വ്യാജ സിഡി: ലണ്ടനില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശിക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

September 28, 2012 കേരളം

തിരുവനന്തപുരം: മലയാള സിനിമകളുടെ വ്യാജ സിഡികള്‍ നിര്‍മ്മിച്ച് വിദേശരാജ്യങ്ങളില്‍  വിതരണം നടത്തുന്ന സംഘത്തിലെ മുഖ്യ സൂത്രധാരനെതിരെ കേന്ദ്ര ഇന്റലിജന്‍സ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കി. ലണ്ടനില്‍ താമസിക്കുന്ന വര്‍ക്കല സ്വദേശി പ്രേംകുമാര്‍(43)നെതിരെയാണ് ആന്റീ പൈറസി സെല്ലിന്റെ അഭ്യര്‍ഥനയനുസരിച്ച് കേന്ദ്ര ഇന്റലിജന്‍സ് ലുക്കൌട്ട് നോട്ടീസ് പുറത്തിറക്കിയത്.

സ്വപ്നസഞ്ചാരിയെന്ന ചലച്ചിത്രത്തിന്റെ വ്യാജ സിഡിയുടെ ഉറവിടം തേടി ആന്റീ പൈറസി സെല്‍ എസ്പി.രാജ്പാല്‍ മീണ, ഡിവൈഎസ്പി. എസ്.റഫീക്ക് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം നടത്തിയ അന്വേഷണമാണ് പ്രേംകുമാറിലേക്ക് ചെന്നെത്തിച്ചത്. മലയാള സിനിമകളുടെ പ്രിന്റുകള്‍ ബാഗ്ളൂരിലുളള എച്ച്എംടി എന്ന തീയേറ്ററില്‍ വച്ച് രഹസ്യമായി പ്രദര്‍ശിപ്പിച്ച് അവ മെമ്മറി കാര്‍ഡുകളിലാക്കി ലണ്ടനിലുളള പ്രേംകുമാറിന് എത്തിച്ച് കൊടുത്താണ് വ്യാജ സിഡികള്‍ നിര്‍മ്മിക്കുന്നതെന്ന് നേരത്തെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ആന്റീ പൈറസി സെല്‍ ഇയാള്‍ക്കെതിരെ കേസെടുത്തെങ്കിലും അറസ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ ലുക്കൌട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം