അക്രമത്തിന്‌ തെളിവുണ്ടെങ്കില്‍ പുറത്ത്‌ വിടണം: കോടിയേരി

October 24, 2010 കേരളം,മറ്റുവാര്‍ത്തകള്‍

കണ്ണൂര്‍: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ കണ്ണൂരിലുണ്ടായ അക്രമത്തില്‍ തനിക്ക്‌ പങ്കുണ്ടെന്നതിന്‌ എന്തെങ്കിലും തെളിവ്‌ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ കൈയിലുണ്ടെങ്കില്‍ അത്‌ പുറത്ത്‌ വിടണമെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ ആവശ്യപ്പെട്ടു. നിര്‍ഭയമായി വോട്ടു ചെയ്യാനില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവനയാണ്‌ അക്രമത്തിന്‌ കാരണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കണ്ണൂരിലെ അക്രമത്തില്‍ മുല്ലപ്പള്ളിയ്‌ക്ക്‌ മാത്രമല്ല, കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയ്‌ക്കും പങ്കുണ്ടെന്നാണ്‌ അദ്ദേഹത്തിന്റെ പ്രസ്‌താവനയില്‍ നിന്ന്‌ മനസിലാകുന്നത്‌. നിര്‍ഭയമായി തിരഞ്ഞെടുപ്പ്‌ നടക്കാന്‍ സാദ്ധ്യതയില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്‌താവന കോണ്‍ഗ്രസുകാര്‍ തെളിയിച്ചതായും കോടിയേരി പറഞ്ഞു. സംസ്‌ഥാനത്ത്‌ പോളിംഗ്‌ ശതമാനം വര്‍ദ്ധിച്ചത്‌ വോട്ടര്‍മാര്‍ക്ക്‌ നിര്‍ഭയമായി വോട്ടു ചെയ്യാന്‍ അവസരമുണ്ടായതിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ അക്രമം നടക്കുമെന്ന്‌ നേരത്തെ അറിയാമായിരുന്നെങ്കില്‍ പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിച്ചതുപോലെ എന്തുകൊണ്ട്‌ ചെയ്‌തില്ലെന്നും കോടിയേരി ചോദിച്ചു. കേന്ദ്ര സേനയെ വിന്യസിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമില്ല. തിരഞ്ഞെടുപ്പ്‌ കമ്മീഷനാണ്‌ കേന്ദ്ര സേനയെ വിന്യസിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം