ജനാധിപത്യം വ്യര്‍ത്ഥമാക്കുന്ന അഴിമതി എന്ന അര്‍ബുദം

September 26, 2012 എഡിറ്റോറിയല്‍,പ്രധാന വാര്‍ത്തകള്‍

ദരിദ്രനാരായണന്മാരുടെ നാടാണ് ഇന്നും ഭാരതം. സ്വാമി വിവേകാനന്ദനാണ് ദരിദ്രനാരായണന്‍ എന്ന പദം ആദ്യം പ്രയോഗിച്ചത്. മനുഷ്യനിലെ ദൈവികതയുടെ അംശത്തെ ചൂണ്ടിക്കാട്ടാനാണ് അദ്ദേഹം ദരിദ്രനാരായണന്‍ എന്ന പദത്തിലൂടെ വലിയ അര്‍ത്ഥങ്ങള്‍ നല്‍കിയത്. സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനം സമാഗതമാകുമ്പോഴും ദരിദ്രകോടികളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. വന്‍കിട രാഷ്ട്രങ്ങളോട് കിടപിടിക്കാവുന്ന പല നേട്ടങ്ങളും ഇന്ത്യ കൈക്കലാക്കിയെങ്കിലും ദാരിദ്ര്യം തുടച്ചുനീക്കുന്നകാര്യത്തില്‍ ഇന്നും നാം പിന്നിലാണ്.

കാര്‍ഷിക രാജ്യമാണ് ഭാരതം. മാനവ വിഭവശേഷിയിലും ഭാരതം മുന്നിലാണ്. അഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും തിരിച്ചടി എന്നോണം അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും ഉള്‍പ്പടെ സാമ്പത്തിക രംഗത്തെ വന്‍ ശക്തികള്‍ക്ക് തിരിച്ചടി ഏറ്റിട്ടും ഭാരതത്തില്‍ അതിന്റെ ചെറു ചലനങ്ങള്‍പോലും ഏല്‍ക്കാതെപോയത് കാര്‍ഷിക സമ്പദ്‌വ്യവസ്ഥയുടെ പ്രാണബലത്തിലാണ്. ഈ യാഥാര്‍ത്ഥ്യം ഇപ്പോഴും ഭരണാധികാരികള്‍ തിരിച്ചറിയുന്നില്ല എന്നത് ദുഃഖകരമാണ്. മാത്രമല്ല കാര്‍ഷികമേഖലയെ കൂടുതല്‍ ബലപ്പെടുത്തേണ്ട അവസ്ഥയില്‍ നാടിന് ജീവാമൃതം പ്രദാനം ചെയ്യുന്ന ആ മേഖലയെ മുച്ചൂടും മുടിക്കാനാണ് ശ്രമം നടക്കുന്നത്. ഇതിന്റെ പ്രകടമായ ഉദാഹരണമാണ് മഹാരാഷ്ട്രയില്‍ നടന്നത്.

കര്‍ഷക ആത്മഹത്യകള്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നടന്ന വിദര്‍ഭമേഖലയിലെ ജലസേചനപദ്ധതികള്‍ക്കായി ഇരുപതിനായിരംകോടി രൂപയുടെ കരാറുകള്‍ ഉയര്‍ന്ന നിരക്കില്‍ നല്‍കി എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ ഉപമുഖ്യമന്ത്രിയായ അജിത്പവാര്‍ കഴിഞ്ഞദിവസം രാജിവച്ചിരിക്കുകയാണ്. കേന്ദ്ര കൃഷിമന്ത്രിയും എന്‍.സി.പി.അദ്ധ്യക്ഷനുമായ ശരത്പവാറിന്റെ മരുകനാണ് അദ്ദേഹം. വിദര്‍ഭ ഇറിഗേഷന്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ അനുമതിയില്ലാതെ 32 വന്‍കിട പദ്ധതികള്‍ക്ക് ഉയര്‍ന്ന നിരക്കില്‍ അനുമതി നല്‍കുകയായിരുന്നു. ഒരുകോടി രൂപയ്ക്കു മുകളില്‍ ചെലവുവരുന്ന എല്ലാപദ്ധതികള്‍ക്കും മന്ത്രിയുടെ അനുമതി ആവശ്യമാണെന്ന് നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് അജിത്പവാര്‍ അഴിമതിക്ക് കളമൊരുക്കിയെന്നാണ് ആരോപണം.

അജിത്പവാര്‍ സംസ്ഥാന ജലവിഭവമന്ത്രിയാിരുന്ന 1999നും 2000നുമിടയിലാണ് സംഭവം. പ്രശ്‌നം വന്‍വിവാദമായതിനെ തുടര്‍ന്ന് രണ്ടുവര്‍ഷംമുമ്പ് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി പദ്ധതികള്‍ നടന്നതില്‍ വന്‍ ക്രമക്കേടു നടന്നതായി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ജനസേചനത്തിനായി സര്‍ക്കാര്‍ ചെലവിട്ട പണത്തെകുറിച്ച് ധവളപത്രമിറക്കുമെന്ന് മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍ പ്രഖ്യാപിച്ചതാണ് രാജിക്കു വഴിവച്ചത്. പവാറിനു പിന്നാലെ മറ്റു എന്‍.സി.പി.മന്ത്രിമാരും രാജിസന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ജലസേചനപദ്ധതികള്‍ക്കായി എഴുപതിനായിരംകോടിരൂപ ചെലവിട്ടു എന്നും എന്നാല്‍ 0.1% സ്ഥലത്തുമാത്രമാണ് ജലസേചനം എത്തിക്കാന്‍ കഴിഞ്ഞതെന്നുമാണ് പ്രതിപക്ഷ ആരോപണം. പ്രതിപക്ഷത്തിന്റെ കണക്ക് എന്തുമാകട്ടെ. പക്ഷെ വന്‍ അഴിമതി നടന്നതായി തന്നെയാണ് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത്.

ഭാരതം സ്വാതന്ത്ര്യം പ്രാപിച്ച് ആറര പതിറ്റാണ്ടുകഴിയുമ്പോഴേക്കും അഴിമതി എന്ന അര്‍ബുദം ഭാരതത്തെ കാര്‍ന്നു തിന്നുകയാണ്. സംശുദ്ധ രാഷ്ട്രീയത്തിന്റെ ജീവിച്ചിരുന്ന ഇതിഹാസങ്ങളെ മറക്കുകയും രാഷ്ട്രപിതാവായ ഗാന്ധിജിയുടെ വാക്കുകളെപ്പോലും ഓര്‍മ്മിക്കാതിരിക്കുകയും ചെയ്തുകൊണ്ട് കോടിക്കണക്കിന് ദരിദ്ര നാരായണന്‍മാരെ ഭരിക്കുന്നവര്‍ സഹസ്രകോടികള്‍ കൊള്ളയടിക്കുകയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ അഴിമതിയിലൂടെ ഭാരതത്തെ കൊള്ളയടിച്ച ലക്ഷക്കണക്കിന് കോടിരൂപ ഓരോ ഭാരതീയനും വീതിച്ചു കൊടുത്തിരുന്നെങ്കില്‍പോലും ഭാരതത്തില്‍ ദാരിദ്ര്യം ഒരുപരിധിവരെ ഒഴിവാക്കാമായിരുന്നു.

അഴിമതിക്കെതിരെ അണ്ണാഹസ്സാരെ ഭാരതത്തിലുടനീളം ഉയര്‍ത്തിയ വികാരം തല്ലിക്കെടുത്തിയവരുടെ ലക്ഷ്യം അഴിമതിതന്നെയായിരുന്നു. ദരിദ്രനാരായണന്‍മാരുടെ ഉദ്ധാരണം ലക്ഷ്യത്തില്‍നിന്ന് അകലുമ്പോള്‍ നമ്മുടെ ജനാധിപത്യത്തിന്റെ അര്‍ത്ഥം തന്നെ വ്യര്‍ത്ഥമായ ഏതാനും അക്ഷരങ്ങളായി മാറുന്നു. ഇത് ഭരണാധികാരികള്‍ ഓര്‍ത്തില്ലെങ്കില്‍ ജനാധിപത്യത്തിന്റെ തകര്‍ച്ചയ്ക്കായിരിക്കും വഴിവയ്ക്കുക.

കൂടുതല്‍ വാര്‍ത്തകള്‍ - എഡിറ്റോറിയല്‍