ശബരിമല: ആശുപത്രികളുടെ വികസനത്തിനു 14 കോടി രൂപയുടെ പദ്ധതി വരുന്നു

September 22, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: ശബരിമലയിലെ ആശുപത്രികളുടെ വികസനത്തിനു 14 കോടി രൂപയുടെ പദ്ധതി. കേന്ദ്ര സഹായത്തോടെയുള്ള പദ്ധതി നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്‍ വഴിയാണു നടപ്പാക്കുന്നത്. ലക്ഷക്കണക്കിനു തീര്‍ഥാടകര്‍ എത്തുന്ന ശബരിമലയില്‍ നിലവില്‍ ആശുപത്രികളില്‍ ആധുനിക സംവിധാനങ്ങളൊന്നുമില്ലാത്ത സാഹചര്യത്തില്‍ നിലയ്ക്കല്‍, പമ്പ, നീലിമല, അപ്പാച്ചിമേട്, സന്നിധാനം, കരിമല, പന്തളം, അടൂര്‍, പത്തനംതിട്ട, തുമ്പമണ്‍, ചിറ്റാര്‍, കോന്നി, എരുമേലി എന്നീ പതിമൂന്ന് സ്ഥലങ്ങളിലെ ആശുപത്രികളെയാണ് ആധുനികവത്കരിക്കുന്നത്. ആശുപത്രികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുമാണ് ആദ്യഘട്ടത്തില്‍ 14 കോടി രൂപ അനുവദിച്ചിട്ടുള്ളത്. ഒരു വര്‍ഷം കൊണ്ടു പദ്ധതി നടപ്പാക്കണമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം.

എന്നാല്‍, ശബരിമല സീസണ്‍ ഡിസംബറില്‍ തുടങ്ങുമെന്നിരിക്കെ ഒരു വര്‍ഷം കൊണ്ടു പദ്ധതി നടപ്പാക്കാന്‍ കഴിയുമോയെന്ന ആശങ്കയുണ്ട്. പദ്ധതിയുടെ വിശദമായ എസ്റിമേറ്റും തയാറായിട്ടുണ്ട്. ആശുപത്രി ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ അടുത്ത മാസം തുടങ്ങും. പദ്ധതി നിര്‍ദേശിച്ച സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കിയാല്‍ എരുമേലിയില്‍ രണ്ട് ആശുപത്രികള്‍ കൂടി നിര്‍മിക്കാന്‍ വരുന്ന സാമ്പത്തിക വര്‍ഷം തന്നെ പണം അനുവദിക്കും. ഇതിനായി പുതിയ പദ്ധതി സമര്‍പ്പിക്കാനും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിമലയിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതാദ്യമായി എന്‍ആര്‍എച്ച്എം വഴി പദ്ധതി നടപ്പാക്കാന്‍ സംസ്ഥാനത്തിനു പണം ലഭിക്കും. ഇതിനായുള്ള വിശദമായ പ്രോജക്ട് മാര്‍ച്ചിനു മുമ്പു സമര്‍പ്പിക്കാനും സര്‍ക്കാരിനോടു കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങള്‍ക്കു മാലിന്യസംസ്കരണ പ്ളാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ നേരിട്ടു പങ്കെടുക്കാമെന്ന വ്യവസ്ഥയും എന്‍ആര്‍എച്ച്എമ്മിനു ഗുണകരമാകും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം