ഇന്ത്യയിലേക്ക്‌ കുടിവെള്ളം വില്‍ക്കാന്‍ അമേരിക്ക രംഗത്ത്‌

October 24, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

അലാസ്‌ക: അമേരിക്കന്‍ കമ്പനി കുടിവെള്ളം വെള്ള ക്ഷാമമുള്ള ഇന്ത്യന്‍ പ്രദേശങ്ങളിലും മദ്ധ്യപൂര്‍വ്വ രാജ്യങ്ങളിലും വന്‍ തോതില്‍ വിറ്റുകാശാക്കാന്‍ പോകുന്നു. ഇടത്താവളമായി മുംബെയ്‌ തീരം ഉപയോഗിക്കാനാണ്‌ പദ്ധതി. ടെക്‌സാസിലെ സാന്‍ അന്റോണിയോയിലുള്ള കമ്പനിയാണ്‌ കരാര്‍ ഏറ്റെടുത്തിട്ടുള്ളത്‌. അലാസ്‌കയിലെ സിറ്റ്‌കയിലുള്ള ബ്‌ളൂലേക്‌ റിസര്‍വോയറില്‍ നിന്നുള്ള വെള്ളമാണ്‌ വില്‍ക്കുക. കാനഡയുടെ പടിഞ്ഞാറന്‍ തീരത്തിനകലെയാണ്‌ സിറ്റ്‌ക ടൗണ്‍. അതിന്‌ ആറുമൈല്‍ കിഴക്കായാണ്‌ മൂന്നു മൈല്‍ നീളത്തില്‍ ബ്‌ളൂലേക്‌ റിസര്‍വോയര്‍.
ബ്‌ളൂലേകിലെ വെള്ളം ശുദ്ധീകരിക്കാതെതന്നെ കുടിക്കാന്‍ യോഗ്യമായതാണ്‌. വടക്കേ അമേരിക്കയിലെ ചിലയിടങ്ങളില്‍ ബ്‌ളൂലേക്‌ ജലം കുപ്പികളില്‍ വില്‍ക്കുന്നുണ്ട്‌. അത്‌ മറ്റ്‌ രാജ്യങ്ങളില്‍ വന്‍തോതില്‍ വില്‍ക്കാനുള്ള പദ്ധതിയാണ്‌ എസ്‌ 2 സി ഗേ്‌ളാബല്‍ സിസ്‌റ്റംസ്‌ എന്ന ടെക്‌സസ്‌ കമ്പനി ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. പ്രതിവര്‍ഷം 1090 കോടി ലിറ്റര്‍ വെള്ളം വില്‍ക്കാനാണ്‌ ഉദ്ദേശം. അഞ്ച്‌ ലക്ഷം ജനങ്ങള്‍ വസിക്കുന്ന ഒരു പട്ടണത്തിലെ ആവശ്യങ്ങള്‍ക്ക്‌ ഉതകുന്നതാകും ഇതെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌.
വെള്ളം കൂറ്റന്‍ കപ്പലുകളില്‍ മുംബെയ്‌ തീരത്ത്‌ എത്തിക്കും. അവിടെ വെള്ളം സംഭരിക്കാനും കുപ്പികളില്‍ നിറച്ച്‌ വിതരണം ചെയ്യാനുമുള്ള സംവിധാനം ഉണ്ടാകും. ചെറിയ കപ്പലുകളില്‍ വെള്ളം നിറച്ചു കൊണ്ടുപോകാനുള്ള സൗകര്യവും ഏര്‍പ്പെടുത്തും. ഇറാക്കിലേക്കും മറ്റും കുടിവെള്ളം എത്തിച്ചു വില്‌പന നടത്താനാണ്‌ പദ്ധതി. എന്നാല്‍ ഈ കുടിവെള്ള കച്ചവട പദ്ധതിക്ക്‌ ഏറെ കടമ്പകള്‍ കടക്കാനുണ്ട്‌.
അമേരിക്കയില്‍ നിന്ന്‌ വെള്ളം കപ്പലില്‍ ഇന്ത്യന്‍ തീരത്ത്‌ എത്താന്‍ ആഴ്‌ച്ചകളെടുക്കും. അത്രയും നാള്‍ ടാങ്കുകളില്‍ കിടക്കുന്ന ജലം മലിനമാകുമെന്ന്‌ തീര്‍ച്ചയാണ്‌. അത്‌ ശുദ്ധീകരിക്കാതെ കുടിവെള്ളമാക്കാനാകില്ല എന്നര്‍ത്ഥം. ശുദ്ധീകരണത്തിന്‌ വന്‍തുക ചെലവാക്കേണ്ടി വരും.
അലാസ്‌ക്കയില്‍ നിന്ന്‌ കപ്പലില്‍ വെള്ളം മുംബെയ്‌ തീരത്ത്‌ എത്താന്‍ മുപ്പതു ദിവസം എടുക്കുമെന്നും ആ കാലയളവില്‍ വെള്ളം സുരക്ഷിതമായി സൂക്ഷിക്കാന്‍ കപ്പലുകളില്‍ ഓസൊണേറ്റിംഗ്‌ സംവിധാനം ഉണ്ടാകുമെന്നും കമ്പനി അധികൃതര്‍ പറയുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം