ബലരാമന്‍ ഉപദാനതീര്‍ത്ഥത്തില്‍

October 3, 2012 സനാതനം

സവ്യസാചി

തീര്‍ത്ഥയാത്ര തുടര്‍ന്നുകൊണ്ടിരുന്ന ബലരാമന്‍ പിന്നീട് എത്തിച്ചേര്‍ന്നത് ഉപദാനതീര്‍ത്ഥത്തിലാണ്. സരസ്വതീനദി ഭൂഗര്‍ഭത്തിലേക്ക് പ്രവേശിക്കുന്നത് ഈ തീര്‍ത്ഥത്തില്‍ വച്ചാണ്. ഇതിന്റ ഉത്ഭവത്തെക്കുറിച്ച് ശല്യപര്‍വ്വത്തില്‍ വിവരിക്കുന്നത് ഇപ്രകാരമാണ്.

യജ്ഞാചാര്യനായ ഗൗതമന്റെ പുത്രന്മാരായി മൂന്നുപേര്‍ ഉണ്ടായിരുന്നു. ഏകതന്‍, ദ്വിതന്‍, ത്രിതന്‍ എന്നിങ്ങനെയായിരുന്നു അവരുടെ പേര്. ഇവര്‍ കഠിനമായ തപശ്ചര്യകളിലൂടെ ജീവിതം നയിച്ചവരായിരുന്നു. പുത്രന്മാരുടെ സംയമവും തപോനിഷ്ഠയും കണ്ട് പിതാവിനുപോലും ഇവരില്‍ മതിപ്പുണ്ടായിരുന്നു. അങ്ങനെയിരിക്കെ പിതാവിന്റെ വിയോഗത്തോടെ യാഗകര്‍മ്മങ്ങള്‍ നടത്തിവന്നിരുന്നത് ഏകതനും, ദ്വിതനും, ത്രിതനുമായിരുന്നു. മൂവരില്‍ ത്രിതനായിരുന്നു ശുഭകര്‍മ്മങ്ങളും വേദാധ്യയനവും കൊണ്ട് സര്‍വ്വരുടേയും കൂടുതല്‍ ആദരവിനു പാത്രമായിരുന്നത്.

ഇതിനിടയില്‍ യജ്ഞമാര്‍ഗത്തിലൂടെ എങ്ങനെ കൂടുതല്‍ പണം സമ്പാദിക്കാം. എന്നായിരുന്നു ഏകന്റേയും, ദ്വിതന്റെയും ചിന്ത. ഇതിനായി ത്രിതനെ മുമ്പില്‍ നിര്‍ത്തി കൂടുതല്‍ യജ്ഞങ്ങള്‍ നടത്തിവന്നിരുന്നു. ഇതില്‍ നിന്നുകിട്ടുന്ന സമ്പാദ്യങ്ങളെല്ലാം എങ്ങനെ സ്വന്തമാക്കാം എന്നാണ് ഏകതനും, ദ്വിതനും ആലോചിച്ചിരുന്നത്.

ഒരു ദിവസം യജ്ഞാനന്തരം ദാനമായി ലഭിച്ച പശുക്കളും ദക്ഷിണദ്രവ്യങ്ങളുമായി മൂവരും കിഴക്കോട്ടു നടന്നു. കുറേദൂരം സഞ്ചരിച്ച് സരസ്വതീനദീതീരത്തെത്തിയപ്പോഴേക്കും പകല്‍ തീര്‍ന്ന് ഇരുട്ട് വ്യാപിക്കുവാന്‍ തുടങ്ങി. മുമ്പില്‍ നടന്നിരുന്ന ത്രിതന്‍ സമീപത്തായി ഒരു കുറുനരിയെ അവ്യക്തമായി കണ്ടു. അതിനെത്തന്നെ നോക്കിക്കൊണ്ടു മാറിനടന്നു. ഇതിനിടയില്‍ പുല്ലുകൊണ്ട് മൂടപ്പെട്ട ഒരു പൊട്ടക്കിണറ്റില്‍ ത്രിതമുനി വീണു. ത്രിതന്റെ ഉച്ചത്തിലുള്ള സഹായാഭ്യര്‍ത്ഥന കേള്‍ക്കാത്തമട്ടില്‍ സഹോദരങ്ങള്‍ ഇരുവരും ദ്രവ്യങ്ങളും പശുക്കളുമായി സ്ഥലം വിട്ടു.

ഈ കിണറ്റില്‍ വെള്ളം തീരെ ഉണ്ടായിരുന്നില്ല. എന്നാലും മരണഭയം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. പക്ഷേ, ഈ സമയത്തുപോലും സോമരസം പാനംചെയ്യാനുള്ള ആഗ്രഹം ത്രിതനില്‍ അതിയായുണ്ടായി തന്റെ ദിവ്യശക്തികൊണ്ട് അഗ്നിയേയും ജലത്തേയും നിഷ്പന്നമാക്കുകയും കിണറ്റിനുള്ളിലുള്ള വള്ളിയില്‍ സോമരസത്തെ സൃഷ്ടിച്ച് പാനം ചെയ്യുകയും ഉണ്ടായി.

ത്രിതന്‍ കിണറ്റില്‍ നിന്ന് ഉരിവിട്ടിരുന്ന മന്ത്രങ്ങള്‍ ദേവലോകത്ത് മറ്റൊലിക്കൊണ്ടിരുന്നു. ഇതുകേട്ട ബൃഹസ്പതി ദേവന്മാരോടു പറഞ്ഞു. ‘ത്രിതന്‍ യജ്ഞം നടത്തുന്നുണ്ട്. തീര്‍ച്ചയായും നാമെല്ലാവരും അവിടെയെത്തണം. ഇല്ലെങ്കില്‍ തന്റെ ശക്തിയുടെ പ്രഭാവത്തില്‍ ത്രിതന്‍ വേറെ ദേന്മാരെ സൃഷ്ടിക്കും.

തുടര്‍ന്നു ദേവന്മാര്‍ ത്രിതന്റെ അടുത്തെത്തി യജ്ഞാംഗം ആവശ്യപ്പെട്ടു. വിധിപ്രകാരമുള്ള വേദമന്ത്രങ്ങളാല്‍ യജ്ഞാംശം ദേവന്മാര്‍ക്ക് സമര്‍പ്പിച്ചു. സന്തുഷ്ടരായ ദേവന്മാര്‍ ത്രിതനോട് ഇഷ്ടവരത്തെ ആവശ്യപ്പെടുവാന്‍ പറഞ്ഞു.

ഇതുകേട്ട മുനി ഇങ്ങനെ പറഞ്ഞു. ‘ ഈ കിണറ്റില്‍ നിന്ന് എന്നെ രക്ഷിക്കു. ഇതിലെ തീര്‍ത്ഥം സേവിക്കുന്നവര്‍ക്ക് സോമപാനഫലം സിദ്ധിക്കണം. ഇത്രയും പറഞ്ഞപ്പോഴേക്കും സരസ്വതീനദിയിലെ ജലം കിണറ്റില്‍ അലയടിച്ചുയരാന്‍ തുടങ്ങി. ഉടന്‍തന്നെ വെള്ളത്തില്‍ പൊങ്ങി പുറത്തുവന്ന ത്രിതമുനി ദേവന്മാരെ വന്ദിച്ചു. സന്തുഷ്ടന്മാരായ ദേവന്മാര്‍ ത്രിതന് വരം നല്‍കി തിരിച്ചുപോയി.

വീട്ടിലെത്തിയ ത്രിതമുനി സഹോദരങ്ങളെ ശകാരിക്കുകയും ശപിക്കുകയും ചെയ്തു. ശാപത്താല്‍ കുറുനരികളുടെ രൂപം പ്രാപിച്ച അവര്‍ കാട്ടില്‍ അലഞ്ഞുനടന്നു. ഇങ്ങനെ സരസ്വതീനദിയുടെ സാന്നിദ്ധ്യം ഉള്ള ഉപദാനതീര്‍ത്ഥത്തില്‍ ആചമനം നടത്തി വേണ്ടുംവിധം ദാനാദികാര്യങ്ങള്‍ നിര്‍വ്വഹിച്ച് ബലഭദ്രരും സംഘവും വിനശതീര്‍ത്ഥത്തിലേക്ക് യാത്രയായി.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം