ബോളിവുഡ് സംവിധായകന്‍ യാഷ് ചോപ്ര അന്തരിച്ചു

October 21, 2012 പ്രധാന വാര്‍ത്തകള്‍

മുംബൈ:  പ്രമുഖ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ യാഷ് ചോപ്ര (80) അന്തരിച്ചു. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.

ഷാരൂഖ് ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലഭിനയിച്ച ജപ്തക് ഹേ ജാനാണ് അവസാനത്തെ സിനിമ. ദീപാവലിക്ക് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു ചിത്രം. ലംഹേ, തൃശൂല്‍, ചാന്ദ്‌നി, സില്‍സില, വീര്‍സാര എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങള്‍.

അരനൂറ്റാണ്ടു പിന്നിട്ട ചലച്ചിത്ര ജീവിതത്തിനിടെ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ച  ‘പ്രണയരാജാവ്’ എന്നറിയപ്പെടുന്ന ചോപ്ര സംവിധാന രംഗത്തുനിന്നു കഴിഞ്ഞ മാസമാണു വിരമിച്ചത്. ചലച്ചിത്ര വ്യവസായരംഗത്തെ പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ യാഷ് രാജ് ഫിലിംസ് സ്ഥാപകനായിരുന്നു അദ്ദേഹം. പമേലയാണ് ഭാര്യ, ആദിത്യ, ഉദയ് എന്നിവര്‍ മക്കളാണ്. 1932ല്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിലാണ് ജനിച്ചത്. 1959ല്‍ പുറത്തിറങ്ങിയ ‘ധൂല്‍ കാ ഫൂല്‍’ ആണ് ആദ്യ ചിത്രം. 2005ല്‍ രാജ്യം പദ്മഭൂഷണ്‍ നല്‍കി യാഷ് ചോപ്രയെ ആദരിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - പ്രധാന വാര്‍ത്തകള്‍