കൈകസി

September 29, 2012 സനാതനം

ഹരിശങ്കര്‍

ഇരുള്‍മാത്രം വിതുമ്പി നില്‍ക്കുന്ന പാതാളം. വൈകൃതംപൂണ്ട പരിസരങ്ങള്‍. ഓര്‍ക്കുന്തോറും ജീവതത്തോടുതന്നെ വിരക്തി. ‘ഹാ… എന്തുചെയ്യാം എല്ലാം വിധിതന്നെ’. സുമാലി ആശ്വസിക്കാന്‍ ശ്രമിച്ചുകൊണ്ട് മെത്തയില്‍ എഴുന്നേറ്റിരുന്നു.

ആ സമയത്ത് കാര്‍മേഘവര്‍ണ്ണയായ ഒരു അല്‍ഭുതാംഗി ആ മുറിയിലേക്കു കടന്നുവന്നു. സുമാലിയുടെ പാദങ്ങളില്‍ തൊട്ടുകൊണ്ട് അവള്‍ അറിയിച്ചു. ‘പിതാവേ അവിടത്തെ പാദങ്ങളില്‍ കൈകസി നമസ്‌കരിക്കുന്നു’.

നല്ലതുവരട്ടെ. സുമാലി മകളെ ആശീര്‍വദിച്ചു. അതിനുശേഷം സുമാലി പറഞ്ഞു കൈകസി ഒരുയാത്രയ്ക്കുവേണ്ടി ഒരുങ്ങിനില്‍ക്കുക. ഉടനെ നാം ഭൂലോകത്തിലേക്ക് യാത്രയാകുകയാണ്. കൈകസി ആകെ സന്തോഷവതിയായി. അവള്‍ ചോദിച്ചു ‘ഞാന്‍ കേട്ടത് ശരിതന്നെയോ താതാ’. അതേ നാം ഇതു ആഗ്രഹിച്ചുതുടങ്ങിയിട്ടു എത്രയോ നാളുകളായി. ഇന്ന് നമ്മുടെ മനസ്സ് അതിനുവേണ്ടി തുടിക്കുന്നു. അതെ എനിക്ക് എന്റെ ലങ്ക കാണാന്‍ തിടുക്കമായി മകളെ. സുമാലിയുടെ കണ്ഠമിടറി കണ്ണുകള്‍ നിറഞ്ഞു. അച്ഛാ ഞാന്‍ ഉടനെ ഒരുങ്ങിവരാം. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ സുമാലി മകളുമായി ഭൂലോകത്തിലേക്ക് യാത്രയായി. അവര്‍ വളരെവേഗം യാത്രചെയ്ത് ലങ്കാസമീപമെത്തി.

അനേകം സ്വര്‍ണ്ണമയമായ മണിമാളികകളും കനകപ്രഭ വിതറുന്ന രാജധാനിയും, വസന്ത ദേവത നര്‍ത്തനമാടുന്ന തരുവാടികളും മനസ്സിനെ ത്രസിപ്പിക്കുന്ന കിന്നരഗീതികളും കൈകസിയെ പെട്ടെന്ന് വികാരപുളകിയതയാക്കി. അവള്‍ ലങ്കയെ നോക്കിപറഞ്ഞു ‘ഹാ എന്തുമനോഹരമാണ് അച്ഛന്റെ രാജ്യം. ഈ ഗോപുരങ്ങള്‍ക്ക് എന്ത് ഐശ്വര്യമാണ്. ഹാ ഈ പുഷ്പങ്ങളുടെ മാതകഗന്ധവും മനസ്സിനെ ഇളക്കുന്നു. ഈ കിന്നരഗീതവും… എന്നെ സന്തോഷത്തിന്റെ അത്യുച്ഛകോടിയിലെത്തിക്കുന്നു. ആരാണ് ഇവിടത്തെ അരചന്‍ പിതാവേ… ഈ അതുല്യമായ ശില്പങ്ങള്‍ ഏത് ശില്പിയാണു തീര്‍ത്തത്?’.

പറായം… മകളേ.. കേള്‍ക്കൂ. പണ്ട് ദേവന്‍മാര്‍ക്കുവേണ്ടി സുരശില്പിയായ വിശ്വകര്‍മ്മാവ് വളരെക്കാലംകൊണ്ട് പടുതുയര്‍ത്തിയാതാണീ ലങ്കാനഗരം. ദേവന്‍മാരില്‍നിന്നും ഒരിക്കല്‍ ഞങ്ങള്‍ ഇത് പിടിച്ചടക്കി. പക്ഷേ ഒരുകാലത്ത് ഞങ്ങള്‍ക്കതു നഷ്ടപ്പെട്ടു. ഇപ്പോള്‍ ലങ്ക ഭരിക്കുന്നത് വിശ്രവസ്സ് മഹര്‍ഷിയുടെ പുത്രനായ വൈശ്രവണനാണ്.

ആ സമയത്ത് വൈശ്രവണന്‍ പിതാവിനെ നമസ്‌കരിക്കുന്നതിനുവേണ്ടി തന്റെ ബ്രഹ്മദത്തമായ പുഷ്പകവിമാനത്തിലേറി ഗഹനത്തിലൂടെ പോകുന്നത് കാണാറായി. അദ്ദേഹത്തെ ചൂണ്ടിക്കൊണ്ട് സുമാലി മകളോട് ഇപ്രകാരം പറഞ്ഞു.

‘ഉത്സാഹമുണ്ടു നിനക്കെങ്കിലിക്കാലും
തത്സമനായൊരു പുത്രനുണ്ടായ് വരും
പൗലസ്ത്യനാകിയ വിശ്രവസാം മുനി-
കാലത്തു സേവിക്ക നീയിനി നന്ദനേ
തൈലോക്യ സമ്മതനായൊരു നന്ദനന്‍
പൗലസ്ത്യ പുത്രനായുണ്ടായ് വരുമെന്നാല്‍’

ഇത്രയും മകളെ ധരിപ്പിച്ചതിനുശേഷം സുമാലി ഇടറിയ കണ്ഠത്തോടെ വീണ്ടും പറഞ്ഞു. മകളേ നിന്നിലൂടെ… നിനക്കുണ്ടാകുന്ന പുത്രനിലൂടെ ഞാന്‍ അസുരന്മാരുടെ ഉന്നമനം കാണുന്നു. നഷ്ട സൗഭാഗ്യങ്ങളുടെ തിരിച്ചുവരവിനുവേണ്ടി…. ഞങ്ങള്‍ കാത്തിരിക്കും. പോയ് വരൂ. മകളുടെ ഉത്സാഹത്തില്‍ വിശ്വസിച്ചുകൊണ്ട് സുമാലി അവിടെനിന്നു തിരിച്ചുപോയി.

പിതാവില്‍ നിന്നും സൂചനരൂപേണ കിട്ടിയ ഉപദേശം ബുദ്ധിമതിയായ കൈകസി വേണ്ടവിധത്തില്‍തന്നെ ഗ്രഹിച്ചു. അസുരവംശത്തില്‍ ഇപ്പോള്‍ വേണ്ടത്. ബലവാനും അജയ്യനുമായ ഒരു നേതാവിനെയാണ്. അങ്ങനെ ഒരാളുണ്ടായാല്‍… പാതാളത്തിലേക്കു അടിച്ചോടിക്കപ്പെട്ട രാക്ഷസവംശത്തെ ഉദ്ധരിക്കാന്‍ സാധിക്കുമെങ്കില്‍.. നഷ്ടപ്പെട്ട ഈ ലങ്കാരാജ്യം തിരികെ പിടിക്കാന്‍ സാധിക്കുമെങ്കില്‍ അതിനുവേണ്ടി തന്റെ എല്ലാം ഹോമിക്കേണ്ടിവന്നാലും താനതുചെയ്യും. കൈകസിയുടെ തീരുമാനം ഉറച്ചതായിരുന്നു. ഇനിപ്രവര്‍ത്തിക്കുകയാണ് വേണ്ടത്. അതേ അതില്‍ താന്‍ വിജയിച്ചാല്‍ ധന്യയായി.

കൈകസി പിന്നെയൊന്നും ചിന്തിച്ചില്ല. മഹാ താപസനും തേജസ്വിയുമായ വിശ്രവസിന്റെ ആശ്രമാന്തികത്തിലേക്കു നടന്നു. സന്ധ്യാംബരം അരുണമായിരിക്കുന്നു. മുനീന്ദ്രന്‍ സന്ധ്യാവന്ദനത്തിനുവേണ്ടി ആശ്രമത്തില്‍നിന്നും പുറത്തേക്കിറങ്ങുന്ന സമയം കൈകസി ഭക്തിനിര്‍ഭരം അദ്ദേഹത്തിന്റെ മുന്നില്‍ മുട്ടുകുത്തി കൈകള്‍ കൂപ്പി നമ്രശിരസ്‌കയായി. വിശ്രവസ് ആകെ ആശ്ചര്യഭരിതനായി. തന്റെ മുമ്പില്‍ ഭക്ത്യാദരവോടെ മുട്ടികുത്തിനില്‍ക്കുന്ന ആ കറുത്തസൗന്ദര്യത്തോടു ചോദിച്ചു ഭദ്രേ… നീ ആരാണ്? എന്തിനായിട്ടാണ് നമ്മെ ശരണം പ്രാപിക്കുന്നത്.

കൈകസി ഭക്തിപൂര്‍വ്വം അറിയിച്ചു. മഹാമുനേ… അടിയന്‍ സുമാലിയുടെ പുത്രി കൈകസിയാണ്. അങ്ങ് അടിയന്റെ അതിയായ ആഗ്രഹം നിറവേറ്റിത്തരണം.

സന്താനമാശു ദേഹീതി ദേഹീതിയേ-
ന്നന്തര്‍മുദാ വരിച്ചിടിനാള്‍ കൈകസി

ശാന്തശീലനായ വിശ്രവസ്സ് കൈകസിയെ ഉപദേശിച്ചു. സുന്ദരി… സന്ധ്യാനേരത്ത് സന്താനമുണ്ടായാല്‍ അവ ദുര്‍ബുദ്ധികളും അസുരഗുണമുള്ളവരായി നീചരായി ഭവിക്കും.

ഭഗവാനെ അങ്ങനെ അരുളിചെയ്യരുത്. അവിടുത്തേക്കു ഉണ്ടാകുന്ന പുത്രര്‍ ഒരിക്കലും ദുര്‍മതികള്‍ ആയിത്തീരില്ല. അതുകൊണ്ട് കാര്യണ്യത്തോടെ എന്നെ പുത്രവതിയാക്കിയാലും.

ഉടന്‍തന്നെ വിശ്രവസ്സ് അവളെ പരിഗ്രഹിച്ചു. കാലങ്ങള്‍ കടന്നതോടെ അവരുടെ ദാമ്പത്യം പൂവണിഞ്ഞു. കൈകസി യഥാകാലം രാവണന്‍, കുംഭകര്‍ണന്‍, ശൂര്‍പ്പണഖ, വിഭീഷണന്‍ എന്നീ നാലുകുഞ്ഞുങ്ങള്‍ക്ക് ജന്മമേകി. അതിനുശേഷം മുനിയെക്കൊണ്ട് പുത്രന്മാരെ യഥാവിധി ഉപനയനം നടത്തിച്ചു. ബാല്യം കഴിഞ്ഞതോടെ കൈകസി കുട്ടികളുമായിചെന്ന് തന്റെ പിതാവിനെ വന്ദിച്ചു.

കാര്യം സാധിച്ചു മടങ്ങിയെത്തിയ മകളെ സുമാലി മാറോടണച്ചാശ്ലേഷിച്ചു. പിന്നീട് കൈകസി കുട്ടികളുമൊത്ത് ലങ്കയ്ക്കടുത്തുള്ള ശ്ലേഷ്‌മോദകം എന്ന വനത്തില്‍ താമസമാക്കി. അവിടെ കളിച്ചും രസിച്ചും രാവണാദികള്‍ വളര്‍ന്നുകൊണ്ടേയിരുന്നു. ഒരുദിവസം ഗഹനവീഥിയിലൂടെ പാഞ്ഞുപോകുന്ന ഒരു വിമാനവും അതിനകത്തെ സുന്ദരനായ പുരഷനെയും കണ്ട് രാവണന്‍ അമ്മയോടു ചോദിച്ചു. മാതാവേ.. അതിമനോഹരമായ വിമാനം ആരുടേതാണ്. അതില്‍ യാത്രചെയ്യുന്ന വിശ്വമോഹനനായ ആ പുരുഷന്‍ ആരാണ്?.

‘ദിക്കുകളൊക്കെ വിളങ്ങുമാറങ്ങനെ
രാജനാകിയ താതനെ വന്ദിപ്പാന്‍
രാജരാജന്‍മുദാ പോകുന്നതുനേരം
കണ്ടുചെന്നാള്‍ മകന്‍ തന്നോട് കൈകസി
കണ്ടോര്‍ തവാഗ്രജന്‍ പോകുന്ന കോപ്പുനീ
ഇന്നു നിനക്കുമവനുമൊരുമുനി-
തന്നെ പിതാവതുകൊണ്ടെന്തൊരുഫലം’

എന്നിങ്ങനെ ഉത്തരമേകി കണ്ണുനീര്‍പൊഴിക്കുന്ന ജനനിയെ സാന്ത്വനിപ്പിച്ച് രാവണന്‍ പറഞ്ഞു. മാതാവേ… ഇന്നുമുതല്‍ ഞാനും അനുജന്‍മാരും തപസ്സിനു പുറപ്പെടുകയായി. ഇനി വൈശ്രവണനെക്കാള്‍ മറ്റാരെക്കാള്‍ വലിയവനായേ ഈ മകന്‍ തിരിച്ചുവരൂ. ഇതു സത്യം.

രാവണന്‍, കുംഭകര്‍ണവിഭീഷണന്‍മാരുമായി തപസ്സിനു പുറപ്പെട്ടു. അനേകവര്‍ഷത്തെ ഘോരമായ തപസ്സുകൊണ്ട് പത്മോത്ഭവനെ പ്രത്യക്ഷനാക്കി. മനുഷ്യരൊഴികെ തന്നെ ആരും വധിക്കരുത് എന്നവരവും- കുംഭകര്‍ണന്‍ നിര്‍ദ്ദേവത്വം എന്നതിനുപകരം നിദ്രാവത്വവും, ഇളയവനായ വിഭീഷണന്‍ ഭഗവത്ഭക്തിയും സദാചാരനിഷ്ഠയും വരമായി വരിച്ചു.

വരങ്ങള്‍ നേടി എത്തിയ പുത്രന്മാരെ കൈകസി ഗാഢം പുണര്‍ന്നു. ഇതോടെ കൈകസിയില്‍ അര്‍പ്പിതമായ ദൗത്യം പൂര്‍ണമാകുകയായി.

പിന്നീടുള്ള രാവണന്റെ ഐശ്വര്യം അതിവേഗത്തിലായിരുന്നു. ലങ്കയുടെ തിരിച്ചുപിടിത്തത്തിലും മകന്റെ മഹനീയതയിലും ആ അമ്മ സന്തോഷിച്ചു. എന്നാല്‍ ആ മകന്‍ കൂടുതല്‍ കൂടുതല്‍ ഉപദ്രവകാരിയും പാപിയും ആയിത്തീരുന്നതുകണ്ട് ആ അമ്മയുടെ മനസ്സ് നൊന്തിരിക്കണം.

സ്ത്രീ പീഠനങ്ങള്‍ നടത്തുന്ന മകനോട് പലപ്രാവശ്യം ആ അമ്മ മനംനൊന്ത് പറഞ്ഞു. പാപംചെയ്യരുത് അവസാനം അവതാരമൂര്‍ത്തിയായ രാമന്റെ സതീരത്‌നയായ ഭാര്യയെ തന്റെ മകന്‍ അപഹരിച്ചത് ആ അമ്മയ്ക്ക് സഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ മകനെ കഠിനമായി ഭത്സിച്ചു. പക്ഷേ വരതര്‍പ്പിതനായ രാവണന്‍ അതുകേട്ടില്ല എന്നു നടിച്ചു.

ഈ സന്ദര്‍ഭത്തിലാണ് മുനിയുടെ ഉപദേശിച്ചതിന്റെ പൊരുള്‍ കൈകസിക്കു തികച്ചും മനസ്സിലാകുന്നത്. അന്നു പോയതെല്ലാം തിരിച്ചുപിടിക്കണമെന്ന വ്യഗ്രതയായിരുന്നു. അതുകൊണ്ടുതന്നെ പുണ്യങ്ങള്‍ക്കു അവിടെ സ്ഥാനവുമുണ്ടായിരുന്നില്ല. ഇന്നോ വിശ്വവിശ്രുതനായ വിശ്രവസ്സു മഹര്‍ഷിയുടെ മകന്‍ അതുമൂലം ദ്രോഹിയായി തീര്‍ന്നിരിക്കുന്നു. കരയാനേ ആ അമ്മയ്ക്കു കഴിഞ്ഞുള്ളൂ. പിന്നീട് ആ മാതാവിന്റെ ജീവിതം വേദനാപൂര്‍ണ്ണമായിരുന്നു. അവസാനം എല്ലാം വിധിയാണെന്ന് കരുതി സമാധാനിക്കുന്ന ആ അമ്മ രാവണന്‍ ഒരിക്കല്‍ നന്നാവുമെന്ന് എല്ലാ അമ്മമാരെപ്പോലെയും ചിന്തിച്ചിരിക്കണം. വിശ്വജേതാവായ ദശഗ്രീവന്റെ അമ്മ വിഷ്ണുഭക്തനായ വിഭീഷണന്റെ അമ്മ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. സ്വന്തം വംശത്തിനുവേണ്ടി ത്യാഗങ്ങള്‍ സഹിച്ച ഈ വീരമാതാവ് രാമായണത്തിലെ ഒരു ദുഃഖപുത്രിതന്നെയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം