‘കരുവാറ്റാസ്വാമികള്‍’

September 30, 2012 സനാതനം

പി.കെ.ഗോപാലകൃഷ്ണപിള്ള

കരുവാറ്റാസ്വാമികള്‍ എന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന സ്വാമിരാമഭദ്രന്റെ മഹാമന്ത്രങ്ങളില്‍ പ്രഥമമായിരുന്നത് ‘ഓം നമോ ഭഗവതേ വാസുദേവായ’ ആ മഹത്മന്ത്രത്തിന് പ്രചുരപ്രാചരം കൊടുക്കണമെന്നുള്ള അദ്ദേഹത്തിന്റെ ആഗ്രഹം നിറവേറ്റിയെങ്കിലും അതിന്റെ ഭാരിച്ച ജോലികള്‍ തന്റെ ശിഷ്യസഞ്ചയങ്ങളെ ഏല്‍പിച്ചിട്ടുണ്ട്.

കാര്‍ത്തികപ്പള്ളി താലൂക്കില്‍ കരുവാറ്റാ എന്‍.എസ്.എസ്. ഹൈസ്‌കൂളിനു സമീപം വളരെ സാമ്പത്തികപരാധീനതയില്‍ കഴിഞ്ഞുവന്ന ഒരു വീട്ടിലാണ് സ്വാമി ‘രാമന്‍’ ജനിച്ചത്. രാമന് പേരും പെരുമയുമുള്ള ബന്ധുക്കള്‍ ആരും തന്നെയില്ലായിരുന്നു. ജീവിതത്തിന്റെ പ്രാഥമിക ആവശ്യമായ ആഹാരംപോലും രാമന്‍ മുട്ടുവന്നതുകൊണ്ട് പല്ലനയുള്ള ഒരു ധനികകുടുംബത്തില്‍ വീട്ടുജോലിയ്ക്കുപോകാന്‍ നിര്‍ബന്ധിതനായി. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പല വ്യത്യസ്തസ്വഭാവങ്ങളും നാട്ടുകാരും വീട്ടുകാരും രാമനില്‍ കണ്ടിട്ടുണ്ട്. സല്‍ഗുണസമ്പന്നനും വിനീതനുമായ ആ ബാലനെ എല്ലാപേരും ഇഷ്ടപ്പെട്ടിരുന്നു. രാമന്‍ ജോലിയ്ക്കുനിന്ന വീട്ടില്‍ രാമനെ കൂടാതെ പ്രായമായ മറ്റ് മൂന്നാലുഭൃത്യന്മാര്‍കൂടി ഉണ്ടായിരുന്നു. മറ്റു ജോലിക്കാരുടെകൂടെ രാത്രി ഉറങ്ങാന്‍ കിടക്കുന്ന ‘രാമന്‍’ നിത്യേന അര്‍ധരാത്രിയില്‍ ഇറങ്ങി എങ്ങോട്ടാ പോകുക പതിവായി.

തങ്ങളുടെ ഈ കൂട്ടുകാരന്‍ എന്തോ അനാവശ്യങ്ങള്‍ക്കായി പോകുകയാണെന്നുള്ള നിഗമനത്തില്‍ എത്തിച്ചേര്‍ന്നു. അവര്‍ ഈ വിവരം രഹസ്യമായി കുടുംബകാരണവന്മാരെ അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശപ്രകാരം രാമനെ നിരീക്ഷിക്കാന്‍ തുടങ്ങി. ഒരു ദിവസം എല്ലാപേരും ഉറങ്ങുന്ന മട്ടില്‍ കിടന്നു. നമ്മുടെ ‘രാമന്‍’ പതുക്കെ എഴുന്നേറ്റ് യാത്രയായി കൂട്ടുകാര്‍ രാമനെ പിന്‍തുടര്‍ന്നു. രാമന്‍ പോയത് മറ്റെങ്ങുമല്ല. നേരേ കടല്‍ തീരത്തേയ്ക്കാണ്. കടലില്‍ ഇറങ്ങി കുളി കഴിഞ്ഞ് ആ മണലില്‍ തന്നെയിരുന്ന് ധ്യാനം ആരംഭിച്ചു. സൂക്ഷിപ്പുകാര്‍ പ്രയാസത്തിലായി. അവര്‍ പതുങ്ങിയിരിക്കുയാണ്. നേരം പോകുന്നില്ല. ഏതാണ്ട് വെളുപ്പിന് അഞ്ച് നാഴികയുള്ളപ്പോള്‍ രാമനെഴുന്നേറ്റു. കൂട്ടുകാര്‍ അതിവേഗം ഓടി അവരവരുടെ കിടക്കകളില്‍ സ്ഥലംപിടിച്ച് ഉറങ്ങുന്ന മട്ടില്‍ കിടന്നു. ആ ആത്മാനന്ദസ്വരൂപിയായ രാമനുണ്ടോ ഇതു വലതും അറിയുന്നു.

താന്‍ പതിവുപോലെ കിടക്കയില്‍ വന്നു കിടന്നു. മറ്റു ജോലിക്കാര്‍ എഴുന്നേറ്റ സമയത്തിന് രാമനും എഴുന്നേറ്റ് ജോലയില്‍ പ്രവേശിച്ചു. തലേന്നാള്‍ രാത്രിയിലെ പൂര്‍ണ്ണവിവരം വളരെ ലജ്ജയോടുകൂടിതന്നെ രാമന്റെ കൂട്ടുജോലിക്കാര്‍ കാരണവരെ ധരിപ്പിച്ചു. അദ്ദേഹം പരിഭ്രമിച്ചു ഭയന്നു. ഈശ്വരഭക്തന്റെ മുമ്പില്‍ തലകുനിക്കാത്തവരായി ആരുമില്ല. കാരണവര്‍ രാമനെ വിളിച്ചു. ‘രാമന്‍ ഇന്നുമുതല്‍ ജോലിയൊന്നും ചെയ്യണ്ട, ഇവിടെവിടെയങ്കിലും സൗകര്യമായി ഇരുന്ന് ധ്യാനിച്ചാല്‍ മതി’ എന്ന് വളരെ വിനീതമായി പറഞ്ഞു. രാമന്‍ എന്തൊക്കെയോ മനസ്സിലായി. തന്റെ നിഷ്ഠയ്ക്കും ചിട്ടയ്ക്കും ഇനിയും അവിടം പറ്റിയതല്ലെന്ന് മനസ്സിലായി ശേഷം, രാമന്‍ ആരോടുമൊന്നും പറയാതെ അര്‍ധരാത്രിയില്‍ സ്ഥലം വിട്ടു. കാരണവരും രാമന്റെ വീട്ടുകാരും അദ്ദേഹത്തെ പല സ്ഥലങ്ങളില്ലും അന്വേഷിച്ചു. ഒരു തുമ്പും കിട്ടിയില്ല.

കാവി വസ്ത്രധാരയായിട്ടാണ് വളരെ വര്‍ഷങ്ങള്‍ക്കുശേഷം നമ്മുടെ ‘രാമന്‍’ മടങ്ങിയെത്തിയത്. ‘ഹരി ഓം, ഹരി ഓം’ എന്നുള്ള മന്ത്രം ഇടവിട്ട് പറയുകയല്ലാതെ വലിയ വര്‍ത്തമാനമൊന്നും അദ്ദേഹം പറയുക പതിവില്ലായിരുന്നു. നാട്ടിലുള്ള സകല പ്രമാണിമാരും അദ്ദേഹത്തെ അംഗീകരിച്ചു. ആരും പറഞ്ഞില്ല അദ്ദേഹം ‘കള്ള’ നാണെന്നു, ‘ദുഷ്ടനാണെന്ന്. അദ്ദേഹത്തിന്റെ ആ നാദബ്രഹ്മത്തിന്റെ മുമ്പില്‍ എല്ലാപേരും പണ്ഡതനും പാമരനും കുചേലനും കുബേരനും സാഷ്ടാംഗം വീണുപോയി.

രാമനെ പിന്നെ ‘കരുവാറ്റാ സ്വാമികള്‍’ എന്ന നാമധേയത്തിലാണ് അറിയപ്പെട്ടത്. മാതൃഭക്തനായ അദ്ദേഹം തന്റെ അമ്മ താമസിച്ച വീടിന്റെ തെക്കുവശത്തുള്ള പറമ്പില്‍ പര്‍ണശാല കെട്ടി താമസമാക്കി. പര്‍ണശാലയെന്നു പറഞ്ഞാല്‍ വെറുമൊരു കുടില്‍. ഒരാള്‍ക്ക് കഷ്ടിച്ച് ഒന്നു കിടക്കാം. വളരെ കുനിഞ്ഞു മാത്രമേ  അതിനുള്ളിലേയ്ക്ക് കയറാന്‍ സാധിക്കൂ. നാട്ടുകാരെക്കൊണ്ട് ഈശ്വരനാമങ്ങള്‍ ചൊല്ലിക്കുന്നതിനും അവര്‍ക്ക് അതിനുള്ള ഒരു ശീലം കൊടുക്കുന്നതിനും മാത്രമായി സ്വാമിജിയുടെ ശ്രദ്ധ. എത്ര നാമം ചൊല്ലിയാലും അദ്ദേഹം തൃപ്തനാവുകയില്ല. അദ്ദേഹം ചെല്ലുന്നയിടത്തെല്ലാം ഒരു വലിയ ജനപ്രവാഹം തന്നെയായി. ആരോടും ഒരു വ്യത്യാസവും കാട്ടാതെയുള്ള അദ്ദേഹത്തിന്റെ വിനിതീമായ പെരുമാറ്റം കൂടുതല്‍ കൂടുതല്‍ ആളുകളെ ആകര്‍ഷിച്ചു തുടങ്ങി. ആരുടെയും ക്ഷണം അദ്ദേഹം നിരസിച്ചില്ല അദ്ദേഹം ഒരു പ്രാവശ്യം ഒരു വീട്ടില്‍ ചെന്നാല്‍ ആ വീട്ടില്‍ നാമജപത്തിന്റെ വിത്ത് കിളിച്ചുകഴിയും. ആ ചെടികള്‍ ഇന്നും നശിച്ചിട്ടില്ല. പൂത്തു കായ്ചിട്ടേയുള്ളൂ.

കരുവാറ്റാസ്വാമികള്‍ ഒരിക്കലും പണം സ്വീകരിച്ചിട്ടില്ല. അദ്ദേഹത്തിന് ഒന്നും വേണ്ട. അതുകൊണ്ട് എല്ലാം അദ്ദേഹത്തിന്റെയടുത്ത് പ്രവഹിക്കാന്‍ തുടങ്ങി. ഇതാണല്ലോ ലോകരഹസ്യംതന്നെ. എല്ലാം ഉപേക്ഷിച്ച് വെറും മുട്ടറ്റമുള്ളമുണ്ടും ഉടുത്തുകൊണ്ട് വട്ടമേശസമ്മേളനത്തിനെത്തിയ മഹാത്മാഗാന്ധിജിയെ സ്വീകരിക്കാന്‍  എത്രയെത്ര കാറുകളാണ് തുറമുഖത്ത് കാത്തുകിടന്നത്? കരുവാറ്റാസ്വാമികള്‍ എവിടെയാണോ അവിടെയെല്ലാം സാധുപൂജയും നടന്നിരുന്നു. അദ്ദേഹത്തിന് അല്ലാത്ത സ്ഥലത്തിരിയ്ക്കാന്‍ മനസ്സുണ്ടായിരുന്നില്ല. ഒരു വീട്ടിലോട്ട് അദ്ദേഹം ചെന്നു കയറാത്ത താമസം – നിലവിളക്കായി, കര്‍പ്പൂരമായി, പഴമായി, പാലായി – എന്നുവേണ്ട സദ്യവരെ ആകുന്നു. ഇതെല്ലാം ഇത്ര പെട്ടെന്ന് ഉണ്ടാകുന്നുവെന്നുള്ളത് അതിശയം മാത്രമായിട്ടുണ്ട്.

ആശ്രമത്തില്‍ ചില സദ്യകള്‍ നടത്താറുണ്ടായിരുന്നു. ആരും ഒന്നും കരുതണ്ടാ. ഒന്നുമില്ലാത്ത ഈ ദരിദ്രന്റെ പര്‍ണശാലയിലെ ചട്ടങ്ങള്‍ കണ്ടാല്‍ ചിലപ്പോള്‍ അത്ഭുതപ്പെട്ടു പോകുമായിരുന്നു. നേരം വെളുക്കുമ്പോള്‍ ഒന്നുമില്ല ഒരു പത്തുമണിയാകുമ്പോള്‍ ഈശ്വരാ അരിവരുന്നു. വിറകുവരുന്നു എന്നുവേണ്ട ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എത്തികഴിയും. ഒരു ദിവസം സദ്യയെല്ലാം ഒരുങ്ങി. പക്ഷെ ഇല മാത്രമുണ്ടായിരുന്നില്ല. സ്വാമികള്‍ ഇതൊന്നും അറിയുക പതിവില്ല.

അദ്ദേഹം വെറും നാമജപത്തില്‍മാത്രം മുഴുകി മറ്റുള്ളവരെ അതില്‍ മുക്കിയും ഇരിക്കുകയായിരുന്നു. ആശ്രമവാസികളില്‍ ഒരാള്‍ അദ്ദേഹത്തെ സമീപിച്ചു. ‘ഇല ഇല്ല’ എന്നു പറഞ്ഞു. ‘ഹരി ഓം ഹരി ഓം ഇല വന്നേയ്ക്കും എന്നു മറുപടിയും പറഞ്ഞു. അതിശയമെന്നുപറയട്ടെ ഏതാണ്ട ഉച്ചയ്ക്കു ഒരു പന്ത്രണ്ടു മണിയായപ്പോള്‍ ഒരു ലോറി അതിവേഗം ഇരമ്പിപാഞ്ഞ് ആശ്രമമുറ്റത്ത് വന്നുനിന്നു. ക്ഷമാപണത്തോടുകൂടിയാണ് ആ ലോറി മുഴുവന്‍ ഇലയുമായി വന്നയാള്‍ സ്വാമിയോടിപ്രകാരം പറഞ്ഞത് ‘ഇല സ്വല്പം താമസിച്ചുപോയേ. ഭഗവാനേ നിന്റെ ഭക്തന്റെ ദാസന്‍ തന്നെയാണു നീ. വെറും ഭക്തി കാണിച്ചാല്‍ മാത്രംപോര. ജനങ്ങളെ കബളിപ്പിക്കാന്‍ സംസ്‌കൃതശ്ലോകങ്ങള്‍ കാണാപാഠം പഠിച്ചാല്‍പോരാ നിഷ്‌കളങ്കമായ ഭക്തി, ആത്മാര്‍ത്ഥമായ ഭക്തി, ഇതൊന്നുമാത്രമാണ് ഭഗവാന് വേണ്ടത്. ഈ തത്വം കരുവാറ്റാസ്വാമികളില്‍ കൂടി പലരും മനസ്സിലാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം