‘എന്‍ഡവര്‍’ ഇനി കാലിഫോര്‍ണിയയിലെ മ്യൂസിയത്തില്‍

September 23, 2012 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ലോസ് ആഞ്ചലസ്: 25ഓളം ബഹിരാകാശ യാത്ര നടത്തിയ നാസയുടെ പേടകം എന്‍ഡവര്‍ ഇനി കാലിഫോര്‍ണിയയിലെ മ്യൂസിയത്തില്‍ വിശ്രമിക്കും. എന്‍ഡവറിന്റെ അവസാന ആകാശയാത്രയ്ക്കു സാക്ഷ്യംവഹിക്കാന്‍ വന്‍ജനാവലിയാണ് വെള്ളിയാഴ്ച ലോസ്ആഞ്ചലസ് വിമാനത്താവളത്തിലെത്തിയത്. ഫ്ളോറിഡയിലെ കേപ് കനാവറലില്‍നിന്നു ബോയിംഗ് 747 ജംബോജെറ്റ് വിമാനത്തിന്റെ മുകളില്‍ ഘടിപ്പിച്ചാണ് എന്‍ഡവറിനെ ലോസ് ആഞ്ചലസിലെത്തിച്ചത്.

കാലിഫോര്‍ണിയ അടക്കമുള്ള നഗരങ്ങളിലൂടെ പതിവിലും താഴ്ന്നു പറന്നു ജനങ്ങളെ പുളകിതരാക്കിയശേഷമാണ് എന്‍ഡവര്‍ ലോസ് ആഞ്ചലസിലെത്തിയത്. അടുത്ത മാസം 12ന് ലോസ് ആഞ്ചലസ് നഗരവീഥികളിലൂടെ കലിഫോര്‍ണിയ സയന്‍സ് സെന്ററിലെത്തിക്കുന്ന എന്‍ഡവര്‍ അടുത്തമാസം 30 മുതല്‍ അവിടെ ദൃശ്യവിരുന്നൊരുക്കും അഞ്ചുനിലക്കെട്ടിടത്തിന്റെ ഉയരവും 78 അടി വീതിയുമുള്ള പേടകത്തിനു മ്യൂസിയത്തിലേക്കുള്ള റോഡുമാര്‍ഗമുള്ള യാത്ര സുഗമമാക്കുന്നതിനു റോഡു വീതികൂട്ടി തുടങ്ങി. 19 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡുവികസനത്തിനായി 400ഓളം തണല്‍മരങ്ങളാണു വെട്ടിനീക്കുന്നത്. ഇതു ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. എന്നാല്‍, വെട്ടിമാറ്റിയ മരങ്ങള്‍ക്കു പകരമായി 1,000 മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചു.

2011-ലാണ് അവസാനദൌത്യം പൂര്‍ത്തിയാക്കി ആറു യാത്രക്കാരുമായി എന്‍ഡവര്‍ രാജ്യാന്തര ബഹിരാകാശനിലയത്തില്‍നിന്നു മടങ്ങിയെത്തിയത്. രാജ്യാന്തര ബഹിരാകാശനിലയത്തിലേക്കുള്ള അവശ്യവസ്തുക്കളും ശാസ്ത്രഉപകരണങ്ങളും വഹിച്ചായിരുന്നു എന്‍ഡവറിന്റെ അവസാനത്തെ ദൌത്യം. 25 യാത്രകളിലായി 19.8 കോടി കിലോമീറ്റര്‍ പിന്നിട്ട 75 ടണ്‍ ഭാരമുള്ള എന്‍ഡവറിന്റെ സേവനം ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലാണ്.

1986ല്‍ ചലഞ്ചര്‍ പേടകം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്നാണ് എന്‍ഡവറിന്റെ ദൌത്യം ആരംഭിക്കുന്നത്. നാസയുടെ അഞ്ചു പേടകങ്ങളിലൊന്നാണ് എന്‍ഡവര്‍. ചലഞ്ചര്‍ പേടകം പൊട്ടിത്തെറിച്ചതിനു പിന്നാലെ 2003ല്‍ കൊളംബിയ പേടകവും പൊട്ടിത്തെറിച്ചിരുന്നു. അവശേഷിക്കുന്ന പേടകങ്ങളായ അറ്റ്ലാന്റിസും ഡിസ്കവറിയും വാഷിംഗ്ടണിലെ മ്യൂസിയത്തിലാണ് ഇപ്പോഴുള്ളത്. ഇവ ഉടന്‍ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ മ്യൂസിയത്തിലേക്കു മാറ്റും. പേടകങ്ങളുടെ കാലപ്പഴക്കവും സുരക്ഷിതത്വഭീഷണിയും മുന്‍നിര്‍ത്തി 30 വര്‍ഷത്തോളം നീണ്ടുനിന്ന ബഹിരാകാശദൌത്യം നാസ കഴിഞ്ഞവര്‍ഷം അവസാനിപ്പിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍