കോഴിക്കോട് മോണോ റെയില്‍ പദ്ധതിക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കി

October 4, 2012 കേരളം

തിരുവനന്തപുരം: കോഴിക്കോട് മോണോ റെയില്‍ പദ്ധതിക്കു മന്ത്രിസഭായോഗം അംഗീകാരം നല്‍കി. 1,701 കോടി രൂപ ചെലവഴിച്ചു കോഴിക്കോട് നിര്‍മിക്കുന്ന ഒന്നാംഘട്ട മോണോറെയില്‍ പദ്ധതിക്കാണു മന്ത്രിസഭ അനുമതി നല്‍കിയത്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് നിര്‍മാണച്ചുമതല. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ മോണോ റെയില്‍ പദ്ധതികളുടെ നടത്തിപ്പിനു കേരള മോണോ റെയില്‍ കോര്‍പറേഷന്‍ എന്ന കമ്പനി രൂപീകരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

റോഡ് ഫണ്ട് ബോര്‍ഡ് സമര്‍പ്പിച്ച കോഴിക്കോട് മോണോ റെയില്‍ പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ചചെയ്തു. വില്‍ബര്‍ സ്മിത്ത് എന്ന കണ്‍സള്‍ട്ടന്‍സി തയാറാക്കിയ റിപ്പോര്‍ട്ടും ഇതില്‍ ഡിഎംആര്‍സി ഉപദേശകന്‍ ഇ.ശ്രീധരന്‍ നിര്‍ദേശിച്ച മാറ്റങ്ങളും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ടാണു മന്ത്രിസഭയ്ക്കു സമര്‍പ്പിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ജംഗ്ഷന്‍ മുതല്‍ രാമനാട്ടുകരവരെ 23 കിലോമീറ്റര്‍ നീളുന്ന മോണോറെയിലിന്റെ ആദ്യഘട്ടത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അടുത്ത സെപ്റ്റംബറില്‍ തുടങ്ങാനാകും. മെഡിക്കല്‍ കോളജ് ഹോസ്റല്‍ മുതല്‍ മീഞ്ചന്തവരെയുള്ള 14.2 കിലോമീറ്ററാണ് ഒന്നാംഘട്ടത്തില്‍ ഉള്‍പ്പെടുത്തുക. മാവൂര്‍ റോഡില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് മാനാഞ്ചിറയിലൂടെ ദേശീയപാത 66-ല്‍ കടന്നാണ് മോണോറെയില്‍ നിര്‍മിക്കുക. മെഡിക്കല്‍ കോളജ് ഹോസ്റല്‍, മെഡിക്കല്‍ കോളേജ്, ചേവായൂര്‍, തൊയാട്, കോട്ടൂളി, പുതിയ ബസ്സ്റാന്‍ഡ്, കെഎസ്ആര്‍ടിസി, മാനാഞ്ചിറ, പാളയം, റെയില്‍വെ സ്റേഷന്‍, പുഷ്പ, കല്ലായി, പന്നിയങ്കര, വട്ടക്കിണര്‍, മീഞ്ചന്ത എന്നിവിടങ്ങളില്‍ സ്റേഷനുകളുണ്ടാകും.

മുഴുവന്‍ ട്രാക്കും റോഡില്‍നിന്ന് 20 മീറ്ററോളം ഉയരത്തിലാകും പണിയുക. റോഡിന്റെ മധ്യത്തില്‍ ഉയര്‍ത്തുന്ന പില്ലറില്‍ രണ്ടു ട്രാക്കുകളുണ്ടാകും. ഓരോ 30 മീറ്ററിലും ഒരു പില്ലറുണ്ടാകും. മെഡിക്കല്‍ കോളജ്, മാനാഞ്ചിറ, റെയില്‍വേ സ്റേഷന്‍ എന്നിവടങ്ങളിലെ സ്റേഷനുകളില്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കും. മറ്റെല്ലായിടത്തും എസ്കലേറ്ററുകളാകും. ഒരു ട്രെയിനില്‍ മൂന്നു ബോഗി (കാര്‍)കളുണ്ടാകും. 525 പേര്‍ക്ക് ഇതില്‍ യാത്രചെയ്യാം. എയര്‍കണ്ടീഷന്‍ ചെയ്ത കാറുകളാണ് ഉപയോഗിക്കുക.

മെഡിക്കല്‍ കോളജ് ഹോസ്റല്‍ ജംഗ്ഷനിലാണ് പ്രധാന ഡിപ്പോ. ഇവിടെനിന്നാകും ട്രെയിനുകള്‍ യാത്ര തുടങ്ങുക. ഓരോ അഞ്ചുമിനിട്ടിലും സ്റ്റേഷനുകളില്‍ ട്രെയിനുകളെത്തും. മെഡിക്കല്‍ കോളജ് ഹോസ്റല്‍, കോട്ടൂളി, പാളയം, പന്നിയങ്കര എന്നിവയില്‍ ഇലക്ട്രിക്കല്‍ സബ്സ്റേഷനുകളുമുണ്ടാകും. മൊത്തം നഗരത്തില്‍ ഉപയോഗിക്കുന്നതിന്റെ അഞ്ച് ശതമാനം വൈദ്യുതി മതി മോണോ റെയില്‍ പ്രവര്‍ത്തിക്കുന്നതിന്.

തുടക്കത്തില്‍ പ്രതിദിനം 1.48 ലക്ഷം യാത്രക്കാരെ വഹിക്കാന്‍ മോണോറെയിലിന് കഴിയും. 2032-ല്‍ 2.37 ലക്ഷം യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. രണ്ടു കിലോമീറ്ററാണ് കുറഞ്ഞ ദൂരം. ഇതിന് ആറു രൂപ ടിക്കറ്റ് ചാര്‍ജാകും. ഒന്നാം ഘട്ടത്തിലെ 14.2 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 22 രൂപ നല്‍കണം. ട്രെയിനുകള്‍ നിര്‍മിക്കാന്‍ ഹിറ്റാച്ചി (ജപ്പാന്‍), ബൊംബാര്‍ഡിയന്‍ (ജര്‍മനി), സ്കോമി (മലേഷ്യ) എന്നീ കമ്പനികളുടെ സഹകരണം തേടാം. ഡിഎംആര്‍സിപോലെ, ഈ മേഖലയില്‍ മികവു ലഭിച്ച സ്ഥാപനങ്ങളെ നിര്‍മാണച്ചുമതല മൊത്തമായി ഏല്പിക്കാം. ഉപകരണങ്ങള്‍ വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിക്കണം. മൊത്തം 10.58 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കേണ്ടതായി വരും. ഇതില്‍ 8.55 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലമാണ്. റെയില്‍വേയുടെ പക്കല്‍നിന്ന് 0.52 ഹെക്ടറും സ്വകാര്യ വ്യക്തികളില്‍നിന്ന് 1.582 ഹെക്ടര്‍ സ്ഥലവും ഏറ്റെടുക്കണം.

പണി വേഗം തുടങ്ങാന്‍ മാനാഞ്ചിറ- മീഞ്ചന്ത റോഡ് 24 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കണം. ഒന്നാംഘട്ടത്തിന് 1,991 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. നികുതി ഒഴിവാക്കാനായാല്‍ 1,701 കോടിയില്‍ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാം.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം