നടനവിസ്മയത്തിന് പ്രണാമം

September 24, 2012 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ ഓര്‍മ്മയായി. ഇന്ത്യന്‍ സിനിമയിലെന്നല്ല ലോക സിനിമയില്‍തന്നെ സ്വഭാവ നടനുവേണ്ട എല്ലാ സവിശേഷതകളുമൊത്തിണങ്ങിയ അതുല്യപ്രതിഭയായിരുന്നു തിലകന്‍. അദ്ദേഹം ജീവന്‍ നല്‍കിയ കഥാപാത്രങ്ങള്‍ക്ക് പകരമായി ഇന്ന് മലയാളികള്‍ക്ക് മറ്റൊരു നടനെ സങ്കല്പിക്കുവാന്‍പോലും കഴിയില്ല.

നാടകം മലയാള സാംസ്‌കാരികചരിത്രത്തിന്റെയും രാഷ്ട്രീയ നവോത്ഥാനത്തിന്റെയും പുതിയ ചക്രവാളങ്ങള്‍ സൃഷ്ടിച്ച ഒരു കാലഘട്ടത്തിന്റെ അവസാനകണ്ണികളിലൊരാളാണ് തിലകന്‍. അഭിനയത്തിന്റെ എല്ലാ സിദ്ധികളും അരങ്ങിലൂടെ തേച്ചുമിനുക്കിയെടുത്തശേഷമാണ് അദ്ദേഹം സിനിമയുടെ ഭാഗമാകുന്നത്. അതുകൊണ്ടുതന്നെയാണ് തിലകന്‍ മലയാളസിനിമയില്‍ സൃഷ്ടിച്ച ഓരോകഥാപാത്രവും വ്യത്യസ്തമാകുന്നത്. ശരീരംമാത്രമല്ല ശാരീരവും തിലകനെന്ന അതുല്യപ്രതിഭയെ അനശ്വരനാക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. അദ്ദേഹം അഭിനയിച്ച സിനിമകള്‍ക്കൊക്കെ സ്വന്തം ശബ്ദം തന്നെയാണ് നല്‍കിയിട്ടുള്ളത്. ആ ശബ്ദവും അഭിനയത്തിന്റെ ചെറുചലനങ്ങള്‍പോലും ചേരുന്ന നിമിഷങ്ങളും ചേരുമ്പോള്‍ മലയാളിയുടെ മനസ്സില്‍ സൃഷ്ടിക്കുന്ന ഭാവ മുഹൂര്‍ത്തങ്ങള്‍ അനശ്വരമാണ്.

അഭിനയവിദ്യാര്‍ത്ഥികള്‍ക്കുള്ള പാഠപുസ്തകമാണ് തിലകന്‍. ഒരുപക്ഷേ മലയാളസിനിമയില്‍ ഇതിനുമുമ്പു അങ്ങനെപറയുവാന്‍ കഴിയുമായിരുന്ന ഒരു നടനേ ഉണ്ടായിരുന്നുള്ളൂ. അത് സത്യനാണ്. പക്ഷേ അദ്ദേഹത്തിന്റെ പലചിത്രങ്ങളുടെയും നെഗറ്റീവ്‌പോലും നഷ്ടപ്പെടുകയും പല ചിത്രങ്ങളും പുതുതലമുറയ്ക്ക് കാണാന്‍ അവസരമില്ലാതാകുകയും ചെയ്തു. എന്നാല്‍ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വ്യാപകമായ ഒരു കാലഘട്ടത്തില്‍കൂടി തിലകന് സിനിമയില്‍ സജീവസാന്നിദ്ധ്യമാകാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ഭാഗ്യമാണ്.

മുഖത്തെ ചെറുഭാവ ചലനങ്ങള്‍ കൊണ്ടുപോലും വികാരത്തിന്റെ മഹാപ്രപഞ്ചം സൃഷ്ടിക്കാന്‍ തിലകന് കഴിഞ്ഞിരുന്നു. പത്മരാജന്റെ തൂലികയില്‍നിന്ന് ഉതിര്‍ന്നുവീണ മൂന്നാംപക്കം എന്ന സിനിമയിലെ മുത്തശ്ശനെ ഒരിക്കലും മലയാളിക്ക് മറക്കാനാവില്ല. ചെറുമകന്റെ മരണവൃത്താന്തം അറിയുന്ന നിമിഷം അദ്ദേഹത്തിന്റെ മുഖത്തൂടെ മിന്നിമറയുന്നത് ദുഃഖത്തിന്റെ മഹാസമുദ്രമാണ്. അത് പ്രേക്ഷകരിലേക്കും കണ്ണീര്‍ കടലായി തിരയടിച്ച് കയറുന്നത് ഇന്നും ആ മുഹൂര്‍ത്തം കാണുന്നവര്‍ക്ക് അനുഭവിക്കാന്‍ കഴിയും.

ഐതീഹ്യത്തിലെ പെരുന്തച്ഛനെ അഭ്രപാളികളില്‍ അനശ്വരമാക്കിയത് തിലകനാണ്. ഇന്ന് പെരുന്തച്ഛന്റെ രൂപം മലയാളികളുടെ മനസ്സില്‍ തിലകന്‍ ജീവന്‍പകര്‍ന്ന രൂപമാണ്. പെരുന്തച്ഛനെ അനശ്വരനാക്കാനാണോ തിലകനെ കാലം മഹാനടനാക്കിയതുപോലും ചില നിമിഷങ്ങളില്‍ തോന്നിപോകും. എണ്ണിയെണ്ണിപറഞ്ഞാല്‍ തീരാത്തത്ര കഥാപാത്രങ്ങള്‍ അദ്ദേഹം ഭാവതീവ്രമായ അഭിനയത്തിന്റെ പ്രാണബലംകൊണ്ട് ജീവന്‍പകര്‍ന്നു. ഏതാണ്ട് ആറുപതിറ്റാണ്ടുകാലം അദ്ദേഹം അരങ്ങിലും സിനിമയിലുമായി അഭിനയത്തിന്റെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചു.

വിശ്വമാനങ്ങളുള്ള ഒരു അഭിനേതാവ് മലയാളിക്കുണ്ടോ എന്നുചോദിച്ചാല്‍ മുന്നോട്ടുവക്കാന്‍ കഴിയുമായിരുന്ന ഒരു നടനാണ് കാലത്തിന്റെ പിന്നിലേക്ക് നടന്നുപോയത്. മലയാളത്തിന്റെ അഹങ്കാരമായിരുന്നു തിലകന്‍. അദ്ദേഹവും ചില നിമിഷങ്ങളില്‍ അഹങ്കാരിയെന്ന് തോന്നുമായിരുന്നു. എന്നാല്‍ നേരിനുവേണ്ടിയുള്ള പ്രതികരണങ്ങളായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. ജീവിതാനുഭവങ്ങളുടെ ചൂടില്‍ പാകപ്പെട്ട ഒരു മനസ്സിന്റെ ഉടമയായിരുന്നു തിലകന്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം അനീതിക്കുമുമ്പില്‍ തലകുനിക്കാതെ പലപ്പോഴും ഒറ്റയാള്‍പോരാട്ടം നടത്തിയത്.

സിനിമാസംഘടനകളുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടം സമീപകാലത്തായിരുന്നു. തന്റെ നിലപാടുകളില്‍ ഉറച്ചുനിന്നുകൊണ്ട് ഏകനായി മുന്നോട്ടുപോകുമ്പോഴും ശരി തന്റെ പക്ഷത്താണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചു. ചില അപ്രിയസത്യങ്ങളും വിളിച്ചുപറഞ്ഞു. തന്നെ സിനിമയില്‍നിന്ന് ഒഴിവാക്കാന്‍ ഒരു നടന്‍ ചരടുവലിക്കുന്നതായും അദ്ദേഹം ഉറക്കെ മലയാളികളോടു പറഞ്ഞു.

തിലകനെ സിനിമയില്‍നിന്ന് ഒഴിവാക്കിയെങ്കില്‍ അതിന്റെ നഷ്ടം മലയാള സിനിമയ്ക്കുതന്നെയാണ്. ഒരുപക്ഷെ ഇതുവരെയും മലയാളി അനുഭവിക്കാത്ത അഭിനയത്തിന്റെ മഹാമുഹൂര്‍ത്തങ്ങള്‍ അവസാനനാളുകളില്‍ അദ്ദേഹത്തിന് സമ്മാനിക്കുവാന്‍ കഴിയുമായിരുന്നു. സിനിമാരംഗത്തെ അവിശുദ്ധമായ ചില സത്യങ്ങളും കൂട്ടുകെട്ടുകളുമൊക്കെ സൃഷ്ടിച്ച അരുതായ്മകളുടെ ബലിയാടായി തിലകന്‍ മാറുമ്പോഴും അദ്ദേഹം സിനിമയില്‍ അവതരിപ്പിച്ച പല കഥാപാത്രങ്ങളെയുംപോലെ പൗരുഷത്തിന്റെ ഉത്തമ ദൃഷ്ടാന്തമായി നിര്‍ഭയനായി മുന്നോട്ടുപോയി.

അഭിനയംകൊണ്ടും ജീവിതംകൊണ്ടും അദ്ദേഹം സൃഷ്ടിച്ച മാതൃക അനുപമവും അനനുകരണീയവുമാണ്. ആ മഹാനടന്റെ വേര്‍പാടില്‍ അദ്ദേഹത്തിന്റെ കുടുംബത്തോടും കോടിക്കണക്കിന് മലയാളികളോടുമൊപ്പം ഞങ്ങളും പങ്കുചേരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍