തിലകന്‍ ഓര്‍മ്മയായി

September 24, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പ്രശസ്ത നടന്‍ തിലകന്‍ (77) അന്തരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്ന് പുലര്‍ച്ചെ 3.35 നായിരുന്നു അന്ത്യം. ഓഗസ്റ്റ് 23നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം 4.30ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു.  പതിനൊന്നു മണിമുതല്‍ വി.ജെ.ടി. ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച  മൃതദേഹത്തില്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ നിരവധിപേര്‍ അന്ത്യോപചാരമര്‍പ്പിച്ചു.

നാടകരംഗത്തുനിന്നും സിനിമയിലെത്തി കരുത്തുന്ന കഥാപാത്രങ്ങളെ അനശ്വരമാക്കിയാണ് തിലകന്‍ കടന്നുപോകുന്നത്. 1973ല്‍ പി.ജെ.ആന്റണി സംവിധാനം ചെയ്ത പെരിയാര്‍ എന്ന ചിത്രത്തിലൂടെയാണ് തിലകന്‍ ആദ്യമായി സിനിമയില്‍ എത്തുന്നത്.

2009 ല്‍ രാഷ്ട്രം പത്മശ്രീ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. 2007 ല്‍ ഏകാന്തം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് ജൂറിയുടെ  പ്രത്യേക പരാമര്‍ശം നേടി. 1988 ല്‍ ഋതുഭേദം എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരം നേടി. 1990 ല്‍ പെരുന്തച്ചന്‍ എന്ന ചിത്രത്തിലൂടെയും 1994 ല്‍ ഗമനം, സന്താനഗോപാലം എന്ന ചിത്രങ്ങളിലൂടെയും മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1982(യവനിക), 1985(യാത്ര), 1986(പഞ്ചാഗ്നി), 1987(തനിയാവര്‍ത്തനം), 1988(മുക്തി, ധ്വനി), 1998(കാറ്റത്തൊരു പെണ്‍പൂവ്) എന്നീ വര്‍ഷങ്ങളില്‍ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. 1989 ല്‍ വിവിധ ചിത്രങ്ങളിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

ഷാജി തിലകന്‍, ഷമ്മി തിലകന്‍, ഷിബു തിലകന്‍, ഷോബി തിലകന്‍, സോണിയാ തിലകന്‍, സോഫിയാ തിലകന്‍ എന്നിവരാണ് മക്കള്‍.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം