കള്ള് നിരോധനം: മുസ്ലീം ലീഗിനെതിരേ വെള്ളാപ്പള്ളി

October 2, 2012 കേരളം

ആലപ്പുഴ: കള്ള് നിരോധന വിഷയത്തില്‍ മുസ്ലീം ലീഗിന്റെ നിലപാടിനെ വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. കള്ള് നിരോധനത്തിന് അനുകൂലമായ ലീഗിന്റെ നിലപാട് പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുള്ളതാണ്. മതേതരത്വം പറയുന്ന ലീഗ് മതാധിപത്യത്തിന്റെ പാര്‍ട്ടിയാണ്. കള്ളില്‍ മായം ചേരുന്നുണ്ടെങ്കില്‍ അത് ഭരണസംവിധാനത്തിന്റെ പരാജയമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കള്ള് നിരോധനത്തെ അനുകൂലിച്ച് ലീഗ് നിലപാട് വ്യക്തമാക്കിയ ഇ.ടി മുഹമ്മദ് ബഷീറിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. സര്‍ക്കാരിന്റെ ഭാഗമായി നിന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം കള്ള് നിരോധനത്തില്‍ വെള്ളാപ്പള്ളി നടേശന് മറുപടിയുമായി ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍. മദ്യവിപത്ത് ചൂണ്ടിക്കാട്ടിയത് സാമുദായിക വിദ്വേഷമാണെന്ന് ചിത്രീകരിച്ച് വെള്ളാപ്പള്ളി സ്വയം അപഹാസ്യനാകരുതെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ മലപ്പുറത്തു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം