പൊതുശ്മശാനത്തില്‍ നായ്ക്കളെ സംസ്കരിക്കാനുള്ള നീക്കം തടഞ്ഞു

October 4, 2012 മറ്റുവാര്‍ത്തകള്‍

ഗുരുവായൂര്‍:  നഗരസഭ നിയോഗിച്ച നായ്പിടിത്തക്കാര്‍ തെരുവുനായ്ക്കളെ കൊന്ന് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കാനുള്ള നീക്കം  ബി.ജെ.പി.-ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തടഞ്ഞു. ഗുരുവായൂര്‍ നഗരസഭയുടെ തൈക്കാട് പൊതുശ്മശാനത്തിലായിരുന്നു നായ്ക്കളെ സംസ്‌കരിക്കാന്‍ ശ്രമം നടന്നത്.

ബുധനാഴ്ച ഉച്ചയോടെ നഗരസഭ നായ പിടിത്തത്തിന് നിയോഗിച്ചവര്‍ നായ്ക്കളുടെ ജഡങ്ങള്‍ ഇരുചക്രവാഹനത്തില്‍ കെട്ടി ശ്മശാനത്തിലേക്ക് കൊണ്ടുവന്നു. ശ്മശാനത്തില്‍ വലിയ കുഴികള്‍ വെട്ടിക്കൊണ്ടിരിക്കെയാണ് ബി.ജെ.പി.ക്കാര്‍ എത്തിയത്. തുടര്‍ന്ന് വളരെ കാലപ്പഴക്കമുള്ള പൊതുശ്മശാനത്തിലേക്ക് ജഡം സംസ്‌കരിക്കുന്നത് വിലക്കി. തുടര്‍ന്ന് നഗരസഭാ കവാടത്തില്‍ പ്രതിഷേധങ്ങളും മുദ്രാവാക്യങ്ങളും ഉയര്‍ന്നു. പൊതുശ്മശാനത്തില്‍ തെരുവുനായ്ക്കളെ സംസ്‌കരിക്കുന്നതിന് ചെയര്‍മാന്‍ മറുപടി പറയണമെന്നായിരുന്നു അവരുടെ ആവശ്യം. പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തൈക്കാട് പൊതുശ്മശാനത്തില്‍ ഇപ്പോള്‍ അധികം സംസ്‌കാരങ്ങളൊന്നും നടക്കുന്നില്ലെന്നും ശ്മശാനത്തിന്റെ ഒരറ്റത്താണ് നായ്ക്കളെ സംസ്‌കരിക്കാനാണ്  ഉദ്ദേശിച്ചതെന്നും ചെയര്‍മാന്‍ ടി.ടി. ശിവദാസന്‍ പറഞ്ഞു. നായ്ക്കളെ പിന്നീട് വേറെ ഒഴിഞ്ഞ സ്ഥലത്ത് സംസ്‌കരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍