ലഫ്. ജനറല്‍ കെ എസ് ബ്രാറിനുനേരെ ആക്രമണം: നാലുപേര്‍ പിടിയില്‍

October 5, 2012 രാഷ്ട്രാന്തരീയം

ലണ്ടന്‍: മുന്‍ ലഫ്. ജനറല്‍ കെ എസ് ബ്രാറിനെ ആക്രമിച്ച സംഭവത്തില്‍ നാലുപേരെ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റു ചെയ്തു. മൂന്ന് പരുഷന്മാരും 40 വയസുള്ള സ്ത്രീയുമാണ് അറസ്റ്റിലായത്. ആക്രമണത്തിലും ഗൂഢാലോചനയിലും പങ്കെടുത്തവരാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

വോള്‍വര്‍ ഹാംപ്ടണില്‍നിന്നും ബ്രോംവികില്‍ നിന്നുമാണ് നാലുപേരും അറസ്റ്റിലായത്. ലണ്ടനില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ പിടിയിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

‌തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചവര്‍ ഖലിസ്താന്‍ വാദികളാണെന്ന് കഴിഞ്ഞ ദിവസം കുല്‍ദീപ് സിങ് ബ്രാര്‍ ആരോപിച്ചിരുന്നു. 1984 ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ സിഖു തീവ്രവാദികള്‍ക്കെതിരായ പട്ടാള നടപടി ഓപ്പറേഷന്‍  ബ്‌ളൂസ്റ്റാറിനു നേതൃത്വം നല്‍കിയ ലഫ് ജനറല്‍ കുല്‍ദീപ് സിങ് ബ്രാറിനെ ബ്രിട്ടീഷ് സന്ദര്‍ശനത്തിനിടെ ഞായറാഴ്ചയാണ് മൂന്നംഗ സംഘം ആക്രമിച്ചത്. രാത്രി ഭാര്യയോടൊപ്പം ലണ്ടനിലെ ഹോട്ടലില്‍ നിന്ന് പുറത്തുവരുന്ന സമയത്തായിരുന്നു അക്രമമുണ്ടായത്. കത്തികൊണ്ട് കുത്തേറ്റ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം