കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

October 20, 2012 ദേശീയം

ന്യൂഡല്‍ഹി: വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ ലൈസന്‍സ് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സ് (ഡിജിസിഎ) സസ്‌പെന്‍ഡ് ചെയ്തു. സേവനം സംബന്ധിച്ച് കിങ്ഫിഷര്‍ ഡിജിസിഎയ്ക്ക് മറുപടി നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ പത്ത് മാസമായി അടിക്കടി സര്‍വ്വീസുകള്‍ റദ്ദാക്കി യാത്രക്കാരെ ബുദ്ധിമുട്ടിച്ച സാഹചര്യത്തിലായിരുന്നു നടപടി. സേവനം സംബന്ധിച്ച് വിശദമായ മറുപടി ഒക്ടോബര്‍ ഇരുപതിനകം നല്‍കണമെന്ന് ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ദിവസങ്ങളായി പൂര്‍ണമായും സര്‍വീസ് മുടക്കിയിരിക്കുകയായരുന്നു കിങ്ഫിഷര്‍. നഷ്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടി മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതുകാരണമാണ് കിങ്ഫിഷര്‍ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചത്. ജീവനക്കാരും എന്‍ജിനീയര്‍മാരും പൈലറ്റുമാരും സമരത്തിലാണ്. കമ്പനിയുടെ 60ഓളം ബാങ്ക് അക്കൗണ്ടുകള്‍ ഈയിടെ ആദായ നികുതി വകുപ്പ് മരവിപ്പിച്ചിരുന്നു. 7,057 കോടി രൂപയോളമാണ് കമ്പനിയുടെ കടബാധ്യത. ഇതുകൂടാതെ 6,000 കോടി രൂപയുടെ നഷ്ടവും കമ്പനി നേരിട്ടിരുന്നു. ഇതിനു പുറമേയാണ് ഇപ്പോള്‍ ലൈസന്‍സും അധികൃതര്‍ റദ്ദാക്കിയിരിക്കുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം