പാചകവാതക കണക്ഷനുകള്‍ വൈകും

September 29, 2012 മറ്റുവാര്‍ത്തകള്‍

ന്യൂഡല്‍ഹി:  പുതിയ പാചകവാതക കണക്ഷനുകള്‍ എണ്ണകമ്പനികള്‍ നിരോധിച്ചെന്ന വാര്‍ത്ത പെട്രോളിയം മന്ത്രാലയം നിഷേധിച്ചു.
എന്നാല്‍ സബ്‌സിഡി സിലിണ്ടറുകള്‍ക്ക് വേണ്ടിയുള്ള അപേക്ഷകളില്‍ എല്ലാവിധ അന്വേഷണവും നടത്തിയശേഷമേ കണക്ഷനുകള്‍ നല്‍കൂ എന്ന് മന്ത്രാലയം വ്യക്തമാക്കി. അതോടൊപ്പം പഴയ കണക്ഷനുകളുള്ള ഉപഭോക്താക്കളെക്കുറിച്ച് പരിശോധന നടത്താനും എണ്ണകമ്പനികള്‍ തീരുമാനിച്ചിട്ടുണ്ട്.
ഒന്നിലധികം സിലിണ്ടറുകള്‍ കൈവശം വൈക്കുന്നവരെക്കുറിച്ചുള്ള അന്വേഷണം എണ്ണകമ്പനികളുടെ നേതൃത്വത്തില്‍ നടക്കുകയാണ് അത് പൂര്‍ത്തിയാകുന്ന മുറയ്‌ക്കേ പുതിയവ നല്‍കൂ. പുതിയ കണക്ഷനുള്ള അപേക്ഷ സ്വീകരിക്കുന്നതിന് നിരോധനമില്ലെന്ന് മന്ത്രാലയത്തിന്റെ പത്രക്കുറിപ്പില്‍ പറയുന്നു.

ഒരേ മേല്‍വിലാസത്തില്‍ പലപേരുകളിലായി ഒന്നിലധികം കണക്ഷനുകളുള്ളത് കണ്ടെത്തുന്നതിനാണ് പരിശോധന. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കൊല്ലത്തില്‍ ആറായി ചുരുക്കിയ സാഹചര്യത്തിലാണ് എണ്ണക്കമ്പനികള്‍ പരിശോധന തുടങ്ങിയത്. ഏറ്റവും പുതിയ തിരിച്ചറിയല്‍ കാര്‍ഡും താമസിക്കുന്നതിനുള്ള തെളിവും ഉപഭോക്താക്കള്‍ ഹാജരാക്കണം. പരിശോധന പൂര്‍ത്തിയാക്കാന്‍ നാലുമാസത്തിലധികം എടുക്കുമെന്ന് എണ്ണക്കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍