ക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ചു ഹോട്ടലുകള്‍ മൂന്നിന് അടച്ചിടും

September 26, 2012 കേരളം

കൊച്ചി: ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടികളില്‍ പ്രതിഷേധിച്ചു വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന കടയടപ്പു സമരത്തിനു പിന്തുണ നല്‍കി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി അടുത്ത മൂന്നിന് ഹോട്ടലുകള്‍ അടച്ചിടാന്‍ കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്‍ സംസ്ഥാന ഏകോപന സമിതി യോഗം തീരുമാനിച്ചു. സംസ്ഥാന, ജില്ല, താലൂക്ക് സമിതികളുടെ നേതൃത്വത്തില്‍ വിവിധ പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. പ്രശ്നത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്കു നീങ്ങേണ്ടിവരുമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മോഹന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അവശ്യസാധനങ്ങളുടെ വിലവര്‍ധനമൂലം ഹോട്ടല്‍ വ്യവസായം പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കെ ഡീസല്‍ വില കൂടി വര്‍ധിച്ചത് വ്യവസായം അടച്ചുപൂട്ടേണ്ടഅവസ്ഥ സൃഷ്ടിച്ചിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ നിയമത്തിലെ അന്യാവശ്യ നിബന്ധനകളുടെ പേരിലുള്ള ഉദ്യോഗസ്ഥരുടെ പീഡനവും. ഭക്ഷ്യസുരക്ഷാ നിയമത്തോട് അസോസിയേഷന് എതിര്‍പ്പില്ല. എന്നാല്‍ ഇതിലെ ചില നിര്‍ദേശങ്ങള്‍ ഒരു തലത്തിലും പ്രാവര്‍ത്തികമാക്കാന്‍ സാധിക്കാത്തതാണ്.

നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹോട്ടല്‍ ഭക്ഷണത്തിന്റെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കയാണ്. ചെലവിന് ആനുപാതികമായി വില വര്‍ധിപ്പിക്കാനുള്ള അധികാരം ഹോട്ടലുകള്‍ക്കു നല്‍കിയിട്ടുണ്ട്. അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അസോസിയേഷന് അധികാരമില്ല. എങ്കിലും ഏതെങ്കിലും ഹോട്ടലുകളില്‍ അമിത വില ഈടാക്കുന്നതായി ആരെങ്കിലും രേഖാമൂലം പരാതി നല്‍കിയാല്‍ പരിഹാരം കാണുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

ഹോട്ടലുകള്‍ക്ക് ഗ്രേഡ് ഏര്‍പ്പെടുത്തുന്നതില്‍ അസോസിയേഷന് എതിര്‍പ്പില്ലെങ്കിലും നിലവിലെ പാറ്റേണില്‍ ഗ്രേഡ് ഏര്‍പ്പെടുത്തുന്നതിനോടു യോജിപ്പില്ല. മൂന്നു ഗ്രേഡുകള്‍ മാത്രമാണിപ്പോഴുള്ളത്. നാലമതൊരു ഗ്രേഡു കൂടി ഏര്‍പ്പെടുത്തണം. ഹോട്ടലുകള്‍ നല്ല നിലയില്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് മലയാറ്റൂരില്‍ ചേര്‍ന്ന അസോസിയേഷന്റെ സംസ്ഥാന കണ്‍വന്‍ഷന്‍ രൂപം നല്‍കിയ ലഘുലേഖ എല്ലാ ഹോട്ടലുകളിലും നടപ്പാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം