ബെല്ലാരിയിലെ ഹമ്പി ക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം

September 26, 2012 പ്രധാന വാര്‍ത്തകള്‍

ബാംഗളൂര്‍: കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലുള്ള ലോകപ്രശസ്ത ചരിത്രസ്മാരകമായ ഹമ്പിക്ഷേത്രത്തില്‍ കവര്‍ച്ചാശ്രമം നടന്നു. ക്ഷേത്രത്തിനുള്ളിലുള്ള അമൂല്യസമ്പത്തു ശേഖരം കൊള്ളയടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കവര്ച്ചക്കാര്‍ ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തോടു ചേര്‍ന്ന ടവര്‍ തകര്‍ത്തിട്ടുള്ളത്. 15 അടിയോളം ഉയരമുള്ള ടവറാണ് ഞായറാഴ്ച പുലര്‍ച്ചെ തകര്‍ത്ത നിലയില്‍ കണ്െടത്തിയത്. ടവര്‍ നിന്നിരുന്ന ഭാഗം കുഴിച്ചു പരിശോധിച്ച നിലയിലാണ്. കവര്‍ച്ചയെക്കുറിച്ച് അന്വേഷിക്കാന്‍ രണ്ട് പോലീസ് സംഘങ്ങള്‍ രൂപീകരിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് ചന്ദ്രഗുപ്ത അറിയിച്ചു. ഗാലി ഗോപുര എന്നറിയപ്പെടുന്ന മൂന്നു നില കെട്ടിടത്തിന്റെ ഉയരമുള്ള ടവറാണ് ഇടിച്ചുതകര്‍ത്ത് അഞ്ച് അടിയോളം താഴ്ചയില്‍ കുഴിച്ചത്. ഗോപുരത്തിലെ നാല് പില്ലറുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ടവറിനോടു ചേര്‍ന്നുള്ള മരച്ചില്ലകള്‍ വെട്ടി നീക്കിയശേഷമാണ് കവര്‍ച്ചക്കാര്‍ ഗോപുരത്തിനു മുകളില്‍ കയറിയത്. ഗോപുരത്തിന്റെ അടിത്തറ കുഴിക്കാനുപയോഗിച്ച ഉപകരണങ്ങള്‍ കണ്െടടുത്തതായി പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് കര്‍ണാടക ടൂറിസംമന്ത്രി ആനന്ദ്സിംഗ് സ്ഥലം സന്ദര്‍ശിച്ചു. ക്ഷേത്രത്തിനുള്ളില്‍ എന്തെങ്കിലും അമൂല്യശേഖരമുണ്ടോ എന്ന കാര്യത്തില്‍ സൂക്ഷിപ്പുകാരായ സംസ്ഥാന പുരാവസ്തു വകുപ്പിന് നിശ്ചയമില്ല. ഈ ക്ഷേത്രം മധ്യയുഗ കാലഘട്ടത്തിലെ നിര്‍മാണചാരുതിയാലും ശില്പഭംഗിയാലും ലോകപ്രശസ്തമാണ്. സ്വര്‍ണമുള്‍പ്പെടെയുള്ള അമൂല്യവസ്തുക്കളുടെ ശേഖരമുണ്ടെന്നാണ് പ്രദേശവാസികള് പറയുന്നത്.

ബെല്ലാരി ജില്ലയിലെ മാല്യവാന്ത കുന്നിന്‍മുകളില്‍ തുംഗഭദ്ര നദീതീരത്ത് സ്ഥിതിചെയ്യുന്ന ഹമ്പിക്ഷേത്രം 16ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ചതാണ്. 1986ല്‍ ക്ഷേത്രത്തെ ലോകപൈതൃകസ്മാരകമായി യുനെസ്കോ പ്രഖ്യാപിച്ചു. 14ാം നൂറ്റാണ്ടിനും 16ാം നൂറ്റാണ്ടിനുമിടയില്‍ ദക്ഷിണേന്ത്യയിലെ ഹൈന്ദവരാജവംശമായ വിജയനഗരസാമ്രാജ്യത്തിന്റെ ആസ്ഥാനങ്ങളിലൊന്നാണെന്നതും ഹമ്പിക്ക് കൂടുതല് ചരിത്രപ്പെരുമ നല്കുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍