വിദേശനിക്ഷേപം: ഉന്നത നിലവാരമുള്ള ജോലി ഉറപ്പാക്കുമെന്ന് മൊണ്ടേക് സിംഗ് ആലുവാലിയ

September 23, 2012 ദേശീയം

ന്യൂഡല്‍ഹി: ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം ഉന്നത നിലവാരമുള്ള ജോലി രാജ്യത്ത് ഉറപ്പാക്കുമെന്ന് ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് ആലുവാലിയ. ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം തൊഴില്‍ നഷ്ടത്തിനിടയാക്കുമെന്ന പ്രചാരണം തെറ്റിദ്ധാരണ പരത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിദേശനിക്ഷേപം അനുവദിക്കുന്നത് ചെറുകിട കച്ചവടക്കാര്‍ക്ക് ദോഷമാണെന്ന വാദവും അദ്ദേഹം തള്ളി. ആധുനീക ചില്ലറ വ്യാപാര മേഖല വിപുലപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ചെറുകിടക്കാര്‍ക്ക് എങ്ങനെ ഇത് ദോഷകരമാകുമെന്നും മൊണ്ടേക് സിംഗ് ആലുവാലിയ ചോദിച്ചു. ചില്ലറ വ്യാപാര മേഖലയുടെ വ്യാപ്തി ചുരുങ്ങിയ സമയത്തിനുള്ളില്‍ നിലവില്‍ ഉള്ളതിന്റെ ഇരട്ടിയാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം