011-ാംമാണ്ടടുപപിച്ച് ഗുരുമഠം അഗ്നിയിരയ്ക്കയായതായി സ്ഥലവാസികള്‍ തന്നെ ഗ്രഹിപ്പിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ശോകനാശിനി തീരപ്രദേശത്തിന്റെ മനോഹാരിതയില്‍ ആകൃഷ്ഠനായ എഴുത്തച്ഛന്‍ അവിടം വാസസ്ഥാനമാക്കാന്‍ നിശ്ചയിച്ചു. ശിഷ്യനായിരുന്ന സൂര്യനാരായണന്‍ എഴുത്തച്ഛന്‍ ചമ്പത്തില്‍ മന്നാടിയാരോട് നാലായിരം പണത്തിന് പ്രസ്തുത പ്രദേശം തീറുവാങ്ങി. നദീതീരത്ത് ഒരു ശ്രീരാമക്ഷേത്രവും ശിവക്ഷേത്രവും പണികഴിപ്പിച്ചു. ക്ഷേത്രങ്ങളുടെ ഇരുവശത്തുമായി രണ്ടുവരിയില്‍ അഗ്രഹാരം നിര്‍മ്മിച്ചു. പന്ത്രണ്ടുഗ്രഹങ്ങളാണുണ്ടാക്കിയത്. തനിക്കുവേദാന്തത്തില്‍ ശിക്ഷണം നല്‍കിയ തമിഴ് ബ്രാഹ്മണസമുദായത്തോട് കൃതജ്ഞത സൂചിപ്പിക്കാനാവാം  ഗ്രഹങ്ങളില്‍ തമിഴ് ബ്രാഹ്മണരെ കുടിയിരുത്തിയത്. അഗ്രഹാരനിര്‍മ്മിതി പൂര്‍ത്തിയാകുംവരെ എഴുപത്ത് ഗോപാലമേനോന്റെ അതിഥികളായിട്ടാണ് എഴുത്തച്ഛനും ശിഷ്യനും താമസിച്ചത്.

ഗോപാലമേനോന്‍ പിന്നീട് എഴുത്തച്ഛന്റെ ശിഷ്യത്വം പഠിച്ച് കോപ്പസ്വാമികള്‍ ആയത്രെ. അഗ്രഹാരത്തോടുചേര്‍ന്ന് പതിമൂന്നാമതായി തെക്കേ വരിയില്‍ കിഴക്ക് ഒരു മഠം കൂടി പണിയിച്ചു. ഇതിനെല്ലാം വേണ്ട പണം കോഴിക്കോട്ട് സാമൂതിരിപ്പാടിന്റെ പക്കല്‍ നിര്‍ത്തിയിരുന്നുവെന്നും, സൂര്യനാരായണന്‍ എഴുത്തച്ഛന്‍ പോയി വാങ്ങിക്കൊണ്ടുവരികയായിരുന്നുവെന്നും ഉള്ളൂര്‍ രേഖപ്പെടുത്തുന്നു. അഗ്രഹാരം രാമാനന്ദ നാമത്താല്‍ അറിയപ്പെട്ടു. രാമാനന്ദഗ്രഹാരം അഥവാ ചിറ്റൂര്‍ ഗുരുമഠം എന്ന് പ്രഖ്യാതിയാര്‍ജ്ജിച്ച ഗൃഹമാണ് ഇപ്പോള്‍ നാമമാത്രസ്മരണകളുമായി നിലനില്‍ക്കുന്നത്.

‘നാകസ്യാനൂനസൗഖ്യം’ ഗ്രാമം തമിഴ് ബ്രാഹ്മണര്‍ക്കായി ദാനം ചെയ്തതിനെ സൂചിപ്പിക്കുന്ന കാലനിര്‍ദ്ദേശകമായ കലിദിനവാക്യമായി കരുതപ്പെടുന്നു. ചമ്പത്തില്‍ മന്നാടിയാര്‍ എഴുപത്ത് ഗോപാലമേനോന്‍ എന്നിവരുടെ വീടുകളിലും വടശ്ശേരി വീട്ടിലും ആയിരം പണം വീതം പലിശയ്ക്കു ഏല്പിക്കുകുയം പലിശകൊണ്ട് തൊണ്ണൂറു പറനെല്ലുവീതം പ്രതിഷ്ഠിത ക്ഷേത്രങ്ങളില്‍ പൂജാദികള്‍ക്കു കൊടുക്കാന്‍ ഏര്‍പ്പാടു ചെയ്യുകയുമുണ്ടായി.

തുഞ്ചത്തെഴുത്തച്ഛന്‍റെ ജന്മസ്ഥലം

ഗുരുമഠത്തിന്റെ നേരേ എതിര്‍വശത്തു താമസിക്കുന്ന തൊണ്ണൂറ്റിരണ്ടുകാരനായ ശ്രീ.ശങ്കരനാരായണയ്യര്‍ നല്‍കുന്ന വിവരം ഇങ്ങനെ സംഗ്രഹിക്കാം. ഈ ഗ്രാമപ്രദേശത്തിന് ചമ്പത്തെ ജന്മാവകാശമാണുണ്ടായിരുന്നത്. ‘നമ്പൂതിരികള്‍ പള്ളം എന്നു പറയാറുണ്ട്. അരികള്‍, ചെറിയ പുഴ, ചുറ്റം കാട്, എനിക്കിരിക്കാന്‍ സ്ഥലം വേണം എന്ന് അഭ്യര്‍ത്ഥിച്ചപ്പോള്‍ ചെമ്പു തകിടില്‍ അതിര്‍ത്തി രേഖപ്പെടുത്തി വസ്തു വിട്ടുകൊടുത്തു. പന്ത്രണ്ടു ഗൃഹങ്ങളും പന്ത്രണ്ടു കിണറുകളും നിര്‍മ്മിച്ചു. ശ്രീരാമന്‍, സീത, ലക്ഷമണന്‍, ഹനുമാന്‍ എന്നിവരുടെ പ്രതിഷഠയുള്ള ക്ഷേത്രവും പണിയിച്ചു. പെരുമാളിന്റെ വിഗ്രഹമുള്ളത് വാങ്ങാന്‍ കൊല്ലങ്കോട് രാജാക്കന്മാര്‍ ശ്രമിച്ചെങ്കിലും അത് കൊടുക്കയുണ്ടായില്ല. ക്ഷേത്രത്തിന്റെയും അഗ്രഹാരത്തിന്റെയും നിര്‍മ്മിതിക്ക് കൊച്ചി മഹാരാജാവ് പത്തു കണ്ടി മരവും ആയിരം ഉറുപ്പികയും നല്‍കി. ക്ഷേത്രത്തിലേയ്ക്ക് 2988 പറനെല്ല് വരവുണ്ടായിരുന്നു. പഴയ രേഖകളെല്ലാം നീലകണ്ഠയ്യര്‍ കാര്യം നോക്കുമ്പോള്‍ കൈമോശം വന്നു എന്നും, നശിപ്പിക്കപ്പെട്ടു എന്നും കേള്‍വിയുണ്ട്. അഗ്നനിബാധയുണ്ടായതായും വിശ്വസിക്കപ്പെടുന്നു. ഗ്രാമത്തിന്റെ ഭരണച്ചുമതല കൊച്ചി സര്‍ക്കാരിനായിരുന്നു. ബീമത്ത് കൊച്ചുമേനോന്റെ ചുമതലയിലാണത്രെ ഗുരുമഠത്തിന്റെ ജീര്‍ണ്ണോദ്ധാരണം 1068 ല്‍ നടന്നത്

എഴുത്തച്ചന്‍ അഗ്രഹാരത്തോടു ചേര്‍ന്ന മഠത്തില്‍ ശിഷ്യന്മാരോടും സ്വപുത്രിയോടുംകൂടി പാര്‍ത്തുവന്നു. ഈശ്വരഭജനം, ശക്തിപൂജ, ആദ്ധ്യാത്മിക ജ്ഞാനോപദേശം എന്നിവയില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹം ഗുരുമഠത്തില്‍ പാര്‍ക്കവേ ഏതെല്ലാം കൃതികള്‍ രചിച്ചു എന്ന് വ്യക്തമല്ല. കൊല്ലവര്‍ഷം 762-ലാണ് മേല്പത്തൂര്‍ ‘ആയുരാരോഗ്യസൗഖ്യം’ നാരായണീയരചനയില്‍ സാധിച്ചത്. 750 വരെ എഴുത്തച്ഛന്‍ ജീവിച്ചിരുന്നതായി ഉള്ളൂര്‍ പറഞ്ഞിട്ടുണ്ട്. ഒരു പന്ത്രണ്ടു കൊല്ലവുംകൂടി നീട്ടിയാല്‍ മേല്പത്തൂരിന് നാരാണീയനിര്‍മ്മാണത്തില്‍ പ്രേരണ നല്‍കിയത് തുഞ്ചത്ത് ആചാര്യനാണെന്നുള്ള ഐതിഹ്യവും അംഗീകരിക്കാന്‍ സാധിക്കും. എന്ന് ശ്രീ. പി.കെ. നാരായണപിഷാരടി പറയുന്നു.

പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ കൊല്ലവര്‍ഷം എട്ടാംശതകത്തില്‍ ഉത്രം നക്ഷത്രത്തില്‍ എഴുത്തച്ഛന്‍ സമാധിയടഞ്ഞതായി വിശ്വസിക്കപ്പെടുന്നു. വര്‍ഷംതോറും ധനുമാസത്തില്‍ ഉത്രംനാള്‍ ഗുരുപാദരുടെ ശ്രാദ്ധദിനമായി ഗുരുമഠത്തില്‍ ആചരിക്കപ്പെടുന്നു. യോഗീശ്വരപൂജയും അന്നദാനാദികളും നടന്നുവരുന്നു. മഠത്തില്‍ ഇപ്പോള്‍ ഒരു നഴ്‌സസറീസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടുവരെ (കൊല്ലവര്‍ഷം 1094 വരെ)യും ശ്രീരാമക്ഷേത്രത്തിലേയ്ക്കു നല്ല വരുമാനം (3000 പറനെല്ല്) ഉണ്ടായിരുന്നു. ചമ്പത്ത്, എഴുപത്ത്, വടശ്ശേരി എന്നീ ഗൃഹങ്ങളും കൊച്ചി സര്‍ക്കാരും വശം ആയിരം പണം വരെ നിക്ഷേപിക്കപ്പെട്ടിരുന്നതില്‍, എഴുപത്തുകാര്‍ തങ്ങളെ ഏല്‍പിച്ച പണം ദേവസ്വത്തിനു മടക്കിക്കൊടുത്തു. കൊച്ചിസര്‍ക്കാരില്‍ നിന്നു വാര്‍ഷികച്ചെലവിന് അല്പം ധനം ക്ഷേത്രത്തിനു നല്‍കുമായിരുന്നു. മറ്റു ഗൃഹങ്ങളില്‍ നിന്നുള്ള വരുമാനം ഇല്ലാതെയായി, മീനമാസത്തില്‍ ശ്രീരാമനവമി സംബന്ധിച്ച് രഥോത്സവവും, നവരാത്രിയ്ക്ക് വിളക്കും നടത്താറുണ്ട്, ആദ്യ ദിവസം ‘എഴുത്തച്ഛന്‍ വിളക്ക്’ ആണ് അതു വരിപിരിച്ച് നടത്തി വരുന്നു. കഴിഞ്ഞ കണ്ടെത്തുവരെയും ഗുരുമഠത്തിന്റെ പട്ടയം എഴുത്തച്ഛന്റെ പേരിലായിരുന്നു എന്ന് ഉള്ളൂര്‍ രേഖപ്പെടുത്തുന്നു. ഇപ്പോള്‍ ഗുരുമഠം എന്‍.എസ്.എസ്സിന്റെ കൈവശവമാണ്.

സാമാന്യം വലിപ്പമുള്ള ഒരു ഗൃഹം ആണ് ഗുരുമഠം. പന്ത്രണ്ടു സെന്റു സ്ഥലമാണെന്നു തോന്നുന്ന ഗൃഹം നില്ക്കുന്ന വളപ്പ്. നല്ല ഉയരവും ദൃഢതയുമുള്ളതും നടുമുറ്റത്തോടു കൂടിയതുമായ ഗൃഹത്തില്‍ മുറികളും തളവും അടുക്കളയുമെല്ലാം ഉണ്ട്. വഴിയരികിലുള്ള ചെറിയ മുറിയാണ് പൂജാസ്ഥലം. എഴുത്തച്ഛന്‍ സമാധിയടഞ്ഞതവിടെയാണെന്നു അവിടെ സ്ഥാപിച്ചിട്ടുള്ള ശിലാഖണ്ഡം ഓര്‍മ്മിപ്പിക്കുന്നു. ഗുരുപാദരുടെ യോഗദണ്ഡ്, വെള്ളികെട്ടിയ പാദുകം, നാരായം, അദ്ദേഹം ആരാധിച്ചിരുന്ന പൂജാവിഗ്രഹം എന്നിവ ആ മുറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പത്തുപതിനേഴ് ഗ്രന്ഥങ്ങളും അവിടെയുണ്ട് ഇതെല്ലാം ഒരു കാവല്‍ക്കാരന്റെ ചുമതലയിലാണിപ്പോള്‍.

തുഞ്ചന്‍ സ്മാരകം

എഴുത്തച്ഛന്‍ സമാധിയടഞ്ഞത് ജന്മസ്ഥലമായ തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ വച്ചുതന്നെയാണെന്നും, അല്ല ചിറ്റീര്‍ ഗുരുമഠത്തില്‍ വച്ചായിരുന്നുവെന്നും പക്ഷാന്തരമുണ്ട്. സമാധിസ്ഥാനം ഏതെന്നതിന് ഗുരുമഠത്തില്‍ സ്ഥാപിച്ചിരിക്കുന്ന ശ്ലഷ്ണുശില തെളിവും നല്‍കുന്നുണ്ട്. ശോകനാശിനി നദിയുടെ നടുവിലുള്ള ഒരു പാറയ്ക്കു ‘എഴുത്തച്ഛന്റേതെന്നു വിശ്വസിക്കപ്പെടുന്ന ഗ്രന്ഥങ്ങള്‍, യോഗദണ്ഡ്, പാദുകം, എഴുത്താണി എന്നിവ പൂജാമുറിയില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും അര്‍ഹിക്കുന്ന ശ്രദ്ധ അവയ്ക്കു ലഭിക്കുന്നുണ്ടോ എന്നു സംശയമാണ്. മുറിയുടെ കവാടത്തിനു മുകളില്‍ എഴുത്തച്ഛന്റെ ഒരു സങ്കല്പ്പ ചിത്രവും വലുതായി വച്ചുവച്ചിട്ടുണ്ട്.

രണ്ടുമണിക്കൂറോളം ഗുരുമഠത്തില്‍ കഴിച്ചുകൂട്ടുകയും ശ്രീ. ടി.ആര്‍.വെങ്കിടേശ്വരയ്യര്‍ എന്ന വൃദ്ധ ബ്രാഹ്മണനില്‍നിന്നു പഴയ കഥകള്‍ പലതും കേള്‍ക്കുകയും ചെയ്തിട്ട് മടങ്ങിയപ്പോയ നമ്മുടെ രാഷ്ട്രപിതാവന്റെ സ്മരണയ്ക്ക് നാം എന്തു ചെയ്യുന്നു എന്ന ചിന്ത എന്നെ അലട്ടിക്കൊണണ്ടിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം