ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതിയുടെ 77-ാം ജയന്തിയും വിശ്വശാന്തി വാരാഘോഷവും

October 3, 2012 പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: വിശ്വവിശ്രുത  സംന്യാസിശ്രേഷ്ഠനും പണ്ഡിതാഗ്രണിയും ലോകഹിതകാമിയുമായിരുന്ന പരമപൂജനീയ ജഗദ്ഗുരു സ്വാമിസത്യാനന്ദസരസ്വതി തൃപ്പാദങ്ങളുടെ 77-ാം ജയന്തിയോടനുബന്ധിച്ച് വിശ്വശാന്തി വാരാഘോഷം ഒക്‌ടോബര്‍  3 മുതല്‍ 9 വരെ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം, മിഷന്‍ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ നടക്കും.

 ഒക്‌ടോബര്‍ 3ന് കണ്ണൂരിലെ കൊട്ടിയൂര്‍ ശ്രീമഹാഗണപതി ക്ഷേത്രം, 4ന് കോഴിക്കോട് പുതിയറ സ്വാമി സത്യാനന്ദസരസ്വതി നഗരി, 5ന് പാലക്കാട് പുതുശേരി ശ്രീരാമദാസ ആശ്രമം, 6ന് കൊച്ചി കലൂര്‍ ശ്രീ പാട്ടുപുരയ്ക്കല്‍ ഭഗവതി ക്ഷേത്രം, 7ന് കായംകുളം ശ്രീരാമദാസ ആശ്രമം, 8ന് നെടുമങ്ങാട് അരശുപറമ്പ് ശ്രീരാമദാസ ആശ്രമം എന്നിവിടങ്ങളില്‍ ഗണപതിഹോമം, ഗുരുപൂജ, രാമായണ പാരായണം, സമൂഹാര്‍ച്ചന, പാദപൂജ പ്രഭാഷണം, പ്രസാദ ഊട്ട്, ജയന്തിദിന സമ്മേളനം, ഭജന, മംഗളാരതി എന്നീ ചടങ്ങുകള്‍ നടക്കും.

തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ ഒക്‌ടോബര്‍ 8ന് വൈകുന്നേരം 5ന് നടക്കുന്ന ജയന്തി സമ്മേളനം കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല മുന്‍ ഡീന്‍ പണ്ഡിതരത്‌നം ഡോ.കെ.ചന്ദ്രശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യക്ഷനായിരിക്കും. ‘ഹൈന്ദവ നവോത്ഥാനത്തില്‍ സ്വാമി സത്യാനന്ദസരസ്വതിയുടെ പങ്ക്’ എന്ന പ്രബന്ധം കെ.എ.ഗോപിനാഥ് പൂതൃക്ക അവതരിപ്പിക്കും. ശ്രീരാമദാസ മിഷന്‍ ജനറല്‍സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് സ്വാഗതം പറയും. ഡി.ഭഗവല്‍ദാസ് മംഗളാചരണം നടത്തും.

ഒക്‌ടോബര്‍ 9ന് ജയന്തിദിനത്തില്‍ ചേങ്കോട്ടുകോണം ശ്രീനീലകണ്ഠപുരത്തുള്ള ജ്യോതിക്ഷേത്രത്തില്‍ രാവിലെ 3.30ന് നിര്‍മാല്യം, 5.30ന് ആരാധന, അഹോരാത്രരാമായണ പാരായണം, 7.30ന് ലക്ഷാര്‍ച്ചന സമാരംഭം, ശ്രീരാമചരിതമാനസ പാരായണം, 8ന് കഞ്ഞിസദ്യ, ഉച്ചയ്ക്ക് 1ന് അമൃതഭോജനം, വൈകുന്നേരം 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, രാത്രി 7.30ന് ഭജന, 8.30ന് ആരാധന എന്നീ ചടങ്ങുകള്‍ നടക്കും. വെളുപ്പിന് 3.30ന് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ ശ്രീരാമപട്ടാഭിഷേകത്തോടെ ജയന്തിദിനാഘോഷപരിപാടികള്‍ സമാപിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍