പയ്യോളി മനോജ് വധം: പ്രതികളുടെ നുണപരിശോധനാ ഹര്‍ജി തള്ളി

September 26, 2012 കേരളം

കോഴിക്കോട്: പയ്യോളിയിലെ ബിജെപി പ്രവര്‍ത്തകനായിരുന്ന മനോജ് കൊല്ലപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകരായ ആറു പ്രതികള്‍ നല്‍കിയ നുണപരിശോധന ഹര്‍ജി കോടതി തള്ളി. പാര്‍ട്ടി വിലക്കിനെ മറികടന്നാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. അന്വേഷണം പൂര്‍ത്തിയായി വിചാരണ തുടങ്ങാനിരിക്കെ ഇത്തരം ഒരു വാദം ഉന്നയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് കോഴിക്കോട് സെഷന്‍സ് കോടതി ഹര്‍ജി തളളിയത്.

കേസിലെ ഒന്നാം പ്രതിയും പയ്യോളി ഓട്ടോ സെക്ഷന്‍ സിഐടിയു സെക്രട്ടറിയുമായ പുതിയോട്ടില്‍ വീട്ടില്‍ അജിത്കുമാര്‍, രണ്ടാം പ്രതിയും ഡിവൈഎഫ്‌ഐ പയ്യോളി വില്ലേജ് സെക്രട്ടറിയുമായ ജിതേഷ്, മൂന്നാം പ്രതിയും സിപിഎം പയ്യോളി ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ വടക്കേയില്‍ ബിജു, നിസാം, നിധീഷ്, പ്രിയേഷ് എന്നിവരാണ് ഹര്‍ജി നല്‍കിയത്.

2012 ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബിജെപി പ്രവര്‍ത്തകനായ മനോജിനെ അയാളുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം വെട്ടി പരുക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മരിച്ചത്. ഈ കേസിലെ 15 പ്രതികളില്‍ ഒരാള്‍ ഒഴികെ 14 പ്രതികളും   ആറു മാസമായി റിമാന്‍ഡില്‍ കഴിയുകയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം