രാജ്യാന്തര റബര്‍ സമ്മേളനം കോവളത്ത് നടക്കും

October 12, 2012 കേരളം

തിരുവനന്തപുരം: റബര്‍ ഉത്പാദക രാജ്യങ്ങളിലെ റബര്‍ ഗവേഷണസ്ഥാപനങ്ങളുടെ പൊതുവേദിയായ ഇന്റര്‍നാഷണല്‍ റബര്‍ റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ബോര്‍ഡി(ഐആര്‍ആര്‍ഡിബി)ന്റെ വാര്‍ഷികസമ്മേളനവും പത്താം രാജ്യാന്തര സമ്മേളനവും കോവളത്തു നടക്കും. രാജ്യാന്തര റബര്‍ സമ്മേളനം 29 മുതല്‍ 31 വരെ കോവളം ഹോട്ടല്‍ സമുദ്രയിലും വാര്‍ഷിക സമ്മേളനങ്ങള്‍ നവംബര്‍ 1, 2 തീയതികളില്‍ ഹോട്ടല്‍ വിവാന്റയിലുമാണ് നടക്കുന്നത്.

മൂന്നുദിവസം നീണ്ടുനില്കുന്ന രാജ്യാന്തര റബര്‍സമ്മേളനത്തില്‍ റബര്‍ ഉത്പാദക രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, കര്‍ഷകര്‍, നഴ്സറിയുടമകള്‍, വ്യാപാരികള്‍, വ്യവസായികള്‍, കാര്‍ഷികോപകരണവിതരണക്കാര്‍ തുടങ്ങി പ്രകൃതിദത്ത റബര്‍ മേഖലയുമായി ബന്ധപ്പെട്ട നാനൂറിലധികം പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തിന്റെ ഒന്നാംദിവസം റബര്‍ വ്യവസായരംഗം നേരിടുന്ന വെല്ലുവിളികള്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കും. ഈ സെഷനില്‍ റബര്‍ടെക്നോളജി, സംസ്കരണം, പോളിമര്‍സയന്‍സ്, പ്രകൃതിദത്തകൃത്രിമ റബര്‍ ബ്ളെന്‍ഡുകള്‍, തുടങ്ങി റബര്‍വ്യവസായവുമായി ബന്ധപ്പെട്ട വിവിധവിഷയങ്ങളില്‍ നടക്കുന്ന ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രണ്ടാംദിവസം നടക്കുന്ന കാര്‍ഷികരംഗത്തെ യന്ത്രവത്കരണം എന്ന വിഷയത്തിലുള്ള സെഷനില്‍ പ്രകൃതിദത്ത റബര്‍കൃഷിയുടെയും ഉത്പാദനത്തിന്റെയും ശാസ്ത്രീയ വശങ്ങളുള്‍ക്കൊള്ളിച്ചു കൊണ്ടുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

സമ്മേളനത്തിന്റെ ഭാഗമായിഅവസാന ദിവസം നടത്തുന്ന പഠനയാത്ര കന്യാകുമാരി ജില്ലയിലെ വിവിധ റബര്‍തോട്ടങ്ങളും റബറുത്പാദകസംഘങ്ങളും സന്ദര്‍ശിക്കുന്നതിനും കൃഷി നേരിട്ടുകണ്ടു മനസിലാക്കുന്നതിനുമുള്ള അവസരമൊരുക്കും.

നവംബര്‍ ഒന്നും രണ്ടും തീയതികളില്‍ നടക്കുന്ന വാര്‍ഷിക യോഗങ്ങളില്‍ ഐആര്‍ആര്‍ഡിബി അംഗങ്ങളും അസോസിയറ്റ് അംഗങ്ങളും പങ്കെടുക്കും. സംഘടനയുടെ ഡയറക്ടര്‍മാരുടെയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെയും യോഗം നവംബര്‍ ഒന്നിനും ഐആര്‍ആര്‍ഡിബി ബോര്‍ഡംഗങ്ങളുടെ യോഗം രണ്ടിനുമാണു നടക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം