എഎസ്ഐയുടെ ആത്മഹത്യ: ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു ശിപാര്‍ശ

September 23, 2012 കേരളം

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലെ എഎസ്ഐ ശ്രീകണ്ഠന്‍നായരുടെ ആത്മഹത്യക്ക് ഇടയാക്കിയ സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു ശിപാര്‍ശ. കേസില്‍ പോലീസിലെ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനു പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്നു സിറ്റി പോലീസ് കമ്മീഷണറുടെ ചുമതല വഹിക്കുന്ന ഡിസിപി, സംസ്ഥാന പോലീസ് മേധാവിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍, അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ലെന്നു സംസ്ഥാന പോലീസ് മേധാവി കെ.എസ്. ബാലസുബ്രഹ്മണ്യന്‍ പറഞ്ഞു.

കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചപ്പോള്‍ തെറ്റുണ്ടായതിനെത്തുടര്‍ന്നു ശ്രീകണ്ഠന്‍നായര്‍ക്കെതിരേ കേസെടുത്തിരുന്നു. മേലുദ്യോഗസ്ഥരുടെ നിര്‍ദേശാനുസരണമാണ് എഫ്ഐആറില്‍ തിരുത്തല്‍ വരുത്തിയതെന്നായിരുന്നു ശ്രീകണ്ഠന്‍നായരുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ഇതിനു നിര്‍ദേശിച്ച അന്നത്തെ എസ്ഐ ഇപ്പോള്‍ സിഐയാണ്. ഇതോടൊപ്പം കേസില്‍ നിന്നു രക്ഷിക്കാമെന്നു ഇപ്പോള്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വിശ്വസിപ്പിച്ചിരുന്നതായും കത്തില്‍ സൂചിപ്പിക്കുന്നു.

കേസില്‍നിന്ന് ഒഴിവാക്കാന്‍ എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനു കൈക്കൂലി നല്‍കിയതായും പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ലോക്കല്‍ പോലീസില്‍ നിന്നു മാറ്റി ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കണമെന്നാണു ഡിസിപിയുടെ റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്യുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം