കോടതികളില്‍ ഔദ്യോഗികഭാഷ മലയാളമാക്കുന്നതിനു രാഷ്ട്രപതിയുടെ അനുമതി വേണം

September 25, 2012 കേരളം

കൊച്ചി: കേരളത്തില്‍ കീഴ്ക്കോടതികളിലെ ഔദ്യോഗിക ഭാഷ മലയാളമാക്കുന്നതിനു രാഷ്ട്രപതിയുടെ അനുമതി വേണമെന്നു ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ കോടതിയെ അറിയിച്ചു. രാഷ്ട്രപതിയുടെ അനുവാദത്തോടെ സംസ്ഥാനത്തെ ഗവര്‍ണര്‍ക്കു മാത്രമേ ഇത്തരത്തില്‍ നടപടി സ്വീകരിക്കാന്‍ അധികാരമുള്ളൂവെന്നും കോടതിഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച് എം.എന്‍. കാരശേരിയുടെ ഹര്‍ജിയില്‍ രജിസ്ട്രാര്‍ ജനറല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.

ഇംഗ്ളീഷ് ഭാഷ തുടരുന്നതു വ്യവഹാരികളില്‍ ഏതു വിഭാഗത്തെയാണു ബാധിക്കുന്നതെന്നു ഹര്‍ജിക്കാരന്‍ വ്യക്തമാക്കിയിട്ടില്ല. പൊതുതാത്പര്യത്തിന്റെ പേരില്‍ ഈ വിഷയം ഉന്നയിക്കാന്‍ ഹര്‍ജിക്കാരന് അവകാശമില്ല.

1987ലെ നരേന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2007 മാര്‍ച്ചില്‍ 17 ജഡ്ജിമാരുടെ യോഗം ചേര്‍ന്നു സര്‍ക്കാര്‍തലത്തില്‍ സ്ഥിരം സംവിധാനത്തിനു ശിപാര്‍ശ ചെയ്തു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇക്കാര്യത്തില്‍ ഉന്നതതല നിരീക്ഷണസമിതിയെ നിയമിക്കണമെന്നായിരുന്നു യോഗത്തിന്റെ ശിപാര്‍ശയെങ്കിലും ഇത്തരത്തില്‍ ഒരു കമ്മിറ്റി സര്‍ക്കാര്‍ രൂപീകരിച്ചിട്ടില്ല.

ചില നിയമങ്ങള്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തി ഹൈക്കോടതിക്കു കൈമാറിയിട്ടുണ്െടന്നും രജിസ്ട്രാര്‍ ജനറല്‍ അറിയിച്ചു. ആക്ടിംഗ് ചീഫ് ജസ്റീസ് മഞ്ജുള ചെല്ലൂരും ജസ്റീസ് എ.എം. ഷഫീഖുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണു കേസ് പരിഗ ണിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം