വി.എസ് പരസ്യമായി തെറ്റുകള്‍ ഏറ്റുപറഞ്ഞു

October 18, 2012 കേരളം,പ്രധാന വാര്‍ത്തകള്‍

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പരസ്യമായി കുറ്റസമ്മതം നടത്തി. ഉച്ചയ്ക്ക് 12.30 ന് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു വി.എസ് അച്യുതാനന്ദന്‍ പരസ്യമായി കുറ്റസമ്മതം നടത്തിയത്. ആണവനിലയത്തിനെതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കൂടംകുളത്തേക്ക് പോയതും നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ടി.പി ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതും പിണറായി വിജയനെ ഡാങ്കേയോട് ഉപമിച്ചതും തെറ്റായിപ്പോയെന്ന് സമ്മതിക്കുന്നതായി വി.എസ് പരസ്യമായി പറഞ്ഞു. പാര്‍ട്ടി കേന്ദ്രകമ്മറ്റിയുടെ നിര്‍ദേശപ്രകാരമാണ് തെറ്റുകള്‍ ഏറ്റുപറയുന്നതെന്നും കേന്ദ്രകമ്മറ്റിയിലും സംസ്ഥാന കമ്മറ്റിയിലും നേരത്തെ ഇക്കാര്യങ്ങള്‍ ഏറ്റുപറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ തെറ്റുകളും പിശകുകകളും സ്വയം വിമര്‍ശനപരമായി അംഗീകരിക്കുകയാണെന്നും അതിനാലാണ് പരസ്യമായി ഇക്കാര്യങ്ങള്‍ പറയുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ഐഎസ്ആര്‍ഒ ചാരക്കേസ് പരാമര്‍ശിച്ച ശേഷമായിരുന്നു വി.എസ് എഴുതി തയാറാക്കിയ പ്രസ്താവന വായിച്ച് തെറ്റുകള്‍ ഏറ്റുപറഞ്ഞത്. കൂടംകുളത്തെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന അഭിപ്രായം പ്രകടിപ്പിച്ച താന്‍ സമരത്തിന് ആധാരമായ പ്രശ്നങ്ങള്‍ നേരിട്ട് അറിയുകയെന്ന ലക്ഷ്യത്തോടെയാണ് അങ്ങോട്ടുപോയതെന്ന് വി.എസ് പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ അറിയിച്ചുകൊണ്ടായിരുന്നു യാത്ര. എന്നാല്‍ തന്റെ അഭിപ്രായങ്ങളില്‍ ചിലത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടില്‍ നിന്ന് വ്യതിചലിച്ചതായും വിവാദങ്ങള്‍ക്കിട നല്‍കുംവിധം അങ്ങോട്ടുപോയത് ശരിയായില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുണ്ടായി. ഈ സാഹചര്യത്തില്‍ ഇക്കാര്യത്തിലുണ്ടായ സംഘടനാപരമായ പിഴവുകള്‍ താന്‍ അംഗീകരിക്കുന്നതായും കൂടംകുളം വിഷയത്തിലും ആണവോര്‍ജ വിഷയത്തിലും തുടര്‍ന്നും ജാഗരൂകനായിരിക്കുമെന്നും വി.എസ് പറഞ്ഞു.

ആണവ നിലയത്തോട് എതിര്‍പ്പില്ലെന്നും ജനങ്ങളുടെ ഉപജീവനവും സുരക്ഷിതത്വവും ഉറപ്പുവരുത്തി മാത്രമേ നിലയം കമ്മീഷന്‍ ചെയ്യാവൂവെന്നുമാണ് പാര്‍ട്ടിയുടെ നിലപാടെന്നും കേന്ദ്രകമ്മറ്റി പുറത്തിറക്കിയ പ്രമേയത്തിലെ വാക്കുകള്‍ ഉദ്ധരിച്ച് വി.എസ് പറഞ്ഞു. ഇത് താന്‍ അംഗീകരിക്കുന്നതായും പാര്‍ട്ടിപ്രമേയം സുവ്യക്തമാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. സമരം ചെയ്യുന്ന ജനങ്ങള്‍ക്ക് എതിരല്ല പാര്‍ട്ടിയെന്ന് പ്രമേയത്തിലൂടെ വ്യക്തമായതായും വി.എസ് പറഞ്ഞു. പദ്ധതിയുടെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ വിശദീകരിക്കണമെന്ന് വീണ്ടും കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ആണവ മാലിന്യം എന്ത് ചെയ്യുമെന്ന സുപ്രീംകോടതിയുടെ ചോദ്യവും സുരക്ഷിതത്വത്തില്‍ ഊന്നിയുള്ള സിപിഎം പ്രമേയത്തെ ശരിവെക്കുന്നതായി വി.എസ് പറഞ്ഞു. എന്നാല്‍ ശാസ്ത്ര വിഷയങ്ങളില്‍ അന്തിമമായ തീര്‍പ്പ് കല്‍പിക്കാറായിട്ടില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു. ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിച്ചതിലെ പിഴവ് അംഗീകരിച്ച വി.എസ് രക്തസാക്ഷിയെന്നാണ് ചന്ദ്രശേഖരനെ വിശേഷിപ്പിച്ചത്. വയനാട്ടില്‍ ഒരു പരിപാടിക്ക് പോയി മടങ്ങിയ തനിക്ക് അന്ന് കോഴിക്കോട്ടു നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങാനായില്ല. ഈ സാഹചര്യത്തിലാണ് അന്ന് കോഴിക്കോട് തങ്ങി പിറ്റേന്ന് നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ദിവസം ചന്ദ്രശേഖരന്റെ വീട്ടിലെത്തിയത്. അല്ലാതെ ഇത് കരുതിക്കൂട്ടിയായിരുന്നില്ലെന്നും യാദൃശ്ചികം മാത്രമായിരുന്നുവെന്നും വി.എസ് പറഞ്ഞു. നേരത്തെയും കാലിക്കറ്റ് സര്‍വകലാശാലയിലെ ഭൂമിദാനവുമായി ബന്ധപ്പെട്ട് വി.എസ് കോഴിക്കോട് പോയിരുന്നല്ലോയെന്ന ചോദ്യത്തിന് അന്ന് ചന്ദ്രശേഖരന്റെ വീട് സന്ദര്‍ശിക്കാന്‍ സാവകാശം ലഭിച്ചില്ലെന്നായിരുന്നു മറുപടി.

ചന്ദ്രശേഖരന്റെ വധത്തില്‍ പങ്കില്ലെന്നും ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പാര്‍ട്ടി നിലപാടെന്ന് വി.എസ് പറഞ്ഞു. ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ വി.എസ് പിന്നീട് പറഞ്ഞു. തുടര്‍ന്നായിരുന്നു പിണറായിയെ ഡാങ്കേയോട് ഉപമിച്ചതും തെറ്റായിപ്പോയെന്ന് വി.എസ് സമ്മതിച്ചത്. കുറ്റസമ്മതം എന്താണ് വൈകിയതെന്ന ചോദ്യത്തിന് ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രകമ്മറ്റിയുടെ പ്രമേയം പുറത്തുവന്ന സാഹചര്യത്തില്‍ താന്‍ നേരിട്ട് വീണ്ടും പ്രസ്താവന കൊടുക്കണോയെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നതായും അതാണ് വൈകിയതെന്നും വി.എസ് പറഞ്ഞു. വി.എസ് തന്നെ കാര്യങ്ങള്‍ ജനങ്ങളോട് തുറന്നുപറയുക തന്നെയാണ് നല്ലതെന്ന കേന്ദ്രകമ്മറ്റി നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ പരസ്യപ്രസ്താവന നടത്തുന്നതെന്നും വി.എസ് പറഞ്ഞു. പരസ്യമായി താന്‍ നടത്തിയ വിമര്‍ശനത്തിലെ സംഘടനാപരമായ പിശക് പരസ്യമായി തന്നെ തിരുത്തേണ്ടത് ജനങ്ങളുടെ വിശ്വാസത്തിന് ആവശ്യമാണെന്നും അതിനാലാണ് ഇക്കാര്യങ്ങള്‍ പരസ്യമായി ആവര്‍ത്തിക്കുന്നതെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിക്ക് പൂര്‍ണമായി കീഴടങ്ങിയാകുമോ വി.എസിന്റെ ഇനിയുള്ള പ്രവര്‍ത്തനമെന്ന ചോദ്യത്തിന് ഓരോ ഘട്ടമനുസരിച്ചും താന്‍ നിലപാടുകള്‍ വ്യക്തമാക്കുമെന്നായിരുന്നു മറുപടി. എണ്‍പത്തിയെട്ടാം വയസില്‍ എന്തിനാണ് ഈ ശാസനയെന്ന ചോദ്യത്തിന് പിശകുകളും തെറ്റുകളും സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വയം വിമര്‍ശനപരമായി അത് അംഗീകരിക്കാന്‍ താന്‍ മടികാണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം