കണ്ണൂരിലെ അക്രമം യു.ഡി.എഫ്‌ ആസൂത്രണം ചെയ്‌തത്‌: പിണറായി

October 24, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ ഉണ്ടായ അക്രമങ്ങള്‍ യു.ഡി.എഫ്‌ ആസൂത്രണം ചെയ്‌തതാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു. അവിടെ തിരഞ്ഞെടുപ്പ്‌ അന്തരീക്ഷം മോശമാണെന്ന്‌ കാണിക്കാനാണ്‌ യു.ഡി.എഫ്‌ കരുതുക്കൂട്ടി അക്രമങ്ങള്‍ അഴിച്ചു വിട്ടതെന്നും അദ്ദേഹം തിരുവനന്തപുരത്ത്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കണ്ണൂരില്‍ അക്രമം നടക്കുമെന്ന്‌ വിവരം ലഭിച്ചിരുന്നുവെന്ന്‌ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞതായി അറിയാന്‍ കഴിഞ്ഞു. അങ്ങനെ അക്രമം നടക്കുമെന്ന്‌ അറിഞ്ഞിട്ട്‌ ആ വിവരം എന്തുകൊണ്ട്‌ സംസ്ഥാന സര്‍ക്കാരിന്‌ കൈമാറിയില്ലെന്ന്‌ പിണറായി ചോദിച്ചു. അതിനര്‍ത്ഥം കോണ്‍ഗ്രസിന്റെ ഭാഗത്ത്‌ നിന്ന്‌ അക്രമം നടക്കുമെന്നാണ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കന്മാര്‍ മുല്ലപ്പള്ളിയെ അറിയിച്ചത്‌. അതുകൊണ്ടായിരിക്കും അദ്ദേഹം ഇത്‌ സംസ്ഥാന ആഭ്യന്തര മന്ത്രിയെ അറിയിക്കാതിരുന്നുതെന്നും പിണറായി പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ചില വഴിവിട്ട നീക്കങ്ങള്‍ യു.ഡി.എഫ്‌ നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസേന ഇല്ലാതിരുന്നതു കൊണ്ടാണ്‌ തിരഞ്ഞെടുപ്പിനിടെ കണ്ണൂരില്‍ അക്രമങ്ങള്‍ അരങ്ങേറിയതെന്ന കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്‌താവന അപക്വവും, അദ്ദേഹത്തിന്റെ പദവിയ്‌ക്ക്‌ ചേരാത്തതുമാണ്‌. കണ്ണൂരില്‍ കേന്ദ്രസേനയെ വിന്യസിക്കേണ്ട യാതൊരു സാഹചര്യവുമില്ല. സംസ്ഥാനത്ത്‌ തിരഞ്ഞെടുപ്പ്‌ നടന്ന എല്ലായിടങ്ങളിലും സ്വതന്ത്രവും, നീതിപൂര്‍വവുമായാണ്‌ തിരഞ്ഞെടുപ്പ്‌ നടന്നത്‌. കണ്ണൂരില്‍ അക്രമ സംഭവങ്ങള്‍ യു.ഡി.എഫ്‌ ആസൂത്രണം ചെയ്‌ത നടപ്പാക്കിയതാണെന്നും പിണറായി പറഞ്ഞു. പാര്‍ട്ടി ഗ്രാമങ്ങളില്‍ സി.പി.എമ്മില്‍ നിന്ന്‌ കൊഴിഞ്ഞുപോക്ക്‌ തുടരുന്നുവെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവന ചൂണ്ടിക്കാട്ടിയപ്പോള്‍ സി.പി.എമ്മിന്റെ ജീര്‍ണതയെ കുറിച്ച്‌ മുല്ലപ്പള്ളി സംസാരിക്കേണ്ടതില്ല. സി.പി.എമ്മില്‍ ജീര്‍ണ്ണതയുണ്ടായാല്‍ അത്‌ പരിഹരിക്കാനുള്ള ആര്‍ജ്ജവവും പാര്‍ട്ടിക്കുണ്ടെന്നും പിണറായി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം