കുടുംബശ്രീയുടെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ളതു കൊണ്ടാണ് തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്ന് വി.എസ്

October 2, 2012 കേരളം

തിരുവനന്തപുരം: കുടുംബശ്രീയുടെ വളര്‍ച്ചയില്‍ കണ്ണുകടിയുള്ളതുകൊണ്ടാണു കോണ്‍ഗ്രസ് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നു പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഉമ്മന്‍ചാണ്ടി തിരുത്തിയില്ലെങ്കില്‍ സമരം ക്ലിഫ് ഹൗസിലേക്ക് വ്യാപിപ്പിക്കുമെന്നും സംസ്ഥാനത്ത് സബ്‌സിഡിയോടെ നല്‍കുന്ന പാചകവാതക സിലിണ്ടറുകളുടെ എണ്ണം ഒന്‍പതാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

അതിനിടെ ജനശ്രീയ്ക്കു പൊതുഖജനാവില്‍ നിന്നു പണം അനുവദിച്ചതിനെതിരെ കുടുംബശ്രീ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം ആരംഭിച്ചു. അങ്ങിനെയിരിക്കെ ആര് എതിര്‍ത്താലും ജനശ്രീക്കുള്ള സഹായം തുടരുമെന്നു മന്ത്രി കെ.സി.ജോസഫ് പറഞ്ഞു. ചട്ടങ്ങള്‍ മറികടന്നു ജനശ്രീക്കു പണം നല്‍കിയ നടപടി പിന്‍വലിക്കുംവരെ സമരം തുടരാനാണു കുടുംബശ്രീ സംരക്ഷണ വേദിയുടെ തീരുമാനം. രാവും പകലും തുടരുന്ന സമരം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സമരഗേറ്റ് മുതല്‍ സൗത്ത് ഗേറ്റുവരെ സമരത്തില്‍ അണിനിരന്ന കുടുംബശ്രീ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്താണു വി.എസ് മടങ്ങിയത്.

ആരൊക്കെ എതിര്‍ത്താലും ജനശ്രീയ്ക്കുള്ള സര്‍ക്കാര്‍ സഹായം തുടരുമെന്നു മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ജനശ്രീ സംഘടിപ്പിച്ച ഗാന്ധിദര്‍ശന സംഗമത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം