ധര്‍മ്മോപദേശപുണ്യകാവ്യം രാമായണം

October 6, 2012 സനാതനം

കുമാര്‍ അന്തിക്കാട്

സാഹസികരായ രാജാക്കന്മാര്‍ നടത്തിയ അത്ഭുതകരങ്ങളായ യുദ്ധകഥകള്‍ എന്ന നിലയിലാണോ ന്മുടെ ഇതിഹാസങ്ങളുടെ പ്രാധാന്യം? തീര്‍ച്ചയായും ഇവ യുദ്ധകഥകള്‍ തന്നെ. രാമായണത്തിലെ യുദ്ധകാണ്ഡവും, മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധവും പ്രസ്തുത ഇതിഹാസങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട അദ്ധ്യയങ്ങളാണ്. എന്നാല്‍ വായനക്കാരുടെ ഉദ്വേഗം വളര്‍ത്തി ആവേശം ഉണ്ടാക്കാന്‍ വേണ്ടിയാണോ ഇവയില്‍ യുദ്ധങ്ങളും സംഘട്ടനങ്ങളും ഘടിപ്പിച്ചിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഗ്രീക്കുകാരുടെ യുദ്ധകഥകളായ ഇലിയഡ്, ഒഡീസിയും തമ്മല്‍ നമ്മുടെ ഭാരതരാമായണകഥകള്‍ക്കുള്ള വ്യത്യാസമെന്താണ്? ‘വീരം’ എന്ന രാസഭാവത്തെ ‘വടക്കന്‍ പാട്ടുകള്‍’ തുടങ്ങിയ നിരവധിനാടന്‍ പാട്ടുകളിലും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ശ്രീരാമ ശ്രീകൃഷ്ണ ഭീമാര്‍ജ്ജുനന്മാര്‍ തുടങ്ങിയ യോദ്ധാക്കളും സാഹസങ്ങള്‍ അവതരിപ്പിച്ച് നമ്മളെ അത്ഭുതപ്പെടുത്തി വീര്യം ഉണര്‍ത്തുകയെന്നുള്ളതല്ല ഈ ഇതിഹാസങ്ങളുടെ ലക്ഷ്യം. സത്യം, ധര്‍മ്മം, ഭക്തി എന്നീ വിശുദ്ധഭാവങ്ങള്‍ മനുഷ്യനില്‍ ഉയര്‍ത്തി മനസ്സില്‍ അതു ഉറപ്പിക്കുകയെന്നതല്ലേ ഇതിഹാസങ്ങള്‍ ലക്ഷ്യമാക്കുന്നത്.

കൗരവന്മാരുടെ നാശം അധര്‍മ്മത്തിന്റെ നാശവും, പാണ്ഡവരുടെ വിജയത്തിലൂടെ ധര്‍മ്മമേ ജയിക്കൂ എന്ന പാഠവും മഹാഭാരതം നമ്മെ ബോധ്യപ്പെടുത്തുന്നു. മാതൃകാപരമായ കുടുംബാംഗങ്ങളുടെ, സ്‌നേഹവും പരസ്പരത്യാഗവും എങ്ങനെ വേണമെന്നും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു രാമായണം! മഹാഭാരതം ഒരു രാഷട്രീയസംഘട്ടനത്തിന്റെ കഥപോലയാണെങ്കില്‍, രാമായണം കണ്ണു നനയ്ക്കുന്ന ഒരു കുടുംബകഥയാണ്. അച്ഛനായ ദശരഥന്റെയും മക്കളായ രാമലക്ഷ്മണഭരതശത്രുഘ്‌നന്മാരുടേയും ഭാര്യാഭര്‍ത്താക്കന്മാരായ സീതാരാമന്മാരുടേയും ആര്‍ദ്രമായ ഒരു കുടുംബകഥ പറയുകയാണ് രാമായണം. അല്ലാതെ രാമരാവണയുദ്ധം നാടകീയമായി അവതരിപ്പിച്ച് നമ്മളില്‍ അത്ഭുതവികാരങ്ങളുണ്ടാക്കുകയല്ല രാമായണത്തിന്റെ ഉദ്ദേശ്യം.

ഒരു ശപിക്കപ്പെട്ട മുഹൂര്‍ത്തത്തില്‍ കൈകേയി ദശരഥനോടു പറയുന്നു. ‘ അങ്ങെനിക്ക്’, പണ്ടു രണ്ടു വരങ്ങള്‍ നല്‍കിയിട്ടുണ്ടല്ലോ, അതെനിക്കിപ്പോള്‍ കിട്ടണം’. ‘തരാമല്ലോ! എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളൂ!’ എങ്കില്‍ എന്റെ മകന്‍ ഭരതന് രാജ്യാഭിഷേകം നടത്തണം, രാമനെ പതിനാലുവര്‍ഷം വനവാസത്തിനയക്കണം. അതുകേട്ട് ആ പിതാവ് ബോധംകെട്ടു വീഴുന്നു.

രാമന്‍ അമ്മേ! അച്ഛനെന്തിനാണിങ്ങനെ ദുഃഖിച്ചു വീണത്? ‘ അച്ഛന്റെ ദുഃഖത്തിനുകാരണം നീ തന്നെ! എനിക്കു വാഗ്ദാനം ചെയ്തിട്ടുള്ള രണ്ടു വരങ്ങള്‍ തരാന്‍ കഴിയാതെ സത്യഭംഗം ഭയന്ന് അയാള്‍ മൂര്‍ച്ചിച്ചു വീണു’ ‘ എന്തു സത്യമാണ്. എന്റെ താതന്‍ നിറവേറ്റേണ്ടത്’

‘ഭരതനെ രാജ്യാഭിഷേകം ചെയ്ത് രാമനെ കാട്ടിലേക്കയക്കണം. പക്ഷേ, നിന്നോടതു പറയാന്‍ ഭയപ്പെട്ടു ദുഃഖിക്കുകയാണദ്ദേഹം’ ‘ ഇത്രേയുള്ളൂ! അച്ഛനുവേണ്ടി ജീവന്‍ തന്നെ ഉപേക്ഷിക്കാന്‍ തയ്യാറുള്ള ഞാന്‍, ഈ രാജ്യം ഉപേക്ഷിക്കാന്‍ മടിക്കുമോ? അച്ഛന്റെ സത്യം പരിപാലിക്കാന്‍ വേണ്ടി മകന്‍ വനവാസത്തിനു പുറപ്പെട്ടപ്പോള്‍, മകന്റെ വിരഹം സഹിക്കാത്ത ആ പിതാവ് ഹൃദയം പൊട്ടിമരിക്കുന്നു.

പുത്ര വാത്സല്യത്തിന്റെ ഉദാത്തമായ ഒരു പ്രതീകരൂപമാണ് ദശരഥന്‍. രാമനോ? ലൗകീകസുഖഭോഗങ്ങളുടെ പരമോന്നതിയിലാണു രാമന്‍. യുവരാജാവായി അഭിഷേകം നടത്തേണ്ട മുഹൂര്‍ത്തത്തിലാണ് രാമന്‍ ആ സൗഭാഗ്യമുപേക്ഷിച്ച് വനവാസം സ്വീകരിക്കുന്നത് അച്ഛനുവേണ്ടി!. കൈകേയി ഒഴിച്ച് ആരുംതന്നെ ഈ ദുര്‍വിധിക്കു കീഴടങ്ങാന്‍ രാമനെ നിര്‍ബന്ധിക്കുന്നില്ല. മറിച്ച് പ്രജകളടക്കം എല്ലാവരും പിന്തിരിയാനാണു പ്രേരിപ്പിക്കുന്നത്. പ്രസ്താവത്തില്‍നിന്നും വിട്ട് മറ്റൊരു കാര്യം സൂചിപ്പിച്ചുകൊള്ളട്ടെ. ഭാരത്തിലെ പിന്നീടുണ്ടായ രാഷ്ട്രീയ ചരിത്രത്തില്‍ അധികാരത്തിനുവേണ്ടി മക്കള്‍ പിതാക്കളെ കൊല്ലുകയും ജയിലിലടയ്ക്കുകകയും ഉണ്ടായിട്ടുണ്ട്. അധികാരദുരയുടെ ചരിത്രം ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു.

വിവാഹം കഴിഞ്ഞ് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് യൗവനത്തിന്റെ ഏറ്റവും തീക്ഷ്ണമായ ദശയിലാണ്, ആ രാജകുമാരന്‍ അഗ്നിസമമായ ഈ ദുഃഖം ഏറ്റെടുത്തതെന്നോര്‍ക്കു!. ഈ പിതാവിന്റെയും മകന്റെയും ഇത്രമാത്രം ഹൃദയാവര്‍ജ്ജകമായ ഒരു സ്‌നേഹബന്ധം നമുക്കു വേറെ കണ്ടെത്താന്‍ കഴിയുമോ? ഇനിയതാ കുടുംബ ബന്ധത്തിന്റെ മഹത്വം കാണിക്കുന്ന മറ്റൊരു ഘടകംകൂടി വാല്മീകി വരച്ചു കാണിക്കുന്നു.

‘അച്ഛന്റെ സത്യപരിപാലനത്തിനുവേണ്ടി ഞാന്‍ പതിനാലുവര്‍ഷം വനവാസത്തിനുപുറപ്പെടുകയാണെന്നും, നീ എന്റെ അമ്മയെ പരിപാലിച്ച് ഇവിടെ കഴിഞ്ഞുകൂടണമെന്നും ശ്രീരാമന്‍ പത്‌നി സീതയെ അറിയിക്കുന്നു. അപ്പോള്‍ സീത പ്രതിവചിക്കുന്നതു നോക്കുക. ‘എങ്കില്‍ വനത്തിലേക്ക് അങ്ങയുടെ മുമ്പേ നടക്കുന്നതു ഞാനാണ്’. ‘കല്ലും മുള്ളും മൂര്‍ഖന്‍പാമ്പും കാട്ടു ജന്തുക്കളും കാറ്റും പേമാരിയും നിറഞ്ഞതാണ് കാട്. അവിടെ രാജകുമാരിയായ നീ…’ ‘കല്ലും മുള്ളും എനിക്ക് അവിടത്തെ സവിധത്തില്‍ പൂവും തളിരുമായിരിക്കും! ശ്രീരാമനില്ലാത്ത ഈ രാജധാനി, സീതയ്ക്കുകാനനം തന്നെയായിരിക്കുമെന്നു അങ്ങെയക്കറിയില്ലേ!’ സീതയും രാമനോടൊപ്പം പതിനാലുവര്‍ഷം കാട്ടില്‍ കഴിയുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാഹമോചനവും നടക്കുന്ന നമ്മുടെ ഇന്നത്തെ സമൂഹത്തില്‍, ഈ ദാമ്പത്യ കഥയുടെ പ്രസക്തി ഒന്നു ഓര്‍ത്തുനോക്കൂ!

പിതൃമാതൃതുല്യരായ ജേഷ്ഠന്റയും, ജ്യേഷ്ഠത്തിയുടേയും സംരക്ഷണാര്‍ത്ഥം, സഹോദരന്‍ ലക്ഷ്മണനും ആ വന്യജീവിതം സ്വയം ഏറ്റെടുക്കുന്നു. ഈ വിവരങ്ങളൊന്നും അറിയാതെ, സ്ഥലത്തില്ലാതിരുന്ന കൈകേയി പുത്രന്‍ ഭരതന്‍, തിരിച്ചെത്തുമ്പോള്‍ ഈ ദുഃഖസത്യമറഞ്ഞ് ഞെട്ടിത്തെറിക്കയാണ്. തനിക്കു ‘രാജഭോഗങ്ങള്‍’ കൈവരിച്ചുതന്ന അമ്മയോട് നിന്റെ ഗര്‍ഭത്തില്‍ ഞാന്‍ പിറന്നില്ലോടി ദുഷ്ടേ! ‘ എന്ന് ശകാരം ചൊരിഞ്ഞുകൊണ്ട്, സിംഹാസനം ഉപേക്ഷിച്ച് ജേഷ്ഠനൊപ്പം ദുഃഖം പങ്കിടാന്‍ കാട്ടിലേക്കു പറപ്പെടുന്ന ഭരതനും! ഈ ഭ്രാതൃസ്‌നേഹവികാരങ്ങള്‍ എന്തുകൊണ്ടു നമുക്കു നഷ്ടപ്പെട്ടു! ഒരിഞ്ചു ഭൂമിക്കുവേണ്ടിയോ, ഒരു വൃക്ഷത്തിനുവേണ്ടിയോ അതിര്‍ത്തിത്തര്‍ക്കം മൂലം വെട്ടും കൊലയും നടത്തികോടതികയറിയിറങ്ങുന്ന സഹോദരബന്ധങ്ങളല്ല നാമിന്നു കാണുന്നത്!

പ്രാചീനകാലം മുതല്‍ രാമായണം കുടുംബങ്ങളിലെ നിത്യപാരായണപുണ്യഗ്രന്ഥമായിരുന്നു. കുടുംബബന്ധങ്ങളെക്കുറിച്ചുള്ള വിശുദ്ധമായ ആശയം ആവിഷ്‌കരിച്ചിട്ടുള്ളതുകൊണ്ടല്ലേ വീടുകളില്‍ ഒരു മുത്തശ്ശിയെപ്പോലെ രാമായണവും ജീവിച്ചുപോന്നത്.

ടാഗോര്‍ പറഞ്ഞതുപോലെ ‘കുടുംബബന്ധം എങ്ങനെയായിരിക്കണമെന്ന് നമ്മെ പഠിപ്പിക്കയാണു രാമായണം’ അല്ലാതെ, യുദ്ധം ചെയ്യാന്‍ പഠിപ്പിക്കയല്ല!

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം