നേപ്പാളില്‍ വിമാനം തകര്‍ന്ന് 19 മരണം

September 28, 2012 പ്രധാന വാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

കാഠ്മണ്ഡു: നേപ്പാളില്‍ വിമാനം തകര്‍ന്ന് 19 പേര്‍ മരിച്ചു. പതിനാറ് യാത്രക്കാരും മൂന്ന് ജോലിക്കാരുമാണ് മരിച്ചത്. വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടില്ല. ഏഴു ബ്രിട്ടീഷ് പൗരന്‍മാരും അഞ്ചു ചൈനാക്കാരും മൂന്നു വിമാനജോലിക്കാരുള്‍പ്പെടെ ഏഴ് നേപ്പാളികളുമാണ് വിമാനത്തിലുണ്ടായിരുന്നത്.

കാഠ്മണ്ഡു വിമാനത്താവളത്തില്‍ നിന്നും പറന്നു പൊങ്ങി മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വിമാനത്തിന് തീപിടിക്കുകയായിരുന്നു. തകര്‍ന്ന വിമാനം മനോഹര നദിയുടെ തീരത്തേയ്ക്ക് കത്തിവീഴുകയായിരുന്നു. സിറ്റ എയറിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഡോണിയര്‍ എയര്‍ക്രാഫ്റ്റാണ് വെള്ളിയാഴ്ച രാവിലെ 6.30ഓടെ അപകടത്തില്‍പ്പെട്ടത്. ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥര്‍ ത്രിഭുവന്‍ ആശുപത്രിയിലെത്തി മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനുള്ള ശ്രമം നടത്തുകയാണ്.

കാഠ്മണ്ഡുവില്‍ നിന്നും വടക്കുകിഴക്കന്‍ നേപ്പാളിലെ ലുക്‌ലയിലേക്ക് പോവുകയായിരുന്നു വിമാനം. പക്ഷിയിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍