ട്രാക്കില്‍ തെങ്ങിന്‍തടിയിട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം

October 4, 2012 കേരളം

ചാലക്കുടി: ചാലക്കുടിക്കു സമീപം വെള്ളാഞ്ചിറയ്ക്കും ആളൂരിനും മധ്യേ ട്രാക്കില്‍ തെങ്ങിന്‍തടിയിട്ടാണ് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമമുണ്ടായത്. ഇതിനുശേഷം ഇതുവഴി കടന്നുപോയ ഹുബ്ളി- കൊച്ചുവേളി തീവണ്ടിയുടെ എന്‍ജിന് തെങ്ങിന്‍തടിയില്‍ തട്ടി കേടുപാടുപറ്റി. ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെ 1.30നായിരുന്നു സംഭവം. കൊച്ചുവേളിയിലേക്കു പോകുകയായിരുന്നു ട്രെയിന്‍. തകരാറിലായ ട്രെയിന്‍ ചാലക്കുടി റെയില്‍വേ സ്റേഷനില്‍ എത്തിക്കുകയായിരുന്നു.

എറണാകുളത്തുനിന്നും മറ്റൊരു എന്‍ജിന്‍ ഘടിപ്പിച്ചശേഷം പുലര്‍ച്ചെ 4.20നാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്. തെങ്ങിന്‍തടി റെയില്‍വേ ട്രാക്കില്‍ ആരോ കൊണ്ടുവന്നിട്ടതാണെന്ന് സംശയിക്കുന്നു. എന്‍ജിന്റെ ഉള്ളിലകപ്പെട്ട തെങ്ങിന്‍തടിയുടെ കഷണം എന്‍ജിന്റെ പൈപ്പുകള്‍ തകര്‍ത്തു. കൊടകര പോലീസും റെയില്‍വേ പോലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി. ട്രാക്കില്‍ തെങ്ങിന്‍തടിയിട്ട് അട്ടിമറിശ്രമം നടത്തിയതു തന്നെയാണെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ചയാണ് ചെമ്പിശേരി മേല്‍പ്പാലത്തിനു സമീപം ട്രാക്കില്‍ കരിങ്കല്ലുവച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം നടന്നത്. ട്രാക്കില്‍ അഞ്ചിടത്തായി കരിങ്കല്ലുകള്‍ നിരത്തിവയ്ക്കുകയായിരുന്നു. ഇതിനുശേഷം ഇതുവഴി വന്ന കൊച്ചുവേളി- പോര്‍ബന്ധര്‍ എക്സ്പ്രസ് തീവണ്ടിയുടെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ട്രെയിന്‍ നിര്‍ത്തി കല്ലുകള്‍ നീക്കിയശേഷമായിരുന്നു യാത്ര പുനരാരംഭിച്ചത്. ആര്‍പിഎഫ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇതുമായി ബന്ധപ്പെട്ട് രണ്ട് ഒഡീഷ സ്വദേശികള്‍ അറസ്റിലായിരുന്നു. ഹത്തിയ ബഹറ (21), രഞ്ജന്‍ (20) എന്നിവരാണ് അറസ്റിലായത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം