രൂപയുടെ ഉയര്‍ന്ന മൂല്യം: പണമൊഴുക്ക് കുറഞ്ഞു

October 22, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയര്‍ന്നതിനെത്തുടര്‍ന്ന് ഗള്‍ഫ് ഉള്‍പ്പെടെ വിദേശ  രാജ്യങ്ങളില്‍നിന്ന്  പ്രവാസികളുടെ പണമൊഴുക്ക് കുറഞ്ഞതായി സൂചന. അതേസമയം, ഇതേ രീതിയില്‍ നിരക്ക് വന്‍ തോതില്‍ വര്‍ധിക്കുന്ന സാഹചര്യമുണ്ടായാല്‍ റിസര്‍വ് ബാങ്ക് ഇടപെടാന്‍ സാധ്യതയുണ്ട്. റിസര്‍വ് ബാങ്ക് ഇടപെടണമെന്ന ആവശ്യം ഇപ്പോള്‍ തന്നെ കയറ്റുമതിക്കാരില്‍നിന്ന്, പ്രത്യേകിച്ച് ഇന്ത്യയിലെ ഐ.ടി. കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിട്ടുണ്ട്. രൂപയുടെ അമിത മൂല്യം ഇന്ത്യന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കാനാണിത്.
2008നു ശേഷമുള്ള ഏറ്റവും ശക്തമായ നിലയിലാണ് ഈ മാസം 15ന് രൂപയുണ്ടായിരുന്നത്. ഒരു ഡോളറിന് 43.09 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഇന്നലെ ആദ്യം ഡോളറിനെതിരെ രൂപയുടെ നിരക്ക് കുറഞ്ഞെങ്കിലും ചൈനീസ് വിപണിയിലെ ചില ചലനങ്ങള്‍ കാരണം വീണ്ടും ഉയര്‍ന്നു. ഒരു ഡോളറിന് 44.48 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. ഇതുമൂലം സൗദിയിലെ പ്രമുഖ ബാങ്കില്‍ 1,000 രൂപക്ക് 85 റിയാലായിരുന്നു നിരക്ക്. അതായത്, ഒരു റിയാലിന് 11.76 രൂപ. മറ്റൊരു പണവിനിമയ സ്ഥാപനത്തില്‍ വൈകിട്ട് 5.30ന് 85.49 ആണുണ്ടായിരുന്നത്. ഒരു റിയാലിന് 11.69 രൂപ.
വിനിമയ നിരക്ക് വന്‍ തോതില്‍ ഉയര്‍ന്നത് കാരണം പ്രവാസികളില്‍ നല്ലൊരു ശതമാനം നാട്ടിലേക്ക് പണമയക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയാണ്. പകരം, നാട്ടില്‍ ബാങ്ക് ബാലന്‍സുള്ളവര്‍ അതുകൊണ്ട് നീക്കുപോക്ക് നടത്തുന്നു. എന്നാല്‍, അത്യാവശ്യക്കാര്‍ നിരക്ക് കാര്യമാക്കുന്നില്ല. എങ്കിലും ഒരുമിച്ച് കൂടുതല്‍ പണം അയക്കാന്‍ പൊതുവെ മടിക്കുന്ന പ്രവണതയാണുള്ളത്.

അതിനിടെ, രൂപയുടെ വിനിമയ നിരക്ക് കുത്തനെ ഉയരുന്നത് തടയണമെന്ന് ഇന്ത്യന്‍ കയറ്റുമതി മേഖലയിലുള്ളവര്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെട്ടുതുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. നിരക്ക് വന്‍ തോതില്‍ ഉയരുന്നത് കയറ്റുമതിയെ പ്രതികൂലമായി ബാധിക്കും. ഇന്ത്യയില്‍നിന്ന് ഇറക്കുമതി നടത്തുന്നവര്‍ പണം നല്‍കുന്നത് ഡോളറിലാണ്. രൂപയുടെ നിരക്ക് ഉയരുന്നതിനനുസരിച്ച് അവര്‍ നല്‍കുന്ന സംഖ്യ വര്‍ധിപ്പിക്കേണ്ടിവരും. ഇത് ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യാന്‍ ഇവര്‍ക്ക് മടിയുണ്ടാക്കും. അതേസമയം, ഇതേ ഉല്‍പന്നങ്ങള്‍ ലഭിക്കുന്ന മറ്റു രാജ്യങ്ങളെ ഇവര്‍ ആശ്രയിക്കുകയും അത് ഇന്ത്യന്‍ കയറ്റുമതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് നിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടാന്‍ സാധ്യത തെളിയുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം