ഋചീകമുനിയും സത്യവതിയും

October 13, 2012 മറ്റുവാര്‍ത്തകള്‍,സനാതനം

ഹരിപ്രിയ

സമുദ്രത്തില്‍നിന്ന് കേരളക്കരയെ പൊക്കിയെടുത്ത ആ പരശുവേന്തിയ പരശുരാമന്റെ ജനനവും കര്‍മ്മങ്ങളും വളരെ വിചിത്രമാണ്. ക്ഷാത്രവീര്യവും, ബ്രാഹ്മണതേജസും ഒത്തുചേര്‍ന്ന ഭാരതീയന്‍. അവന് മാത്രമേ ഭാരതനവോത്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിക്കാനാവൂ. എന്ന് സ്വാമി വിവേകാനന്ദന്‍ പറയാറുണ്ട്. പരശുരാമന്‍ കരുത്തിന്റെ പ്രതീകമാണ്.

ഋചീകമുനിയുടെ സങ്കല്പമാണ് രാമനെ ഘോരകര്‍മ്മാവാക്കിയത്. ഭൃഗു വംശജനായ ഋചീകമുനി ഗ്രഹസ്ഥാശ്രമത്തിനു മോഹിച്ചു. അന്നു രാജ്യം ഭരിച്ചിരുന്നത് ഗാഥി മഹാരാജാവായിരുന്നു. കുശികന്റെ വംശജനും ഇന്ദ്രന്റെ അംശവുമാണ് പരാക്രമിയായ ഗാഥി. അദ്ദേഹത്തിന് ത്രിലോകസുന്ദരിയായ ഒരു മകള്‍-സത്യവതി.

ഋചീകന്‍ കൊട്ടാരത്തില്‍വന്ന് സത്യവതിയെ ദാനമായി ചോദിച്ചു. ഗാഥിയ്ക്ക് തീരെ ഇഷ്ടമായില്ല. എങ്കിലും ശാപം ഭയന്ന് നല്ലവാക്കുപറഞ്ഞു. ‘ബ്രാഹ്മണര്‍ ചോദിച്ചാല്‍ ഞാന്‍ എന്തും നല്കും. പക്ഷേ കന്യാദാനത്തിന്റെ കാര്യത്തില്‍ ഞങ്ങള്‍ കുശികന്‍മാര്‍ക്ക് ചില നിയമങ്ങളുണ്ട്.  കറുത്ത ആയിരം കുതിരകളെ വരന്‍ കന്യാശുല്‍കമായി നല്‍കണം’.

ഇന്ദ്രിയങ്ങളാകുന്ന കുതിരകളെ സ്വയം നിയന്ത്രിച്ചുള്ള ഋചീകന് ഈ കുതിരകള്‍ അത്രപ്രശ്‌നമായില്ല. വരുണലോകത്തിലാണ് നല്ല കുതിരകള്‍ ഉള്ളത്. ഋചീകന്‍ അവിടെയെത്തി. വരുണരില്‍നിന്നു ശ്യാമകര്‍ണ്ണന്മാരായ ചന്ദ്രവര്‍ണ്ണ കുതിരകളെ വാങ്ങി ഗാഥിക്ക് നല്‍കി, സത്യവതിയെവേട്ടു. മകള്‍ ഋചീകന്റെകൂടെ ആശ്രമത്തിലേക്കു പോയതോടെ രാജമാതാവിന് വലിയ ദുഃഖമായി. ലാളിക്കാന്‍ ഒരു കുഞ്ഞുവേണം. ഒടുവില്‍ ആ പ്രായത്തില്‍ വീണ്ടും ആ രാജ്ഞി ഗര്‍ഭിണിയായി. സത്യവതി കാലക്രമത്തില്‍ ഗര്‍ഭം ധരിച്ചു. രണ്ടുപേര്‍ക്കും സത്പുത്രന്മാര്‍ ജനിക്കാന്‍വേണ്ടതെല്ലാം ഋചീകന്‍ ചെയ്തു.

അമ്മയും – മകളും ആശ്രമത്തില്‍ ഋചീകന്‍ നടത്തുന്ന പൂജാപാരായണാദികളിലെല്ലാം പങ്കുകൊണ്ടു. പുത്രകാമേഷ്ഠിയാഗം കഴിഞ്ഞ് പായസംകഴിച്ച കഥ രാമായണത്തിലുണ്ടല്ലോ. ഇതുപോലെ ഋചീകന്‍ വിശിഷ്ടമന്ത്രങ്ങള്‍ ജപിച്ച നെയ്യ് തുടങ്ങിയവയെല്ലാം ചേര്‍ത്ത് ഒരു നിവേദ്യം ഉണ്ടാക്കി. സത്യവതിക്കും-അമ്മയ്ക്കും പ്രത്യേകം പാത്രങ്ങളിലാക്കി നല്‍കി. ആശ്രമത്തില്‍ ബ്രഹ്മജ്ഞാനിയായ പുത്രന്‍. കൊട്ടാരത്തില്‍ ക്ഷാത്രവീര്യമുള്ളവനും ഇതായിരുന്നു ഋചീകന്റെ സങ്കല്പം. സത്യവതിയുടെ അമ്മ പട്ടമഹര്‍ഷിയല്ലേ. ആ മഹിഷി സ്വഭാവം കാണിച്ച്, മകളോടു പറഞ്ഞു ‘ സത്യവതീ, ഏതു ഋഷിയായാലും ശരി സ്വന്തം പുത്രന്‍ കൂടുതല്‍ ശ്രേഷ്ഠനാകാന്‍ വേണ്ടതു ചെയ്യും. നീ നിനക്കുതന്ന ഹവിസ്സ് എനിക്കു തരിക. സഹോദരന്‍ കേമനാകണമെന്ന് നിനക്കും മോഹമുണ്ടല്ലോ. ഇനി നിന്റെ പുത്രന് എന്തെങ്കിലും ദോഷം വന്നാല്‍തന്നെ അവനെ ഋചീകന്‍ ബ്രഹ്മര്‍ഷിയാക്കിക്കൊള്ളും’.

ശാന്തയായ സത്യവതി സമ്മതിച്ചു. നിവേദ്യം മാറിക്കഴിച്ചു. ദിവസങ്ങള്‍ കഴിയുന്നതോടെ സത്യവതിയുടെ മുഖത്ത് ക്ഷാത്രതേജസ്സ് പ്രത്യക്ഷപ്പെട്ടു. ഋചീകന് സര്‍വ്വവും മനസ്സിലായി. അദ്ദേഹം ക്രുധനായി പറഞ്ഞു. ‘ മൂഢയായ മാതാവിനുവേണ്ടി ജ്ഞാനിയായ എന്റെ വാക്ക് അവഗണിച്ചില്ലേ. നിനക്ക് ഘോരനും ദണ്ഡധരനുമായ ഒരു ഉണ്ണിയുണ്ടാകും. കൊട്ടാരത്തില്‍ ബ്രഹ്മവിത്തനായ ഋഷിയും.’

‘ ആറ്റുനോറ്റുണ്ടാകുന്ന ഉണ്ണി യമതുല്ല്യനാകുകയോ അങ്ങനെ സംഭവിക്കരുതേ സത്യവതി മുനിയുടെ കാലുപിടിച്ച് കരയാന്‍തുടങ്ങി. എല്ലാം ഈശ്വരേച്ഛ എന്ന് സങ്കല്പിച്ച് ശാന്തനായി മുനി ഒരു ഭേദഗതി ചെയ്തു.’ പുത്രന്‍ ശാന്തനാകും. പൗത്രന്‍ ഘോരകര്‍മ്മാവാകും.

അങ്ങനെ സത്യവതിയിലുണ്ടായ പുത്രനാണ് ജമദഗ്നി. കൊട്ടാരത്തില്‍ ബ്രഹ്മണതേജസ്സോടെ പിറന്നത് വിശ്വാമിത്രന്‍. അദ്ദേഹം ബ്രഹ്മര്‍ഷിയായി ഉയരാന്‍കാരണം അമ്മ നിവേദ്യം മാറിക്കഴിച്ചതാണ്. ഘോരനായ പൗത്രനെ കാണുംമുമ്പേ സത്യവതി യാത്രയായി. ആദേഹം ‘കൗശികീ’ എന്നപുണ്യനദിയായി ഒഴുകി.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍