കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്ന നിലപാട് സിപിഎമ്മിനില്ല: കാരാട്ട്

October 14, 2012 ദേശീയം

ന്യൂഡല്‍ഹി: കൂടംകുളം ആണവനിലയം അടച്ചുപൂട്ടണമെന്ന നിലപാട് സിപിഎമ്മിനില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്രകമ്മറ്റി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാതെയും സുരക്ഷാകാര്യത്തില്‍ സ്വതന്ത്ര പരിശോധന നടത്താതെയും പ്ളാന്റ് തുറക്കരുതെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്ന് കാരാട്ട് പറഞ്ഞു.  വി.എസ് ചൂണ്ടിക്കാട്ടിയിട്ടാണ് വിഷയം കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ചയ്ക്കെടുത്തതെന്ന് പറഞ്ഞ കാരാട്ട് ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാന്‍ തയാറായില്ല. വിഷയത്തില്‍ കേന്ദ്രകമ്മറ്റി പ്രമേയം പാസാക്കിയിട്ടുണ്ടെന്നും അതിന്റെ പകര്‍പ്പ് നല്‍കുമെന്നും പറഞ്ഞ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയായിരുന്നു.

കൂടംകുളം വിഷയത്തില്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും പാര്‍ട്ടി ഘടകങ്ങളുടെയും കേന്ദ്രനേതൃത്വത്തിന്റെയും നിലപാടുകളില്‍ ഭിന്നതയില്ലെന്നും കാരാട്ട് പറഞ്ഞു. സബ്സിഡിയോടെയുള്ള പാചകവാതക സിലിണ്ടര്‍ വെട്ടിക്കുറച്ചതും ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചതും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ സമരം തുടരുമെന്ന് കാരാട്ട് പറഞ്ഞു. കേന്ദ്രം വിദേശമൂലധനത്തെ പ്രോത്സാഹിപ്പിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തന്നെ രാഷ്ട്രീയമായി ഒറ്റപ്പെട്ടുകഴിഞ്ഞു. സര്‍ക്കാരിനെതിരായ കൂടുതല്‍ നീക്കങ്ങള്‍ പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പ് മറ്റ് പാര്‍ട്ടികളുമായി കൂടിയാലോചിച്ച് തീരുമാനിക്കും.

വാള്‍ മാര്‍ട്ട് ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് കരുതുന്നില്ലെന്നും മിക്ക സംസ്ഥാനങ്ങളും ഇതിനെ നിലവില്‍ എതിര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതിനെ അനുകൂലിച്ചിട്ടുള്ളതെന്നും കാരാട്ട് പറഞ്ഞു. ഹിമാചല്‍പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകളും ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം