ശബരിമല തീര്‍ഥാടനം: ശുചീകരണത്തിനു തീരുമാനമായി

October 6, 2012 ക്ഷേത്രവിശേഷങ്ങള്‍,മറ്റുവാര്‍ത്തകള്‍

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തിനു മുന്നോടിയായുള്ള ശുചീകരണം നവംബര്‍ നാലുമുതല്‍ 11 വരെ നടത്താന്‍ കളക്ടര്‍ വി.എന്‍.ജിതേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ തീരുമാനമായി.

നീലിമലമുതല്‍ അപ്പാച്ചിമേടുവരെ അഖിലഭാരതീയ അയ്യപ്പസേവാസംഘം പ്രവര്‍ത്തകര്‍ ശുചീകരണം നടത്തും.  മാളികപ്പുറത്ത് സത്യസായി സേവാസമിതിയുടെ 50 സന്നദ്ധപ്രവര്‍ത്തകരും റാന്നി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 25 സന്നദ്ധപ്രവര്‍ത്തകര്‍ പമ്പയിലും ശുചീകരണം നടത്തും. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തില്‍ 60പേര്‍ പമ്പ ഗണപതിക്ഷേത്രപരിസരം ശുചീകരിക്കും.  വനസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ രാജാമ്പാറ മുതല്‍ ചാലക്കയം വരെ ശുചീകരിക്കും. പെരിയാര്‍ ടൈഗര്‍ റിസര്‍വിന്റെ ചുമതലയുള്ള ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റി സന്നദ്ധപ്രവര്‍ത്തകര്‍ പമ്പമുതല്‍ സന്നിധാനംവരെ ശുചീകരിക്കും. നെഹ്‌റു യുവകേന്ദ്രയുടെ 50 സന്നദ്ധപ്രവര്‍ത്തകര്‍ പമ്പയില്‍ ശുചീകരണം നടത്തും.

ശുചീകരണപ്രവര്‍ത്തനങ്ങളില്‍ അമൃതാനന്ദമയീമഠത്തിന്റെ സന്നദ്ധപ്രവര്‍ത്തകരും പങ്കാളികളാകും. റാന്നി-പെരുനാട് പഞ്ചായത്തിന്റെ 30 സന്നദ്ധപ്രവര്‍ത്തകരും ശുചീകരണം നടത്തും. ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ 70 വിശുദ്ധിസേനാംഗങ്ങളും പോലീസിന്റെ രണ്ട് ടീമും ശുചീകരണത്തില്‍ പങ്കാളികളാകും. ളാഹ മുതല്‍ ചാലക്കയം വനത്തിനു സമീപമുള്ള റോഡിന്റെ വശങ്ങള്‍ വനംവകുപ്പിന്റെ നേതൃത്വത്തില്‍ ശുചിയാക്കും. ശുചീകരണ ഉപകരണങ്ങള്‍, ഭക്ഷണം, സന്നദ്ധപ്രവര്‍ത്തകരുടെ താമസം എന്നിവ ദേവസ്വംബോര്‍ഡ് സജ്ജമാക്കും. ഈമാസം 20നുശേഷം അന്തിമ അവലോകനയോഗം ചേരും.

ജില്ലാ പോലീസ് മേധാവി കെ.കെ.ബാലചന്ദ്രന്‍, ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് മുസ്തഫ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതാകുമാരി, തിരുവല്ല ആര്‍.ഡി.ഒ. എ.ഗോപകുമാര്‍, അടൂര്‍ ആര്‍.ഡി.ഒ. വി.ആര്‍.വിനോദ്, കോന്നി ഡി.എഫ്.ഒ. ടി.പ്രദീപ്കുമാര്‍, പെരിയാര്‍ ടൈഗര്‍ റിസര്‍വ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.പി.സുനില്‍ബാബു, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെന്നി പുത്തന്‍പറമ്പില്‍, റാന്നി-പെരുനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.പ്രസാദ്, അഖിലഭാരത അയ്യപ്പസേവാസംഘം ജനറല്‍ സെക്രട്ടറി എന്‍.വേലായുധന്‍ നായര്‍, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ഡോ. എം.എസ്.സുനില്‍, സത്യസായി സേവാസമിതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എ.എന്‍.ജനാര്‍ദനക്കുറുപ്പ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍