ക്ലിന്റണിന്റെ ഭരണകാലത്ത് ആണവ കോഡുകള്‍ നഷ്ടപ്പെട്ടതായി വെളിപ്പെടുത്തല്‍

October 22, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

വാഷിംഗ്ടണ്‍: ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിനാവശ്യമായ രഹസ്യകോഡുകള്‍ ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായിരിക്കുന്ന കാലത്ത് വൈറ്റ്ഹൗസില്‍ നിന്ന് മാസങ്ങളോളം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയിലെ ജോയിന്റ് ചീഫ്‌സ് ഓപ് സ്റ്റാഫിന്റെ മുന്‍ ചെയര്‍മാന്‍ ജനറല്‍ ഹഗ് ഷെല്‍ട്ടനാണ് തന്റെ പുതിയ പുസ്തകത്തിലൂടെ ഇക്കാര്യം പുറത്തുവിട്ടത്.പ്രസിഡന്റിന്റെ ഏറ്റവുമടുത്ത സഹായിയാണ് ഈ കോഡ് സാധാരണ സൂക്ഷിക്കുക. 2000 കാലഘട്ടത്തിലാണ് സംഭവം നടക്കുന്നത്.കോഡുകളടങ്ങിയ പെട്ടി സ്ഥാനംമാറ്റി വച്ചതാണെന്ന് വൈറ്റ് ഹൗസിലെ ഒരു ഉദ്യോഗസ്ഥന്‍ പിന്നീട്  സമ്മതിച്ചതായും ഷെല്‍ട്ടന്‍ പുസ്തകത്തില്‍ വിശദീകരിച്ചു. ആണവ കോഡിന്റെ നടപടിക്രമങ്ങള്‍ അനുസരിച്ച് എല്ലാ മാസവും ഈ രഹസ്യകോഡ് പരിശോധിക്കുന്നതിനായി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചിട്ടുണ്ട്. രഹസ്യ കോഡുകളടങ്ങിയ കാര്‍ഡ് ഓരോ തവണയും പുതിയ കോഡുകളിലേക്കു മാറ്റണം. കോഡ് മാറ്റേണ്ട രണ്ട് അവസരങ്ങളിലും കോഡ് പുതുക്കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.കോഡുകളടങ്ങിയ കാര്‍ഡ് പ്രസിഡന്റിന്റെ കൈവശമായിരുന്നു. അദ്ദേഹം ഒരു യോഗത്തിലായിരുന്നതിനാല്‍ കാര്‍ഡ് ആവശ്യപ്പെടാനായില്ല. ഇക്കാരണത്താല്‍ കോഡ് മാറ്റം സാധിക്കില്ലെന്നു  വൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിക്കുകയായിരുന്നെന്ന് ഷെല്‍ട്ടന്‍ പറഞ്ഞു. പിന്നീടാണ് ഇവ നഷ്ടപ്പെട്ടതായി വൈറ്റ് ഹൗസിലെ തന്നെ ഉദ്യോഗസ്ഥന്‍ സമ്മതിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍