സാത്വികനായ കുറുക്കന്‍

October 20, 2012 സനാതനം

സവ്യാസാചി

പുരിക എന്ന സമ്പന്നനഗരത്തില്‍ രാജാവായിരുന്നു പൗരികന്‍. അയാള്‍ മഹാക്രൂരനും പ്രാണിഹിംസയില്‍ തല്‍പ്പരനായി ജീവിച്ചു. അതുകൊണ്ട് മരണാനന്തരം അയാള്‍ കുറുക്കനായി പുനര്‍ജനിച്ചു. കഴിഞ്ഞജന്മത്തെക്കുറിച്ചുള്ള ഓര്‍മ്മ കുറുക്കനുണ്ടായിരുന്നു. അവന്‍ പശ്ചാത്താപ വിവശനായി. വിവേകചിന്ത അവനെ ക്രമേണ വിരക്തനാക്കിത്തീര്‍ത്തു. സത്യവും അഹിംസയും അവന്‍ ജീവിതവ്രതമായി സ്വീകരിച്ചു. ആ കുറുക്കന്‍ പിറന്നത് ഒരു ശ്മശാനത്തിലായിരുന്നു. അവിടെത്തന്നെ വൃക്ഷങ്ങളില്‍നിന്ന് താനേ പൊഴിയുന്ന കനികള്‍ ഭക്ഷിച്ചുകൊണ്ട് അവന്‍ കഴിഞ്ഞുകൂടി. അസാധാരണമായ ഈ ജീവിതരീതികണ്ട് മറ്റു കുറുക്കന്മാര്‍ക്ക് ക്ഷമകെട്ടു. സാധാരണകുറുക്കന്മാര്‍ക്ക് ചേര്‍ന്ന ജീവിതരീതി സ്വീകരിക്കാന്‍ അവര്‍ അവനെ പ്രേരിപ്പിച്ചു. അവന്‍ ഇപ്രകാരം മറുപടി പറഞ്ഞു ‘സഹോദരങ്ങളേ കുറക്കന്മാരായ നമ്മെ ആരും വിശ്വസിക്കാത്തത് നമ്മുടെ ദുഷ്പ്രവര്‍ത്തികള്‍ കാരണമാണ്. നമ്മുടെ കുലത്തിലെ യശ്ശസ്സും മാന്യതയും വേണമെങ്കില്‍ സല്‍സ്വഭാവവും സദാചാരവും നാം ശീലിക്കേണ്ടിയരിക്കുന്നു. എന്റെ ശ്മശാന വാസത്തെ നിങ്ങള്‍ വെറുക്കുന്നു. എന്നാല്‍ ആശ്രമവാസം മാത്രമേ ധാര്‍മ്മികമാവൂ എന്നില്ല. ഉള്ളില്‍ നിന്നുള്ള പ്രേരണകൊണ്ടേ ആര്‍ക്കും സല്‍ക്കര്‍മ്മം ചെയ്യാനാവൂ. ആശ്രമത്തില്‍ വസിച്ചാലും പശുവിനെ കൊല്ലുന്നത് പാപം തന്നെ. ശ്മശാനത്തില്‍ വസിച്ചാലും പശുവിനെ ദാനംചെയ്യുന്നതുകൊണ്ട് പുണ്യം നേടുകതന്നെചെയ്യും. നിങ്ങളുടെ ജീവിതരീതി അസംതൃപ്തവും നിന്ദ്യവുമത്രേ. അത് അധാര്‍മ്മികമാണ്. ഇഹലോകത്തില്‍മാത്രമല്ല പരലോകത്തിലും അത് അനിഷ്ടമേ നല്‍കൂ. അതിനാല്‍ അത് എനിക്കു ഒട്ടും ഇഷ്ടമല്ല’.

കുറുക്കന്റെ ധര്‍മ്മനിഷ്ഠയെക്കുറിച്ചുള്ള വിശേഷങ്ങള്‍ നാട്ടിലും കാട്ടിലും വ്യാപിച്ചു. കാട്ടിലെ രാജാവായ സിംഹം കുറുക്കനെ വിളിച്ചുവരുത്തി. സ്വാതികനും ബുദ്ധിമാനുമായ കുറുക്കനോട് തന്റെ മന്ത്രിസ്ഥാനം അലങ്കരിക്കാന്‍ സിഹം കുറുക്കനോട് അഭ്യര്‍ത്ഥിച്ചു. കുറുക്കന്‍ ഇങ്ങനെ പറഞ്ഞു ‘ ധര്‍മ്മാര്‍ത്ഥങ്ങളുടെ സിദ്ധിക്ക് സഹായിക്കുന്ന സ്വാതികനും കുശലനുമായ ഒരാളെ അങ്ങ് അന്വേഷിക്കുന്നത് ഉചിതം തന്നെ. വിശ്വസ്തനും നീതിജ്ഞനും ഉല്‍കര്‍ഷേച്ഛയും ഉദാരമതിയും ബുദ്ധിമാനുമായ ഒരു വ്യക്തിയെ അങ്ങയുടെ സചിവനാക്കുകയും എന്നും അദ്ദേഹത്തെ ആദരിക്കുകയും ചെയ്യുക. അങ്ങ് വാഗ്ദാനം ചെയ്യുന്ന ജീവിതസൗകര്യങ്ങളെ ഞാന്‍ ആശിക്കുന്നില്ല.

സുഖഭോഗങ്ങളിലും ധനസമൃദ്ധിയിലും എനിക്ക് ആഗ്രഹമില്ല. കുറേക്കാലമായി അങ്ങയുടെ സേവകരായിട്ടുള്ളവരുടെ രീതികള്‍ എന്റെ സ്വഭാവത്തിനു ചേരണമെന്നില്ല. ചിലപ്പോള്‍ അങ്ങയെക്കൂടി എന്റെ വിരോധിയാക്കിയെന്നുവരും. എന്നെ നിയന്ത്രണത്തില്‍ നിര്‍ത്താന്‍ മാടമ്പികള്‍ക്ക് കഴിഞ്ഞെന്നുവരില്ല. ചില പ്രത്യേകതകളുള്ള സ്വഭാവമാണ് എന്റേത്. ദുഷ്ടന്മാരോടുപോലും ഞാന്‍ ക്രൂരമായി പെരുമാറുകയില്ല. എനിക്ക് ശക്തിയും ഉത്സാഹവുമുണ്ട്. ഏതു ഉദ്യമത്തിലും വിജയംവരിക്കാനുമുള്ള ശേഷിയും എനിക്കുണ്ട്. ആരുടെയും ആശ്രിതനും സേവകനുമായി കഴിയാന്‍ എനിക്ക് അറിയില്ല. എന്നെപോലുള്ള വന്യജീവികള്‍ സൈ്വര്യമായും നിര്‍ഭയമായും ജീവിക്കുന്നവരാണ്. ഭീതിദമായ സ്ഥലത്തുകണ്ട സ്വാധിഷ്ടഭോജനമല്ല സ്വതന്ത്രമായ ഒരിടത്തുകണ്ട പച്ചവെള്ളമാണ് എനിക്കു പഥ്യം. അന്യര്‍ ചെയ്ത കുറ്റത്തിനുപോലും രാജസേവകര്‍ ചിലപ്പോള്‍ ശിക്ഷയേല്‍ക്കാറുണ്ട്. ഇനിയും അങ്ങേയ്ക്ക് ഞാന്‍ മന്ത്രിയാകണമെന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ എന്റെ ചില വ്യവസ്ഥകള്‍ അംഗീകരിക്കണം.

വ്യവസ്ഥകള്‍ ഇതാണ്. എനിക്ക് അടുപ്പമുള്ള വ്യക്തികളെ അങ്ങ് ആദരിക്കണം. അവരുടെ ഉപദേശം സ്വീകരിക്കണം. അങ്ങയുടെ മന്ത്രിമാരുടെ ഉപദേശം ഞാന്‍ തേടുകയില്ല. ഞാന്‍ അങ്ങയെ ഒറ്റയ്ക്കു വന്നുകാണും. അങ്ങേയ്ക്ക് ഹിതകരമായ കാര്യങ്ങള്‍ സംസാരിക്കും. അങ്ങുടെ സ്വന്തം വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെകാര്യങ്ങളില്‍ ഒന്നും എന്നോടു അഭിപ്രായം ചോദിക്കരുത്. എന്റെ നിര്‍ദ്ദേശംകേട്ട് മറ്റുമന്ത്രിമാരുടെ ഉപദേശം തെറ്റാണെന്നറിഞ്ഞാല്‍ അവരെ വധശിക്ഷയ്ക്ക് വിധിക്കരുത്. എന്റെ ഉറ്റവരെ കുപിതനായി പ്രഹരിക്കരുത്’

ഈ വ്യവസ്ഥകളെല്ലാം സിംഹം സ്വീകരിച്ചു. അങ്ങനെ കുറുക്കന്‍ മന്ത്രിയായി. പുതിയ മന്ത്രിയുടെ ബുദ്ധിസാമര്‍ത്ഥ്യവും സമുചിതമായ സദുപദേശങ്ങളുമെല്ലാം പ്രജകളുടെ മുക്തകണ്ഠമായ പ്രശംസയ്ക്ക് പാത്രീഭവിച്ചു. രാജാവിന്റെ മറ്റു മന്ത്രിമാര്‍ക്കും സേവകന്മാര്‍ക്കുമെല്ലാം ഇതില്‍ അതിയായ അസൂയയുണ്ടായി. പകമൂത്ത അവര്‍ കുറുക്കനുമായി സൗഹൃദം ഭാവിക്കാനും അവരെ തങ്ങളെപോലെ അഴിമതിക്കാരുടെയും അത്യാചാരികളുടെയും കൂട്ടത്തില്‍പ്പെടുത്താനും ശ്രമിച്ചു. അന്യന്റെ മുതല്‍ കവര്‍ന്ന് ആഡംഭരത്തില്‍മുഴുകി ജീവിച്ചിരുന്ന അവര്‍ക്ക് കുറുക്കന്‍വന്നതോടെ മര്യാദക്കാരായി നടക്കാതെ രക്ഷയില്ലെന്ന സ്ഥിതി വന്നു. അവര്‍ കുറുക്കനെ പ്രലോഭിപ്പിക്കാന്‍ പല വഴികളിലൂടെ ശ്രമിച്ചു.

എന്നാല്‍ കുറുക്കന്‍ ആദര്‍ശങ്ങളില്‍നിന്ന് അണു പോലും വ്യതിചലിക്കാന്‍ കൂട്ടാക്കിയില്ല. പ്രലോഭനത്തിന് വഴങ്ങാത്ത അവന്റെ കഥകഴിക്കാന്‍ അവര്‍ തുനിഞ്ഞു. ഒരുനാള്‍, രാജാവായ സിംഹത്തിനുവേണ്ടി തയ്യാറാക്കിവച്ചിരുന്ന ഭക്ഷണം അവര്‍ മോഷ്ടിച്ചെടുത്ത് കുറുക്കന്റെ വസതിക്കടുത്ത് രഹസ്യമായി നിക്ഷേപിച്ചു. (കുറുക്കന്‍ മുന്‍പ് സിംഹത്തോട് ചെയ്ത കരാറില്‍ അന്യരുടെ പ്രേരണയില്‍ തന്നെ വധിക്കരുത് എന്ന് വ്യവസ്ഥയുണ്ടായിരുന്നു)

ഭക്ഷണം കാണാതെ ക്രുധനായ സിംഹം അതു മോഷ്ടിച്ചതാരെന്ന് കണ്ടുപിടിക്കാന്‍ തന്റെ സേവകരോട് ആജ്ഞാപിച്ചു. കുറുക്കനാണ് കുറ്റവാളി എന്ന് അവര്‍ രാജാവിനെ ധരിപ്പിച്ചു. സിംഹം കുറുക്കനെ വധിക്കാനൊരുങ്ങി. കുറുക്കന്‍ തന്റെ നിരപരാധിത്വം തെളിയിക്കുമെന്ന് കരുതി മറ്റു മന്ത്രിമാര്‍പറഞ്ഞു രാജാവേ, ഇവന്റെ ധാര്‍മ്മികതയൊക്കെ പ്രസംഗത്തില്‍മാത്രമേ ഉള്ളൂ. ഇവന്റെ മനസ്സാകെ ദുഷിച്ചതാണ്. ധര്‍മ്മനിഷ്ഠനെന്ന് നടിക്കുന്ന മഹാപാപിയാണവന്‍ ആ സമയത്ത് കുറുക്കന്റെ താമസസ്ഥലത്തുനിന്നു രാജസേവകന്‍മാര്‍ ഭക്ഷണം തിരികെ കൊണ്ടുവന്നു. മാംസഭക്ഷണം തട്ടിയെടുത്തത് കുറുക്കന്‍തന്നെ എന്നുറപ്പിച്ച സിംഹം അവനെ വധിക്കാന്‍ ആജ്ഞാപിച്ചു.

എന്നാല്‍ സിംഹത്തിന്റെ മാതാവിന് കാര്യങ്ങള്‍ കുറെയൊക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നു. അവര്‍ സിംഹത്തോട് പറഞ്ഞു മകനെ, ഇതിലെന്തോ പന്തികേടുണ്ട്. നീ ആരെയും അന്ധമായി വിശ്വസിക്കരുത്. സ്വാര്‍ത്ഥമതികള്‍ സ്വന്തം കാര്യം നേടാനാവാതെ വരുമ്പോള്‍ നിരപരാധികളെ കൊലയ്ക്കു കൊടുക്കാനും മടിക്കില്ല. മറ്റുളളവര്‍ നന്നാകുന്നത് സഹിക്കാത്ത അസൂയാലുക്കള്‍ നല്ലവരുടെമേല്‍ പഴിചുമത്തും. സാത്വികരും താപസരുമെല്ലാം അവര്‍ക്കു ശത്രുക്കളാണ്. നിന്റെ ഭക്ഷണം രഹസ്യമായാണ് മോഷ്ടിച്ചത്. നേരിട്ട് കൊടുത്താല്‍പോലും മാംസംഭക്ഷിക്കാത്ത ഒരാളെയാണ് അതിന് കുറ്റപ്പെടുത്തുന്നത്. ശിഷ്ടരെ ദുഷ്ടരായും ദുഷ്ടരെ ശിഷ്ടരായും തോന്നിയേക്കാം. അതുകൊണ്ട് നന്നായി പരിശോധിച്ചറിയണം. പെട്ടെന്ന് ഒരു തീരുമാനമെടുത്താല്‍ പശ്ചാത്തപിക്കേണ്ടിവരും. വധശിക്ഷനല്‍കാന്‍ ഒരു രാജാവിന് എളുപ്പം കഴിയും. ശക്തന്‍ ക്ഷമാശീലനാകുമ്പോള്‍ മാത്രമാണ് പ്രശംസാര്‍ഹമാകുന്നത്. കുറച്ചൊന്നു ചിന്തിച്ചുനോക്കൂ. നീ കുറുക്കനെ മന്ത്രിയാക്കി ആ പദവിയില്‍ വളരെ ശോഭിക്കുന്നു. ഇങ്ങനെ ഒരു മന്ത്രിയെ കിട്ടുക പ്രയാസമാണ്. അവന്‍ നിന്റെ ഹിതകാംക്ഷയാണ്. നിരപരാധിയെ ശിക്ഷിച്ചാല്‍ രാജാവിനു അകാലമൃത്യു സംഭവിച്ചുവെന്നുവരാം.

മതാവിന്റെ ഹിതോപദേശം സിംഹം സശ്രദ്ധം കേള്‍ക്കുകയായിരുന്നു. അപ്പോള്‍ എതിരാളികള്‍ക്ക് ഇടയില്‍നിന്നൊരാള്‍ സിംഹത്തിന്റെ മുന്നില്‍വന്നു. ധര്‍മ്മിഷ്ഠനായ അയാള്‍ കുറുക്കന്റെ ചാരനായിരുന്നു. ഗൂഢാലോചനയെക്കുറിച്ച് അയാള്‍ സിംഹത്തോട് വിശദീകരിച്ചു. സിംഹത്തിന് കുറുക്കന്റെ ധര്‍മ്മനിഷ്ഠ ബോദ്ധ്യപ്പെട്ടു. മൃഗരാജാവ് തന്റെ സചിവനായ കുറക്കനെ ആദരപൂര്‍വ്വം സല്‍ക്കരിച്ചു.

നീതിജ്ഞനും സദാചാരിയുമായ കുറുക്കന്‍ പ്രയോപ്രവേശം അനുഷ്ഠിക്കാന്‍ (ഉപവസിച്ചുകൊണ്ട് ദേഹം ത്യജിക്കാന്‍) തീരുമാനിച്ചു. സിംഹരാജന്‍ കുറുക്കനെ അതില്‍നിന്ന് പിന്‍തിരിപ്പിച്ചു. സ്‌നേഹാധിക്യത്തിനുള്ള സിംഹത്തിന്റെ വൈവശ്യംകണ്ട് കുറക്കനും ഗദ്ഗദകണ്ഠനായി. രാജാവിനെ നമിച്ചുകൊണ്ട് കുറുക്കന്‍ പറഞ്ഞു ‘രാജന്‍, അങ്ങ് ആദ്യം എന്നെ ആദരിച്ചു പിന്നീട് അപമാനിച്ചു മാത്രമല്ല ശത്രുവായി കാണുകയും ചെയ്തു. അങ്ങ് എന്റെ യോഗ്യത പരീക്ഷിച്ചാണ് എന്നെ മന്ത്രിയാക്കിയത്. പ്രതിജ്ഞമറന്നുകൊണ്ട് അങ്ങ് ഇപ്പോള്‍ എന്നെ അപമാനിച്ചു. ഇനി അങ്ങേയ്ക്ക് എന്നില്‍ വിശ്വാസമുണ്ടാകുക പ്രയാസം. അങ്ങ് എന്നെ എപ്പോഴും സംശയിക്കും. ഞാന്‍ എപ്പോഴും അങ്ങയെ ഭയപ്പെട്ടുകഴിയും. ദോഷാരോപണം ചെയ്യാന്‍ കഴിവുള്ള സേവകര്‍ ഇവിടെയുണ്ട്. അവര്‍ക്ക് എന്നോട് ലവലേശം സ്‌നേഹമില്ല. അവരെ തൃപ്തിപ്പെടുത്താന്‍ എനിക്ക് എല്ലായ്‌പ്പോഴും കഴിഞ്ഞുവെന്നുവരില്ല. പകര്‍ന്ന സ്‌നേഹബന്ധം കൂട്ടിയിണക്കുക ദുഷ്‌ക്കരം. രാജാക്കന്മാരുടെ മനസ്സ് പൊതുവെ ചഞ്ചലമത്രേ. യോഗ്യരെ തിരിച്ചറിയാന്‍ അവര്‍ക്ക് പ്രയാസമാണ്’

പിന്നീട് ധര്‍മ്മാര്‍ത്ഥകാമങ്ങളെ കുറിച്ച് തെളിഞ്ഞ മനസ്സോടെ കുറുക്കന്‍ കുറേനേരം സിംഹത്തോട് സംസാരിച്ചു. അനുനയനങ്ങള്‍ക്ക് ചെവികൊടുക്കാതെ പിരിഞ്ഞുപോയ സാത്വികനായ കുറുക്കന്‍ പ്രായോപദേശത്തിലൂടെ ശരീരംവെടിഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - സനാതനം