മലയാളം ടൈപ്പ് ചെയ്യാനുള്ള സ്വതന്ത്ര സോഫ്റ്റ്വെയറായ സ്ക്രൈബ്സ് മലയാളം പുറത്തിറങ്ങി

September 25, 2012 കേരളം

കൊച്ചി: മലയാളം ടൈപ്പ് ചെയ്യാനുള്ള സ്വതന്ത്ര സോഫ്റ്റ്വെയറായ സ്ക്രൈബ്സ് മലയാളം പുറത്തിറങ്ങി. ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും പ്രസിദ്ധീകരണശാലകള്‍ക്കും സ്ക്രൈബ്സ് മലയാളം സുഗമമായി ഉപയോഗിക്കാനാകും. കൊച്ചി ആസ്ഥാനമായ അനുയോജ്യ സാങ്കേതിക വിദ്യാ പ്രോത്സാഹന സംഘമാണ് ഇതു പുറത്തിറക്കിയത്.

സ്വതന്ത്ര വിജ്ഞാന ജനാധിപത്യസഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം പ്രസ്ക്ളബില്‍ നടന്ന ചടങ്ങില്‍ നിര്‍മാണത്തിനു നേതൃത്വം നല്കിയ അനില്‍കുമാര്‍ സോഫ്റ്റ്വെയര്‍ പരിചയപ്പെടുത്തി. ആദ്യഘട്ടത്തില്‍ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായി ഉപയോഗിക്കുന്നവര്‍ക്കു മാത്രമേ ഇതു ഡൌണ്‍ലോഡ് ചെയ്യാനാകൂ. അടുത്ത ഘട്ടത്തില്‍ മറ്റ് ഓപ്പറേറ്റിംഗ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും അനുയോജ്യമായ രീതിയില്‍ മാറ്റിയെടുക്കാം.

സ്കൈബ്ര്സ് മലയാളം പതിപ്പില്‍ സൃഷ്ടിക്കപ്പെടുന്ന മലയാളം ഉള്ളടക്കം യൂണികോഡിലായതിനാല്‍ അനായാസം എടുത്തുപയോഗിക്കുകയും പകര്‍ത്തുകയും ചെയ്യാം. ആഗോളതലത്തിലുള്ള സ്വതന്ത്ര സോഫ്റ്റ്വെയര്‍ കൂട്ടായ്മയായ സ്ക്രൈബ്സിനെ മാധ്യമമാക്കിയാണ് സ്ക്രൈബ്സ് മലയാളം വികസിപ്പിച്ചെടുത്തിരിക്കുന്നത്. വൈകാതെ സോഫ്റ്റ്വെയറിനു സ്വതന്ത്രമായ പേരു നല്കുമെന്നും സംഘം പ്രവര്‍ത്തകര്‍ അറിയിച്ചു. ഫോണ്‍: 9447006466.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം