തമിഴ്നാടിന് കര്‍ണാടക കാവേരി നദീജലം നല്‍കിത്തുടങ്ങി

September 30, 2012 ദേശീയം

മാണ്ഡ്യ: സുപ്രീംകോടതി ഉത്തരവനുസരിച്ച് തമിഴ്നാടിന് കര്‍ണാടക കാവേരി നദീജലം നല്‍കാനാരംഭിച്ചു. ഇന്നലെ രാത്രി മുതല്‍ കൃഷ്ണരാജസാഗര്‍ അണക്കെട്ടില്‍ നിന്നും കബനി അണക്കെട്ടില്‍ നിന്നും 5000 ഘനയടി വെള്ളമാണ് തമിഴ്നാടിന് നല്‍കിയത്. ഒക്ടോബര്‍ 15 വരെ 9000 ഘനയടി വെള്ളം തമിഴ്നാടിന് നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഉത്തരവ് പാലിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയതിന്‍റെ പശ്ചാത്തലത്തിലാണ് ഈ നടപടി.

തമിഴ്നാട്ടിലേക്ക് വെള്ളം വിട്ടുകൊടുക്കാന്‍ തുടങ്ങിയതറിഞ്ഞ് കര്‍ണാടകയുടെ പലഭാഗങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്. ഗെജ്ജാലഗിരിയില്‍ കര്‍ഷകര്‍ ബാംഗളൂര്‍-മൈസൂര്‍ ഹൈവേ ഉപരോധിച്ചു. ഉപരോധം നടത്തിയ ജനതാദള്‍-എസ് എംഎല്‍എ സി.എസ് പുട്ടരാജു ഉള്‍പ്പെടെ അന്‍പതോളം പേരെ പോലീസ് അറസ്റ് ചെയ്തു. പ്രതിഷേധം ഭയന്ന് പലഭാഗത്തേക്കും കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

പ്രതിഷേധസാധ്യതയുള്ള മേഖലകളില്‍ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി അധ്യക്ഷനായ കാവേരി നദീജല അഥോറിറ്റിയുടെ തീരുമാനമനുസരിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. തീരുമാനം പുനപ്പരിശോധിക്കാന്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കാന്‍ കഴിഞ്ഞ ദിവസം കര്‍ണാടകയില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം