മുക്തിതരും രാമേശ്വരം

September 23, 2012 ഉത്തിഷ്ഠത ജാഗ്രത

 

ലളിതാംബിക
അങ്ങുവടക്ക് ഒരുവന്റെ മാതാപിതാക്കള്‍ മരിച്ചുപോയി. ഇങ്ങു തെക്ക് ഒരു മലയാളി അതറിയുന്നു. മരിച്ചത് വടക്ക് ഏതോ ഒരുവന്റെ മാതാപിതാക്കളാണല്ലോ എന്ന് സമാധാനിക്കുന്നു. തെക്കന്റെ ആളുകളും ഒരുനാള്‍ മരിക്കും. അന്ന് തെക്കന്റെ ദുഃഖം വടക്കന് സാരമായി തോന്നുകയില്ല. എന്നാല്‍ മരണത്തിനും ജീവിച്ചിരിക്കുന്നവരില്‍ അത് ഇട്ടുപോകുന്ന ദുഃഖത്തിനും വടക്കു തെക്ക് വിത്യാസമില്ല. അല്ലെങ്കില്‍ രാമേശ്വരം വരെ ഒന്നു പോയി നോക്കൂ.

പിതൃക്കളുടെ ശാന്തിക്കുവേണ്ടി ഇന്ത്യയുടെ എല്ലാം ഭാഗത്തുനിന്നും മനുഷ്യര്‍ അവിടെ എത്തുന്നു. ദുഃഖത്തിനും ദേശം ഭാഷ, ജാതി എന്നിങ്ങനെ വ്യത്യാസങ്ങളില്ലല്ലോ, രാമേശ്വരം എല്ലാ ആര്‍ത്തരെയും ഒരുപോലെ സ്വീകരിക്കുന്നു. ആസേതുഹിമാചലത്തിലെ എല്ലാ ഹിന്ദുക്കളും ഇങ്ങ് തെക്ക് സേതുക്കരയില്‍ മരിച്ചുപോയ തങ്ങളുടെ ബന്ധുജനങ്ങള്‍ക്ക് പിണ്ഡംവയ്ക്കുന്നതില്‍ മാഹാത്മ്യം കാണുന്നു. അവരെല്ലാം പരലോകത്തിലേക്ക് പോയവരുടെ ആത്മശാന്തിയ്ക്കായി ഇവിടെനിന്ന് ഭജിക്കുന്നു. സന്തതിപിറക്കാത്തവര്‍ നാഗപ്രതിഷ്ഠയ്ക്കും നവഗ്രഹപൂജയ്ക്കും വേണ്ടി ഇവിടെയത്തി സായൂജ്യമടയുന്നു. രാമേശ്വരത്തിന് ഇതിഹാസവുമായി കെട്ടുപിണഞ്ഞ ഒരുവിശേഷമുണ്ട്.

സേതുബന്ധത്തിങ്കല്‍മജ്ജനവും ചെയ്തു
ഭൂതേശനാകിയ രാമേശ്വരനെയും
കണ്ടുവണങ്ങിപ്പുറപ്പെട്ടു ശുദ്ധനായ്
കണ്ഠതകൈവിട്ടു വാരാണസിപൂക്കു

ഗംഗയില്‍ സ്‌നാനവും ചെയ്തു ജിതശ്രമം
ഗംഗാസലിലവും കൊണ്ടു പോന്നാദരാല്‍
രാമേശ്വരനഭിഷേകവും ചെയ്തഥ
ശ്രീമല്‍ സമുദ്രേ കളഞ്ഞു തദ്ഭാരവും

മജ്ജനം ചെയ്യുന്ന മര്‍ത്ത്യനെന്നോടു
സായൂജ്യം വരുമതിനില്ലൊരു സംശയം
എന്നരുള്‍ ചെയ്തിതു രാമന്‍ തിരുവടി
നന്നായ് തൊഴുതു സേവിച്ചിതെല്ലാവരും (എഴുത്തച്ഛന്‍)

സീതയെ വേര്‍പെട്ട ദുഃഖവുമായി ശ്രീരാമചന്ദ്രന്‍ എത്തിയതും കാര്യസിദ്ധിക്കുള്ള ശ്രമമാരംഭിച്ചതും രാമേശ്വരത്തുനിന്നാണ്. വാനരസേനയുടെ സഹായത്തോടെ ധനുഷ്‌ക്കോടിക്കും ശ്രീലങ്കയ്ക്കും മദ്ധ്യേ അദ്ദേഹം സേതുബന്ധനം നടത്തി. ബംഗാള്‍ ഉള്‍ക്കടലും ഇന്ത്യന്‍ മഹാസമുദ്രവും കൂടിച്ചേരുന്ന ഭാഗമാണ് ധനുഷ്‌ക്കോടി. ഒരു ശംഖിന്റെ ആകൃതിയിലാണ് രാമേശ്വരമെന്ന ചെറുദ്വീപ്. കടല്‍ കടന്നാല്‍ എത്തുന്ന ശ്രീലങ്കയുടെ മുനമ്പാണ് തലൈമന്നാര്‍ എന്നറിയപ്പെടുന്ന സ്ഥലം.

ശ്രീരാമന്‍ വിഗ്രഹപ്രതിഷ്ഠ നടത്തി പൂജ കഴിച്ചുവെന്നത് രാമേശ്വരം ക്ഷേത്രത്തിന്റെ ദിവ്യത്വതതിന് മാറ്റു കൂട്ടുന്നു. സേതുബന്ധത്തിന് മുമ്പ് ശ്രീരാമന്‍ ‘ഉപ്പൂര്‍’ എന്ന സ്ഥലത്തേയ്ക്ക് യാത്രയായി, രാമനാഥപുരത്തുനിന്നും ഇരുപതു മൈല്‍ വടക്കുകിഴക്കുമാറിയാണ് ഈ സ്ഥലം. അവിടെയെത്തിയ രാമന്‍ ‘പെയ്യില്ലുഗന്ധവിനായകരെ’ പൂജിച്ചു. അടുത്തയാത്ര ദേവിപട്ടണത്തേയ്ക്കായിരുന്നു, അവിടെയെത്തിയ അദ്ദേഹം ധര്‍മ്മപത്‌നിയെ വീണ്ടുകിട്ടാനുള്ള തന്റെ ഉദ്യമത്തിന് ഫലപ്രാപ്തിയുണ്ടാകട്ടെ എന്നാഗ്രഹിച്ച് നവഗ്രഹപ്രതിഷ്ഠ നടത്തി പൂജിച്ചു. നവപാഷാണം എന്നും പേരുള്ള ഈ സ്ഥലത്ത് രാമചന്ദ്രന്‍ നടത്തിയ നവഗ്രഹപ്രതിഷ്ടകള്‍ ആരാധകനു ദര്‍ശിക്കാം. ഇവിടെനിന്ന് ദേവന്‍ ധനുഷ്‌ക്കോടിയിലേക്ക് പോയി. അവിടത്തെ രത്‌നാകാരത്തില്‍ സ്‌നാനം ചെയ്തു. രാമേശ്വരം സന്ദര്‍ശിക്കുന്നവര്‍ ഈ ചടങ്ങുകളെല്ലാം അനുഷ്ഠിച്ചശേഷം ചെയ്യുന്ന സ്‌നാനത്തെ മലവിമോചനസ്‌നാനം, എന്നു പറയുന്നു. തുടര്‍ന്ന ജലദേവതയെ മണലെടുത്ത് ആരാധിച്ചശേഷമാണ് സമുദ്രസ്‌നാനത്തിന് അനുമതി വാങ്ങുന്നത്. വിധിപ്രകാരം ഒരു മാസക്കാലം സേതുക്കരയില്‍ താമസിക്കേണ്ടതും മുപ്പത്തിയാറു പ്രാവശ്യം സേതുവില്‍ സ്‌നാനം ചെയ്യേണ്ടതുമാണ്. പിതൃതര്‍പ്പണം നടത്തേണ്ടതും ഇവിടെ വച്ചാകുന്നു, ഇവിടത്തെ സ്‌നാനം കഴിഞ്ഞാലുടന്‍ ആരാധകന്‍ രാമനാഥസ്വാമിയെ ദര്‍ശിക്കാന്‍ രാമേശ്വരത്തേയ്ക്ക് പോകുന്നു.

ക്ഷേത്രഐതിഹ്യം
രാമേശ്വരം ക്ഷേത്രത്തില്‍ രണ്ടു ബിംബങ്ങള്‍ കാണാം. അതിനു പിന്നാലെ ഐതിഹ്യം ഇതാണ്. വിഗ്രഹപ്രതിഷ്ഠയ്ക്ക് തയ്യാറെടുക്കും മുമ്പ് ശ്രീരാമന്‍ ഹനുമാനെ കാശിയിലേയ്ക്ക് പറഞ്ഞയച്ചു ബിംബം കൊണ്ടുവരാന്‍ സമയം വളരെ കഴിഞ്ഞിട്ടും ഹനുമാനെ കാണുന്നില്ല. ശ്രീരാമന്‍ ഒരു പിടി മണല്‍ വാരിയെടുത്ത് ഉടന്‍ ലിംഗമുണ്ടാക്കി പ്രതിഷ്ഠ നടത്തി പൂജയും കഴിച്ചു. അപ്പോഴായിരുന്നു ഹനുമാന്റെ വരവ്. ധൃതിപ്പെട്ടു വന്നതുകൊണ്ട് ഇനി ഫലമില്ലല്ലോ, പ്രതിഷ്ഠാകര്‍മ്മം കഴിഞ്ഞും പോയി. കുപിതനായ ഹനുമാന്‍ മണല്‍ കൊണ്ടുള്ള ലിംഗപ്രതിഷ്ഠയില്‍ തന്റെ വാല്‍ ചുറ്റി അതിനെ പറിച്ചെടുക്കാനുള്ള ശ്രമമായി. നന്നെ പരിശ്രമിച്ച അദ്ദേഹം ഒടുവില്‍ അവശനായെന്നല്ലാതെ ശ്രീരാമചന്ദ്രന്റെ പ്രതിഷ്ഠയുണ്ടോ ഇളക്കാന്‍ കഴിയുന്നു. ഇതുകണ്ട രാമന്‍ കരുണാമയനായി.

വാത്സല്യാതിരേകത്താല്‍ ഭക്തന്‍ കൊണ്ടുവന്ന ബിംബം വാങ്ങി ആദ്യത്തെ പ്രതിഷ്ഠയുടെ ഇടതുവശത്ത് പ്രതിഷ്ഠിച്ചു. ആദ്യം പൂജ നടത്തേണ്ടത് രണ്ടാമതു പ്രതിഷ്ഠിച്ച ബിംബത്തിനാകട്ടെ എന്നു തീരുമാനിക്കുകയും ചെയ്തു. മീനം, മിഥുനം, കര്‍ക്കിടകം എന്നീ മാസങ്ങളില്‍ പോയി നോക്കൂ. ആ മാസങ്ങളെത്രെ രാമേശ്വരത്തെ ഉത്സവകാലം.

ക്ഷേത്രവും പഴയകാല രാജാക്കന്മാരും
ദ്രാവിഡകലാശില്പത്തിന്റെ മുഴുപ്പും ഭംഗിയും ക്ഷേത്രത്തില്‍ പലേടത്തും ആരാധര്‍ക്കു ദര്‍ശിക്കാം. രണ്ടു പ്രധാന ക്ഷേത്രഗോപുരങ്ങളില്‍ ഒന്നിന്, അതായത് കിഴക്കേഗോപുരത്തിന് 126 അടിയോളം ഉയരമുണ്ട്. ആരാധകനെ ആകര്‍ഷിക്കുന്ന മറ്റൊരു കാഴ്ച 17 അടിവീതിയില്‍ ക്ഷേത്രത്തിനു ചുറ്റും കെട്ടിയിട്ടുള്ള പ്രദക്ഷിണമണ്ഡപമാണ്.

ശ്രീലങ്കയില്‍ നിന്നാണ് ശിലകള്‍ കൊണ്ടുവന്നതും ഗര്‍ഭഗൃഹം പണിയാന്‍ മിനുസപ്പെടുത്തിയതും. പാണ്ഡ്യരാജാവായ വരരാജശേഖരനാണ് ഇതു കെട്ടിച്ചത്. പരാക്രമ ബാഹു എന്ന മറ്റൊരു രാജാവ് രാമേശ്വരത്തെ നിരങ്കേശ്വര സ്വാമിക്ക് ഒരു ക്ഷേത്രം നിര്‍മ്മിച്ചു. ഇതില്‍ നിന്നാകാം രാമേശ്വരം ക്ഷേത്രത്തിന്റെ ഉത്ഭവമെന്ന് അനുമാനിക്കുന്നു. 1173 ലായിരുന്നു ഇതിന്റെ നിര്‍മ്മാണം, മേല്പറഞ്ഞ രണ്ടു രാജാക്കന്മാരുടം ശ്രീലങ്കക്കാരായിരുന്നു. പണ്ട് ഒരു ഓലപ്പുര മാത്രമായിരുന്ന ഈ ക്ഷേത്രം കാലക്രമേണയാല്‍ സേതുപതിവംശക്കാരാണ് പണി പൂര്‍ത്തിയാക്കിയത്. ഈ ഒരൊറ്റ ക്ഷേത്രം കൊണ്ട് മാത്രം രാമേശ്വരത്തിന്റെ പ്രത്യേകത അവസാനിക്കുന്നില്ല. സീതാകാണ്ഡം വില്ലുന്നിതീര്‍ത്ഥം, ഗന്ധമാദനപര്‍വ്വത ഏകാന്തരാമേശ്വരം, നമ്പിനായകി അമ്മന്‍കോവില്‍, ഭൈരവതീര്‍ത്ഥം, കോദണ്ഡരാമതീര്‍ത്ഥം എന്നീ പുണ്യസ്ഥാനങ്ങളെല്ലാം സന്ദര്‍ശിച്ചു കഴിഞ്ഞാലേ രാമേശ്വരത്തിന്റെ പ്രത്യേകത ആരാധകന്‍ നേരിട്ടറിയൂ.

സീതാദേവി തന്റെ മുന്‍ജന്മത്തില്‍ വേദവതിയായിരിക്കേ ദേഹത്യാഗം ചെയ്ത ദിവ്യസ്ഥാനമാണ് സീതാകാണ്ഡം എന്നറിയപ്പെടുന്നത്. രാമേശ്വരത്തെ തങ്കച്ചിമഠം റെയില്‍വേസ്റ്റേഷനു തൊട്ടടുത്തുള്ള ഒരു തോടാണിത്. വില്ലുന്നി തീര്‍ത്ഥം നാമത്താല്‍ അന്വര്‍ത്ഥമാണ് ശ്രീരാമദേവന്‍ വെള്ളമെടുത്ത സ്ഥാനമാണ് വില്ലുന്നിതീര്‍ത്ഥം, ദാഹജലം ദേവി ചോദിക്കവേ അദ്ദേഹം വില്ലുഭൂമിയില്‍ ഊന്നുകയും അവിടെ ഒരു തീര്‍ത്ഥം ഉത്ഭവിക്കുകയും ചെയ്തു. ഗന്ധമാദനപര്‍വ്വതത്തില്‍ ഒരു കൊട്ടാരവും കാണാം. ഇവിടെ പര്‍വ്വതാര്‍ത്തില്‍ കയറിപ്പോഴാണ് ഹനുമാന്‍ ആദ്യമായി ലങ്ക കണ്ടത്. ശ്രീരാമസേനകളെ മുഴുവന്‍ അണിനിരത്തിയതും ഇവിടെ വച്ചായരുന്നു. രാമേശ്വരത്തുനിന്നും മൂന്നുമൈല്‍ പടിഞ്ഞാറാ ഏകാന്തരാമേശ്വരം. ഇവിടത്തെ ക്ഷേത്രത്തില്‍ സീതാരാമലക്ഷ്ണനന്മാരെ ബിംബങ്ങള്‍ കാണാം.

സേതുബന്ധനം നടക്കവേ തിരമാലയുടെ കോലാഹലത്തില്‍ നിന്ന് അന്ന് ഏകാന്തത തേടി രാമദേവന്‍ ഇവിടെ താമസിക്കാനെത്തി. നമ്പിനായര്‍ അമ്മന്‍കോവില്‍ സന്ദര്‍ശിക്കുന്ന ആരാധകര്‍ രോഗശാന്തിക്കായി ഭജിക്കാറുണ്ടിവിടെ. രാമേശ്വരത്തു നിന്ന് രണ്ടു മൈല്‍ തെക്കു മാറിയാണ് ഈ ക്ഷേത്രം. അടുത്തത് ഭൈരവിതീര്‍ത്ഥവും അതു കഴിഞ്ഞാല്‍ കോദണ്ഡരാമക്ഷേത്രമാണ്. ഒരു മണല്‍ക്കുന്നിനുമേലെയാണ് കോദണ്ഡരാമക്ഷേത്രം. രാവണസേനാ നായകനായ വിഭീഷണന്‍ ശ്രീരാമനെ അഭയം പ്രാപിച്ചത് ഈ ദിവ്യസ്ഥാനത്തുവച്ചായിരുന്നു. വിഭീഷണന്റെ പട്ടാഭിഷേകം പിന്നീട് നടത്തിയതും ഇവിടെവച്ചായിരുന്നു. ഇവിടത്തെ പ്രതിമകളായ സീതാരാമക്ഷ്മണന്മാരുടെ സമീപത്തായി വിഭീഷണന്റെ പ്രതിമ യും കാണാം. രാമേശ്വരവും കോദണ്ഡരാമക്ഷേത്രവും തമ്മില്‍ അഞ്ചു മൈല്‍ അകലമുണ്ട്.

മടങ്ങുമ്പോള്‍ രാമനാഥപുരത്ത് ഇറങ്ങിയാല്‍ അവിടത്തെ കൊട്ടാരത്തിലെ രാമലിംഗവിലാസം ഹാള്‍ സന്ദര്‍ശിക്കാം. ഇവിടെ കാണുന്ന ഒരു ശില വിശേഷപ്പെട്ടതാണ്. ആദിസേതുപതിയായി വാഴ്ത്തപ്പെടുന്ന ഗുഹനെ ശ്രീരാമന്‍ ഈ ശിലമേല്‍ ഇരുത്തി പട്ടാഭിഷേകം നടത്തിയെന്ന് പറയപ്പെടുന്നു. ഏതായാലും രാമേശ്വരത്തെ കാണുന്ന ശിലകളും കടലും മണല്‍ത്തീരവുമെല്ലാം അവയുടെ അന്തരംഗത്തില്‍ മന്ത്രിക്കുന്ന കൊച്ചുകൊച്ചു കഥകള്‍ നമ്മോടു പറഞ്ഞുകൊണ്ടേയിരിക്കുന്നു. അവ ചരിത്രത്തെ വര്‍ത്തമാനകാലവുമായി ബന്ധിപ്പിക്കുന്ന പാലങ്ങളാണ്. ഓരോ പാലങ്ങളും കഴിഞ്ഞ സംഭവങ്ങളിലെ ഓരോ കുറിമാനങ്ങളാണ് എന്നു നാം അറിയുമ്പോള്‍ അവയുടെ എല്ലാം മുന്നില്‍ നമ്മുടെ ശിരസ്സ് നാമറിയാതെ നമിച്ചുപോകുന്നു.

തുഞ്ചത്തു എഴുത്തച്ഛന്‍ രാമേശ്വരത്തെച്ചൊല്ലിയുള്ള സന്ദര്‍ഭം ഈവിധം പറയുന്നു.

‘ഇത്ഥം പടുത്തുതുടങ്ങുംവിധൗ
രാമഭദ്രനാം ദാശരഥി ജഗദീശന്‍,
വ്യോമകേശം പരമേശ്വരം ശങ്കരം
രാമേശ്വരമെന്ന നാമമരുള്‍ ചെയ്തു.
എന്നിട്ട് ശ്രീരാമഭഗവാന്റെ രാമേശ്വരത്തിന്റെ മഹിമ ഇപ്രഗാരം വര്‍ണ്ണിച്ചതായി രേഖപ്പെടുന്നു.

‘യാതൊരു മര്‍ത്ത്യനിവിടെ
വന്നാദരാല്‍ സേതുബന്ധം കണ്ടു
രാമേശ്വരനെയും ഭക്ത്യാ
ഭജിക്കുന്നിതപ്പോളവന്‍
ബ്രഹ്മഹത്യാദി പാപങ്ങളോട്
വേര്‍പ്പെട്ടതി ശുദ്ധനായ് വന്നു
കുടുംബമാനുഗ്രഹാല്‍ മുക്തിയും
വന്നീടുമില്ലൊരു സംശയം,”

 

കൂടുതല്‍ വാര്‍ത്തകള്‍ - ഉത്തിഷ്ഠത ജാഗ്രത