ഒപ്പം കഴിഞ്ഞെന്നു കരുതി ജീവനാംശത്തിന് അര്‍ഹതയില്ല -സുപ്രീംകോടതി

October 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി: വിവാഹം കഴിക്കാതെ ഒപ്പം താമസിച്ചുവെന്നതു കൊണ്ടു മാത്രം സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സമൂഹത്തില്‍ ഒരുമിച്ചു ജീവിച്ചുവെന്നതിന് മതിയായ തെളിവു ഹാജരാക്കുന്നതടക്കമുള്ള നാലു മാനദണ്ഡങ്ങള്‍ പാലിച്ചെങ്കില്‍ മാത്രമേ സ്ത്രീക്ക് ജീവനാംശം അവകാശപ്പെടാനാവൂ. ഒന്നിച്ചു ജീവിക്കുന്നവര്‍ക്ക് വിവാഹപ്രായമായിരിക്കണം, നിയമപരമായ വിവാഹത്തിന് യോഗ്യതയുണ്ടായിരിക്കണം, സ്വന്തം തീരുമാനമനുസരിച്ച് നിശ്ചിത കാലയളവില്‍ ഒന്നിച്ചു ജീവിച്ചവരായിരിക്കണം എന്നിവയാണ് മറ്റു വ്യവസ്ഥകള്‍.
സ്ത്രീയും പുരുഷനും ഒരുമിച്ചു ജീവിക്കുന്ന എല്ലാ ബന്ധങ്ങളും വിവാഹത്തിനു തുല്യമായി കാണാനാവില്ലെന്ന് ജസ്റ്റിസുമാരായ മാര്‍ക്കണ്ഡേയ കട്ജുവും ടി.എസ്. ഠാക്കൂറുമടങ്ങുന്ന ബെഞ്ച് അഭിപ്രായപ്പെട്ടു. ഇത്തരം ബന്ധം പുലര്‍ത്തുന്ന എല്ലാവര്‍ക്കും ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് ജീവനാംശം ചോദിക്കാന്‍ കഴിയില്ല. പുരുഷന്‍ സ്ത്രീയെ ചെലവ് കൊടുത്ത് ഒപ്പം താമസിപ്പിക്കുന്നതും ലൈംഗിക ആവശ്യത്തിന് ഉപയോഗിക്കുന്നതും വേലക്കാരിയെ കൂടെ താമസിപ്പിക്കുന്നതുമായ ബന്ധങ്ങളൊന്നും വിവാഹത്തിനു തുല്യമല്ല. ഒരുമിച്ചു താമസിക്കുന്നതല്ല, വിവാഹത്തിന്റെ സ്വഭാവമുള്ള ബന്ധങ്ങള്‍ക്കാണ് ജീവനാംശത്തിനുള്ള അര്‍ഹതയെന്നാണ് ഗാര്‍ഹിക പീഡന നിരോധന നിയമം അനുശാസിക്കുന്നത്. കോടതി നിരീക്ഷിച്ചു.
തമിഴ്‌നാട് സ്വദേശി പാച്ചിയമ്മാളിന്റെ കേസില്‍ കുടുംബക്കോടതിയുടെയും മദ്രാസ് ഹൈക്കോടതിയുടെയും ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. ഡി. വേലുസ്വാമി എന്നാളോടൊപ്പം താമസിച്ചതിന്റെ പേരില്‍ പാച്ചിയമ്മാള്‍ക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് കീഴ്‌ക്കോടതികള്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, പാച്ചിയമ്മാള്‍ക്കൊപ്പം കുറച്ചു നാള്‍ താമസിച്ചിട്ടുണ്ടെങ്കിലും താന്‍ വിവാഹം കഴിച്ചിട്ടുള്ളത് ലക്ഷ്മി എന്ന സ്ത്രീയെയാണെന്നു കാണിച്ച് വേലുസ്വാമി സുപ്രീംകോടതിയെ സമീപിച്ചു. തുടര്‍ന്നാണ് അനുകൂല വിധി ഉണ്ടായത്. നിയമപരമായി വിവാഹം കഴിച്ച സ്ത്രീക്കു പുറമെ ആശ്രിതരായ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും മാത്രമേ ജീവനാംശത്തിന് അര്‍ഹതയുള്ളൂവെന്ന് 125-ാം വകുപ്പ് വ്യക്തമാക്കുന്നുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
സ്ത്രീയും പുരുഷനും ഒരുമിച്ചു താമസിക്കുന്ന സംഭവങ്ങളുടെ സാമൂഹിക സാഹചര്യം കൂടി കണക്കിലെടുത്താണ് ഗാര്‍ഹിക പീഡന നിരോധന നിയമം രാജ്യത്ത് നടപ്പായത്. വിവാഹബന്ധവും സമാനസ്വഭാവമുള്ള സഹവാസവും നിയമത്തിന്റെ പരിധിയില്‍ വരുന്നു. നിര്‍ഭാഗ്യവശാല്‍ ഇത്തരം ബന്ധങ്ങള്‍ നിയമത്തില്‍ കൃത്യമായി നിര്‍വചിക്കപ്പെട്ടിട്ടില്ല. ഒട്ടേറെ കേസുകള്‍ ഇതുപോലെ കോടതിക്കു മുന്നിലെത്തുന്നതിനാല്‍ തങ്ങള്‍ അതു വ്യാഖ്യാനിക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഒപ്പം താമസിച്ച പുരുഷനുമായി വിവാഹസമാനമായ ബന്ധം തനിക്കുണ്ടായിരുന്നുവെന്ന് തെളിയിക്കാനുള്ള നിയമബാധ്യത ജീവനാംശം അവകാശപ്പെടുന്ന സ്ത്രീക്കുണ്ടെന്നും കോടതി അടിവരയിട്ടു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം