ധര്‍മ്മം ദീക്ഷിക്ക സര്‍വ്വരും

October 8, 2012 സനാതനം

പൂത്തില്ലം നാരായണന്‍ നമ്പൂതിരി

മഹത്തായ സാംസ്‌കാരിക പൈതൃകം ഏറെ അവകാശപ്പെടാവുന്ന നാടായ ഭാരതം ക്ഷേത്രങ്ങളുടെ നാടുകൂടിയാണ്. അതിനാല്‍ പുണ്യഭൂമിയും ആകുന്നു. പക്ഷേ, നമ്മുടെ നാട്ടില്‍ ദുര്‍വ്വാസനകള്‍ തഴച്ചുവളരുന്നു. നമ്മുടെ ദേശത്തിന്റെ ഏതു ഭാഗം പരിശോധിച്ചാലും കുറ്റവാളികളും സാമൂഹ്യദ്രോഹികളും പീഠിപ്പിക്കുന്നതിനാല്‍ ദുരിതം സഹിച്ച് കഴിയാന്‍ മാത്രം വിധിക്കപ്പെട്ട സാധാരണ ജനങ്ങളുടെ കദനകഥകള്‍ കാണാനും കേള്‍ക്കാനും നമുക്ക് ഇന്ന് കഴിയും. ഈ ദ്രോഹം എന്തിന്? ഇതെങ്ങനെ നമ്മുടെ നാട്ടില്‍ വളര്‍ന്നു ? ഇതിന് ഉത്തരം കണ്ടെത്തേണ്ട സമയം അതിക്രമിച്ചിരിക്കുയാണ്. മാത്രമല്ല; ഇത്തരം സാമൂഹ്യവിരുദ്ധരില്‍ നിന്നുമുള്ള സംരക്ഷണവും നമ്മുടെ നാട്ടിലെ നിഷ്‌കളങ്കരായഗ്രാമീണര്‍ക്ക് ഏതുവിധവും നല്‍കേണ്ടതുമാണ്. കുറ്റവാളികള്‍ക്ക് തക്കശിക്ഷനല്‍കണം അതിന് നിയമപാലകര്‍ തയ്യാറാകണം. അതില്‍ നിന്നും അവരെ പിന്‍തിരിപ്പിക്കാന്‍, ആരും ശ്രമിക്കുകയും അരുത്.

വരും തലമുറയ്ക്ക് നമ്മള്‍ ഒരുക്കി നല്‍കേണ്ടത്, നമ്മുടെ പരിശ്രമങ്ങള്‍ രക്ഷപ്പെട്ടതും ജാതി, മതം, വര്‍ഗ്ഗം ഇവയുടെ പേരിലും കക്ഷിരാഷ്ട്രീയത്തിന്റെ പേരിലും നിത്യകലഹമില്ലാത്തതും സമത്വസുന്ദരമായ ഒരു നല്ല നാടായിരിക്കണം. പുരോമനങ്ങള്‍ പലതും നമ്മുടെ നാട്ടില്‍ ഉണ്ടായിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങളുടെ ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കും പരിപൂര്‍ണ ആശ്വാസം പകരാന്‍ അവയ്ക്ക് കഴിഞ്ഞിട്ടില്ല.

ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ‘വസുധൈവകുടുംബകം’ എന്ന ആര്‍ഷഭാരത ആശയം ഇന്ന് ആരും സ്മരിക്കുന്നതേയില്ല. പരപ്രേരണകൂടാതെ തന്നെ ജീവിതത്തില്‍ പലതിനും നാം വഴങ്ങേണ്ടിവരും. ഇവിടെ അതല്ല പ്രശ്‌നം. മനോധൈര്യത്തോടുകൂടി നമുക്കു ജീവിക്കാന്‍ കഴിയണം. പ്രതിബന്ധങ്ങള്‍ തരണം ചെയ്യപ്പെടണം. സ്വര്‍ഗ്ഗത്തേക്കാള്‍ ശ്രേഷ്ഠമാകേണ്ടതാണ് നമ്മുടെ നാട്. അതിന് കഴിഞ്ഞില്ലെങ്കിലും ജീവിതത്തില്‍ എല്ലാ രംഗങ്ങളിലും അരങ്ങ് തകര്‍ക്കുന്ന ധര്‍മ്മച്യുതിയില്‍നിന്ന് ഒരു മോചനമെങ്കിലും നമുക്ക് ഉടനെ ഉണ്ടാകണം. അതിന് സാക്ഷാല്‍ പരമാത്മാവ് തന്നെയായ ശ്രീരാമചന്ദ്രന്റെ കഥകള്‍ പൊരുള്‍ തികച്ചും മാര്‍ഗ്ഗദര്‍ശനമാണ്.
സാമൂഹ്യസേവനം രാജ്യഭരണം നിര്‍വ്വഹിക്കുന്നവര്‍ക്ക് ഉത്തമമാതൃകയാണ് രാമായണത്തിലെ ശ്രീരാമന്‍. നൂറുശതമാനം സാക്ഷരതനേടി എന്നവകാശപ്പെടുന്ന മലയാളക്കരയിലെ സാധാരണജനങ്ങള്‍ക്ക് പുരാണങ്ങളിലും ഇതിഹാസങ്ങളിലും അടങ്ങിയിരിക്കുന്ന ആദ്ധ്യാത്മികതത്വങ്ങളുടെ പൊരുള്‍ ഇന്നും അന്യമാണ്. സത്യലംഘനം ഒരിക്കലും ചെയ്യുകയില്ല എന്ന് ശ്രീരാമചന്ദ്രന്‍ ആവര്‍ത്തിച്ച് ഉറപ്പായിത്തന്നെ പറഞ്ഞിട്ടുണ്ട്. കനകത്തിനും കാമിനിക്കുംപുറകേ ഉള്ള സഞ്ചാരം മനുഷ്യന്റെ ധര്‍മ്മചിന്തക്കും യുക്തിവിചാരത്തിനും തടസ്സമാകുന്നു. അതിനാല്‍ സ്ത്രീ വിഷയങ്ങളിലും രാജകീയ സുഖങ്ങളിലുമുള്ള ആധുനിക മനുഷ്യന്റെ അഭിവാഞ്ച ഒഴിവാക്കി ധര്‍മ്മസ്വരൂപനായ ഈശ്വരനെ സ്മരിച്ച് സ്വധര്‍മ്മം അനുഷ്ഠിച്ച് ഏവരും കഴിയുമ്പോള്‍ വസുധൈവകുടുംബകം എന്ന ആര്‍ഷഭാരത ദര്‍ശനത്തില്‍ നമ്മുടെ നാടും അധിഷ്ഠിതമാകും.

സ്വന്തമായ പാര്‍പ്പിടമില്ലാത്തവരും വിശപ്പടക്കാന്‍ നിവര്‍ത്തികാണാതെ വലയുന്നവരും ആരാലും ശ്രദ്ധിക്കപ്പെടാത്തവരും ഒരിറ്റുസ്‌നേഹത്തിനുവേണ്ടി മാത്രം യാചിക്കുന്നവരുമെല്ലാം നമ്മുടെ നാട്ടില്‍ ഉണ്ട്. ധര്‍മ്മപ്പടിക്കു ജീവിച്ചിട്ടും തങ്ങള്‍ക്ക് ‘ഈ ഗതി വന്നല്ലോ’? എന്നു വിലപിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. എല്ലാവര്‍ക്കും സ്‌നേഹവും സുരക്ഷിതത്വവും ഉറപ്പുവരുത്തണം. അതിന്, ഭരണാധികാരികളും ഒരുതരത്തിലുള്ള അവിശുദ്ധകൂട്ടുകെട്ടുകളില്‍ പെടാതിരിക്കണം. ഈശ്വരസൃഷ്ടിയില്‍ സകലരും സമന്മാരാണ്. സകലതിനും ഈശ്വരാംശം സ്ഫുരിക്കുന്നുമുണ്ട്. ഇത് മനസ്സിലാക്കി ധര്‍മ്മം ദീക്ഷിക്കുമ്പോള്‍, നമ്മുടെ നാട് ഗാന്ധിജി വിഭാവനം ചെയ്ത സാക്ഷാല്‍ രാമരാജ്യമായിത്തീരും. സ്ഥിരവും ശാശ്വതവുമായി നിലനില്ക്കുന്നത് ധര്‍മ്മവും കീര്‍ത്തിയുമാത്രമാണെന്നും മറ്റെല്ലാം വളരെവേഗം നശിക്കുന്നതാണെന്നും എല്ലാവരും മനസ്സിലാക്കണം. ഭഗീരഥിയായ മന്ദാഗനി പരിശുദ്ധിയായത് ശ്രീരാമ സ്പര്‍ശത്താലാണ്. അതുപോലെ ധര്‍മ്മത്തില്‍ അടിയുറച്ചുനിന്നുകൊണ്ട് ഭാരതജനത സത്യസന്ധമായി ക്ഷമയോടെ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ ഈശ്വരാനുഗ്രഹത്തില്‍ ഭാരതം പുണ്യഭൂമിയായിത്തന്നെ കല്പാന്തകാലത്തോളം വര്‍ത്തിക്കുകതന്നെ ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം