വേങ്ങോട് കോളനിയില്‍ സമഗ്രവികസനം നടപ്പാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍

October 19, 2012 കേരളം

പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ വേങ്ങോട് നിര്‍മ്മിച്ച വൃദ്ധസദനത്തിന്റെ ഉദ്ഘാടനം പട്ടികജാതി വികസനവകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ നിര്‍വഹിക്കുന്നു.

തിരുവനന്തപുരം: പോത്തന്‍കോട് പഞ്ചായത്തിലെ വേങ്ങോട് കോളനിയുടെ സമഗ്രവികസനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് പട്ടികജാതി വികസന വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു.  പോത്തന്‍കോട് ബ്‌ളോക്ക് പഞ്ചായത്തിലെ വ്യദ്ധജനങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പതിനേഴ് ലക്ഷം രൂപ ചെലവഴിച്ച് വേങ്ങോട് ആശുപത്രി വളപ്പില്‍ നിര്‍മ്മിച്ച വ്യദ്ധസദനത്തിന്റെ (പകല്‍വീട്)  ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.  എല്ലാ നിയോജമണ്ഡലത്തിലെയും ഓരോ കോളനി തെരഞ്ഞെടുത്ത് ഒരുകോടി രൂപ ചെലവഴിച്ച് അതിനെ മാത്യകാകോളനിയാക്കിതീര്‍ക്കാനുളള പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്.  ഇതിന്റെ ഭാഗമായി വേങ്ങോട് കോളനിയില്‍ നടപ്പാക്കുന്ന വിവിധ വികസന പദ്ധതികള്‍ക്കായി കൂടുതല്‍ തുക ആവശ്യമെങ്കില്‍ അത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിലെ വെളളാനിക്കര പാറ ടൂറിസം കേന്ദ്രമായി വികസിപ്പിക്കാനുളള സാധ്യത പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.  ഏറ്റവും കൂടുതല്‍ കോളനികളുള്ള മണ്ഡലമാണ് നെടുമങ്ങാട് നിയോജക മണ്ഡലമെന്നും കോളനി നിവാസികളുടെ  ജീവിതനിലവാരമുയര്‍ത്താനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച പാലോട് രവി എം.എല്‍.എ. പറഞ്ഞു. വേങ്ങോട് പൊതുമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ പോത്തന്‍കോട് ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.മുനീര്‍, പോത്തന്‍കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ശ്രീകല, ജില്ലാ പഞ്ചായത്ത് അംഗം ജി.സതീശന്‍നായര്‍, മറ്റ് ബ്‌ളോക്ക് -ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം