ആദ്ധ്യാത്മിക വിപ്ലവത്തിന്റെ നാഴികക്കല്ലുകള്‍ – ഭാഗം 1

October 23, 2012 സ്വാമിജിയെ അറിയുക

ബ്രഹ്മചാരി സന്തോഷ്‌കുമാര്‍

കൊട്ടിയൂര്‍ പാലുകാച്ചിമല

1978 ജൂണ്‍ 8. കട്ടപിടിച്ച തമസ്സുബാധിച്ച് അലസവും, ദുര്‍ബലവും നിര്‍വികാരവും ആയിത്തീര്‍ന്ന ഹൈന്ദവമനസ്സില്‍ ക്ഷാത്രവീര്യമായിത്തീര്‍ന്ന ബ്രഹ്മതേജസ്സു പകര്‍ന്നുകൊണ്ട് ജഗദ്ഗുരു സ്വാമി സത്യാനന്ദസരസ്വതി തൃപ്പാദങ്ങള്‍ കേരളത്തില്‍ ഹൈന്ദവ നവോത്ഥാനത്തിന്റെ ധര്‍മകാഹളം മുഴക്കി. ദക്ഷയാഗ ഭൂമിയായ കൊട്ടിയൂരിലെ പാലുകാച്ചിമലയില്‍ അദ്ദേഹം തൃക്കരങ്ങള്‍കൊണ്ടു തന്നെ ശ്രീരാമസീതാ ആഞ്ജനേയ പ്രതിഷ്ഠ നിര്‍വഹിച്ചു.

പ്രതിഷ്ഠാവിഗ്രഹങ്ങള്‍ കന്യാകുമാരിയില്‍നിന്ന് വമ്പിച്ച ഘോഷയാത്രയായിട്ടായിരുന്നു കൊണ്ടു വന്നത്. സ്വാമിജിയുടെ നേതൃത്വത്തില്‍ കൊട്ടിയൂരിലെത്തിയത്. നൂറുകണക്കിന് സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി ഹൈന്ദവരെ തന്റെ വാഗ്‌വൈഭവംകൊണ്ട് തട്ടിയുണര്‍ത്തി കര്‍മ്മോന്മുഖരാക്കി അദ്ദേഹം ഹൈന്ദവ മനസ്സുകളില്‍ സ്ഥിരപ്രതിഷ്ഠ നേടി. ഹൈന്ദവര്‍ക്ക് വളരെക്കാലങ്ങളായി ഇല്ലാതിരുന്ന ശക്തമായ ഒരു ആദ്ധ്യാത്മികനേതൃത്വം അവര്‍ സ്വാമിജിയില്‍ കണ്ടെത്തി. അങ്ങനെ പ്രസിദ്ധമായ പാലുകാച്ചിമലയിലെ ക്ഷേത്രോദ്ധാരണ പ്രവര്‍ത്തനത്തിലൂടെ ജഗദ്ഗുരു തന്റെ കര്‍മകാണ്ഡത്തിന് കരുത്തുപകര്‍ന്നു. അതിനുശേഷം മൂന്നുപതിറ്റാണ്ടുകള്‍ കേരളം കണ്ട എല്ലാ ധര്‍മ്മസമരങ്ങളുടെയും മുഖ്യ സാരഥ്യം സ്വാമിജിക്കായിരുന്നു. അദ്ദേഹം തന്റെ സുദീര്‍ഘവും സാരവത്തും ആകര്‍ഷകവുമായ പ്രശ്‌നങ്ങളെക്കുറിച്ച് സമാജത്തെ ബോദ്ധ്യപ്പെടുത്തി. അതിനുള്ള ശാസ്ത്രീയമായ പരിഹാരമാര്‍ഗ്ഗങ്ങളും അദ്ദേഹം തന്നെ നിര്‍ദ്ദേശിച്ചു. പ്രതിയോഗികള്‍ക്ക് അദ്ദേഹത്തിന്റെ അപ്രതിഹത ശക്തി ബോധ്യമായി. താന്‍ ഹിന്ദുവാണെന്ന് പൊതുവേദികളില്‍നിന്ന് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുവാനും ഹിന്ദുത്വത്തിന്റെ നിലനില്പ്പിനും വളര്‍ച്ചയ്ക്കും വേണ്ടി സമരപ്രഖ്യാപനവും, ഹിന്ദുക്കളുടെ മനസ്സുകളില്‍ വരുത്തിയ പരിവര്‍ത്തനവും, ചെലുത്തിയ സ്വാധീനവും ചില്ലറയൊന്നുമല്ല.

പാലുകാച്ചിമല സംഭവം

കൊട്ടിയൂരിലെ പുരാതനവും പ്രസിദ്ധവും ആയ ആക്കല്‍ തറവാടിന്റെ ഉടമസ്ഥതയിലും അധീനതയിലും ആ പ്രദേശത്തുണ്ടായിരുന്ന ആയിരക്കണക്കിന് ഏക്കര്‍ ഭൂമി തറവാട്ടുകാരണവര്‍ കൊട്ടിയൂര്‍ ദേവസ്വത്തിന് എഴുതിക്കൊടുത്തു. മലയോര്‍, തേവര്‍ തുടങ്ങി പാലുകാച്ചിമലമുകളിലുള്ള നിരവധി ദേവസ്ഥാനങ്ങളും ഏതാനും തീര്‍ത്ഥസ്ഥാനങ്ങളും തറവാടിന്റെ ശ്രേയസ്സിനായി കുടുംബത്തിലെ അധീനതയിലും ഉടമസ്ഥതയിലും നിലനിര്‍ത്തി ആരാധിച്ചുപോന്നു. പ്രസ്തുത സ്ഥലങ്ങള്‍ ഉള്‍പ്പെടുന്ന എഴുപത് ഏക്കര്‍ സ്ഥലം ശ്രീരാമദാസമിഷന്റെ പേരില്‍ തറവാട്ടി ഗോവിന്ദന്‍നായരും മറ്റ് അവകാശികളും ചേര്‍ന്ന് എഴുതിക്കൊടുത്തു. അതിനെ തുടര്‍ന്ന് സ്വാമി തൃപ്പാദങ്ങള്‍ ക്ഷേത്ര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭൂമി കുഴിച്ചപ്പോള്‍ പുരാതന ക്ഷേത്രാവശിഷ്ടങ്ങള്‍ ചെമ്പു പട്ടയം പഴയ നാണയങ്ങള്‍ തുടങ്ങിയവ കണ്ടുകിട്ടി.

പുരാവസ്തു വകുപ്പിനെ വിവരം ധരിപ്പിച്ചിതിനെത്തുടര്‍ന്ന് അധികൃതര്‍ അവ പരിശോധന നടത്തി കാലനിര്‍ണ്ണയം ചെയ്യുകയും സഹസ്രാബ്ദങ്ങള്‍ക്കു മുമ്പുമുതല്‍ അവിടെ ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നതായി സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ വസ്തുതകള്‍ അംഗീകരിക്കുവാന്‍ സര്‍ക്കാരോ വനംവകുപ്പോ തയ്യാറായില്ല. അവര്‍ക്കു പറയുവാന്‍ ഒന്നെ ഉണ്ടായിരുന്നുള്ളൂ പാലുകാച്ചിമല വനഭൂമിയാണ്. അത് സംരക്ഷിക്കാനുള്ള ചുമതല സര്‍ക്കാരിനാണ്. അവിടെ ക്ഷേത്രം പണിയോ പ്രതിഷ്ഠയോ അനുവദിക്കുന്ന പ്രശ്‌നമില്ല. ഇതായിരുന്നു അവരുടെ വാദം. അതിനു കാരണം വെസ്റ്റഡ് ഫോറസ്റ്റ് ആക്ട് ആണ്. ഈ ആക്ട് നിലവില്‍ വന്നപ്പോള്‍ ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് കേരളത്തിലെ മലയോരപ്രദേശങ്ങളിലുള്ള ദേവസ്വങ്ങള്‍ക്ക് നഷ്ടപ്പെട്ടത്. അതില്‍ പുരാതന ക്ഷേത്രങ്ങളും ക്ഷേത്രക്കുളങ്ങളും കാവുകളും മറ്റു ദേവസ്ഥാനങ്ങളും എല്ലാംപെട്ടു. അക്കൂട്ടത്തില്‍ പാലുകാച്ചിമല ദേവസ്ഥാനങ്ങളും സര്‍ക്കാരിന്റെ അധീനതയിലാക്കി.

ക്ഷേത്രങ്ങള്‍ സംരക്ഷിക്കുവാനും അന്യാധീനപ്പെട്ടവ പിടിച്ചെടുത്ത് പുനര്‍നിര്‍മ്മാണം ചെയ്യുവാനും ഹിന്ദുക്കളെ ആഹ്വാനം ചെയ്തുകൊണ്ടും, അവര്‍ക്ക് അതിനു നേതൃത്വം കൊടുത്തുകൊണ്ടുമാണ് കൊട്ടിയൂര്‍ പാലുകാച്ചിമലയില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതിതിരുവടികള്‍ ആയിരക്കണക്കിന് ഗിരിജനങ്ങളുടെയും ഹരിജനങ്ങളുടെയും മറ്റു വിഭാഗങ്ങളില്‍പ്പെടുന്നവരുമായ ഹൈന്ദവരുടെയും സാന്നിദ്ധ്യത്തിലാണ് 1979 ജൂണ്‍ 8-ാം തീയതി ദേവവിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചത്. എന്നാല്‍ വനഭൂമി കയ്യേറി പ്രതിഷ്ഠ നടത്തിയെന്നാരോപിച്ച് തൃപ്പാദങ്ങളുടെ പേരില്‍ 1978 സി.സി 301-ാം നമ്പരായി തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റുകോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. സ്വാമിജി കേസിന്റെ വിസ്താരവേളയില്‍ ഒരുതവണ കോടതിയില്‍ ഹാജരാവുകയും ചെയ്തു.

ദേവവിഗ്രഹങ്ങള്‍ തകര്‍ക്കപ്പെടുന്നു

പ്രതിഷ്ഠകര്‍മ്മം കഴിഞ്ഞ് തൊണ്ണൂറു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 1978 സെപ്തംബര്‍ 8-ാംതീയതി വനം വകുപ്പ് ഉദ്യോഗസ്ഥന്മാര്‍ ശ്രീരാമസീതാ ആഞ്ജനേയ വിഗ്രഹം അടിച്ചുടച്ചു. പര്‍ണശാല തീ വച്ചു നശിപ്പിച്ചു. കേരളത്തിലുടനീളം ഹൈന്ദവജനത നിന്ദ്യവും നീചവുമായ ഈ പ്രവര്‍ത്തിയില്‍ ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വിവിധ സമുദായ സംഘടനാ നേതാക്കന്മാര്‍ ഈ വിഗ്രഹധ്വംസനത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിച്ചു. പ്രമേയങ്ങള്‍ പാസാക്കി അധികാരികള്‍ക്കയച്ചു.

എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ശ്രീ കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയും എസ്.എന്‍.ഡി.പി പ്രസിഡന്റ് എന്‍.ശ്രീനിവാസനും സംഘപരിവാറിന്റെ നേതാക്കന്മാരുമെല്ലാം ശ്രീരാമദാസമിഷന്റെ മഠാധിപതിയായ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തിരുവടികള്‍ നയിക്കുന്ന ധര്‍മ്മസമരത്തിന് പൂര്‍ണ്ണ പിന്‍തുണനല്കിക്കൊണ്ട് പ്രത്യേകം പ്രത്യേകം പ്രസ്താവനകളിറക്കി.

വ്രണിത ഹൃദയരായ ഹൈന്ദവരെ സമാശ്വസിപ്പിച്ചും അവര്‍ക്ക് നവോന്മേഷം പകര്‍ന്നുകൊണ്ട് ജനലക്ഷങ്ങളുടെ അശ്രുപൂജ ഏറ്റുവാങ്ങിക്കൊണ്ട് ജഗദ്ഗുരു ഉടഞ്ഞ വിഗ്രഹങ്ങളും വഹിച്ചുകൊണ്ടുള്ള ചരിത്രപരമായ ഒരു വിലാപയാത്ര 1978 ഒക്ടോബര്‍ 2-ാം തീയതി കൊട്ടിയൂരില്‍നിന്ന് കന്യാകുമാരിയിലേക്കു നയിച്ചു. ഉടനീളം തൃപ്പാദങ്ങള്‍ നടത്തിയ പ്രസംഗങ്ങള്‍ കേട്ട് അജ്ഞതയിലും ആലസ്യത്തിലും മയങ്ങി ഉറങ്ങിക്കിടക്കുകയായിരുന്ന ഹിന്ദു സടകുടഞ്ഞെഴുന്നേറ്റു. അവര്‍ മറ്റൊരു സ്വാമി വിവേകാനന്ദനെ ജഗദ്ഗുരുവില്‍ കണ്ടു. 1978 ഒക്ടോബര്‍ 11-ാം തീയതി കന്യാകുമാരിയിലെ ത്രിവേണി സംഗമത്തില്‍ ഉടഞ്ഞ വിഗ്രഹങ്ങള്‍ ആചാരപൂര്‍വ്വം നിമജ്ജനം ചെയ്തു.

ഒരു മന്ത്രിസഭയുടെ പതനം

പി.കെ.വാസുദേവന്‍ നായര്‍ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭയുടെ കാലത്താണ് വിഗ്രഹങ്ങള്‍ തച്ചുതകര്‍ക്കപ്പെട്ടത്. സ്വാമിതൃപ്പാദങ്ങളുടെ പേരില്‍ തലശ്ശേരി കോടതിയില്‍ കേസ് ചാര്‍ജ്ജുചെയ്യുവാന്‍ മാത്രമല്ല വിഗ്രഹങ്ങള്‍ തച്ചുടച്ച വനപാലകരെ ന്യായീകരിച്ച് സംരക്ഷിക്കുവാനും പി.കെ.വി സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇത് ഹൈന്ദവ വികാരത്തെ ആളിക്കത്തിച്ചു. വിഗ്രഹ നിമജ്ഞന വിലാപയാത്ര കൊട്ടിയൂരില്‍ നിന്ന് ആരംഭിക്കുമ്പോള്‍ നടന്ന ആദ്യയോഗത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ജഗദ്ഗുരു ഒരു പ്രഖ്യാപനം നടത്തി. ആ പ്രഖ്യാപനം സഹവര്‍ത്തികളായ ചില ഹൈന്ദവ നേതാക്കന്മാര്‍ക്ക് സ്വാഭാവികമായ ആശങ്കയുണര്‍ത്തി. ആ പ്രഖ്യാപനം ഇതായിരുന്നു. ഈ വിലാപയാത്ര തിരുവനന്തപുരം ജില്ലയിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് പി.കെ.വി മന്ത്രിസഭ നിലംപതിക്കും അല്ലാത്തപക്ഷം ഞാന്‍ ആശ്രമത്തില്‍ കാലുകുത്തുകയില്ല. മന്ത്രിസഭയ്ക്ക് യാതൊരുവിധ ഭീഷണികളും ഇല്ലാതിരുന്ന രാഷ്ട്രീയന്തരീക്ഷം. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുപോലും മന്ത്രിസഭയെ താഴെയിറക്കാന്‍ ഒരു ശ്രമവും ഇല്ലാതിരുന്ന സമയം. വിലാപയാത്ര കൊല്ലത്തെത്തുവാന്‍ കേവലം ഒരാഴ്ചമാത്രം ബാക്കിയിരിക്കെ എങ്ങനെയാണ് മന്ത്രിസഭ നിലംപതിക്കുക. സ്വാമിജിയാകട്ടെ പ്രഖ്യാപനം കൊല്ലത്തെത്തുന്നതുവരെയും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു ലക്ഷണങ്ങളും പ്രഖ്യാപനത്തിനനുകൂലമായി രാഷ്ട്രീയാന്തരീക്ഷത്തില്‍ ഉണ്ടായതുമില്ല. യാത്ര കൊല്ലത്തെത്തി സമാപന സമ്മേളനവും കഴിഞ്ഞു. സംഘാടകരുടെയും സഹയാത്രികരുടെയും അവശേഷിച്ച ആത്മവിശ്വാസവും ചോര്‍ന്നു. അവര്‍ പരസ്പരം പിറുപിറുത്തി. ജഗദ്ഗുരുവിനാകട്ടെ ശാന്തഗംഭീരമായ സ്വതസിദ്ധ ഭാവത്തിന് ഒരു മാറ്റവുമില്ല. ആര്‍ക്കും അദ്ദേഹത്തോട് ഒന്നും പറയുവാനും ചോദിക്കുവാനും ധൈര്യവുമില്ല.

അവസാനം ജഗദ്ഗുരുവിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായി. അടുത്തദിവസത്തെ പ്രഭാത ദിനപ്പത്രങ്ങള്‍ ആ വാര്‍ത്തയുമായാണ് സുര്യോദയം ദര്‍ശിച്ചത്. പി.കെ.വി.മന്ത്രിസഭ നിലംപതിച്ചു. ഇതായിരുന്നു വാര്‍ത്ത. വാര്‍ത്ത വായിച്ച സഹയാത്രികര്‍ അത്ഭുത പരതന്ത്രയായി. എങ്ങനെ ഇതു സംഭവിച്ചു. കേരള രാഷ്ട്രീയരംഗത്ത് ഇന്നും ആ വാര്‍ത്ത ഒരു അത്ഭുതം തന്നെയാണ്. എ.കെ.ആന്റണിസര്‍ക്കാരിനു നല്കിയിരുന്ന പിന്തുണ പിന്‍വലിച്ചതാണ്. മന്ത്രിസഭയുടെ പതനത്തിനുകാരണം. എന്താണ് ശ്രീ.ആന്റണിയെ ഇതിനു പ്രേരിപ്പിച്ചതെന്നത് ഇന്നും അജ്ഞാതം.

‘സാക്ഷാല്‍ തപസ്വികളീശ്വരന്മാരല്ലോ’ എന്നീ ‘താപസവാക്യമസത്യമായും വരാ’ അദ്ധ്യാത്മ രാമായണത്തിലെ വരികള്‍ ഇവടെ ഏറെ പ്രസക്തമാണ്. തൃപ്പാദങ്ങളെപ്പോലുള്ള മഹാഗുരുക്കന്മാരുടെ വാക്കുകളും സങ്കല്പങ്ങളും മറികടക്കുവാന്‍ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ആവില്ലെന്നതിന് നൂറുകണക്കിന് ഉദാഹരണങ്ങള്‍ സ്വാമിജിയുമായി ബന്ധപ്പെട്ട ആയിരങ്ങളുടെ അനുഭവങ്ങള്‍ വിളിച്ചു പറയുന്നു.

പുനപ്രതിഷ്ഠ ഘോഷയാത്ര

1979 മാര്‍ച്ച് മാസം 30-ാം തീയതി പാലുകാച്ചിമലയിലെ പുനപ്രതിഷ്ഠ നിശ്ചയിച്ചു. മനോഹരമായ ശ്രീരാമസീതാ വിഗ്രഹങ്ങള്‍ വഹിച്ചുകൊണ്ട് കന്യാകുമാരിയില്‍ നിന്ന് കൊട്ടിയൂരിലേക്ക് നടത്തിയ പ്രതിഷ്ഠാഘോഷയാത്ര ഗ്രാമങ്ങളും പട്ടണങ്ങളും നഗരങ്ങളും താണ്ടി കൊട്ടിയൂരിലെത്തുന്നതിനിടെ ജനലക്ഷങ്ങള്‍ വിഗ്രഹങ്ങളില്‍ പുഷ്പാര്‍ച്ചനകള്‍ ചെയ്തു. രാമനാമ മന്ത്രോച്ചാരണത്തോടെ എതിരേറ്റു. ജഗദ്ഗുരു നൂറുകണക്കിന് സ്വീകരണ യോഗങ്ങളില്‍ ഭക്തജന സഹസ്രങ്ങളെ അഭിസംബോധന ചെയ്തു. ആ അമൃതധാര ഹൈന്ദവചേതനയ്ക്ക് നവോന്മേഷം പകര്‍ന്നു. എല്ലാ ഹൈന്ദവസംഘടനകളെയും സമുദായസംഘടനകളെയും വിവിധ സമ്പ്രദായങ്ങളിലുള്ള സന്യാസിവര്യന്മാരെയും ഒരു ചരടില്‍ കോര്‍ത്തിണക്കുന്നതിനുള്ള വേദികള്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുകയായിരുന്നു ജഗദ്ഗുരു തന്റെ കര്‍മ്മ സരണിയിലുടനീളം ചെയ്തത്.

തലശ്ശേരിയില്‍ നിരോധനാജ്ഞ

പുനഃപ്രതിഷ്ഠ വിഗ്രഹങ്ങളുമായി തലശ്ശേരിയിലെത്തിയ സ്വാമിജിയെ വരവേറ്റത് ജില്ലാകളക്ടറുടെ നിരോധനാജ്ഞയായിരുന്നു. തലശ്ശേരി തിരുവങ്ങാട് ക്ഷേത്രമൈതാനിയില്‍ സ്വീകരണയോഗത്തില്‍ പങ്കെടുക്കുന്നതിന് ആള്‍ക്കാര്‍ സമ്മേളിച്ചിരുന്നു. സ്വാമിജി തൃപ്പാദങ്ങള്‍ പ്രസംഗ പീഠത്തിലേക്ക് കയറിയപ്പോള്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ സ്വാമിജിയുടെ നേര്‍ക്ക് ഒരു പേപ്പര്‍ നീട്ടി. അദ്ദേഹം അതു വാങ്ങി വായിച്ചു. അത് നിരോധനാജ്ഞയായിരുന്നു. തൃപ്പാദങ്ങള്‍ ഉച്ചഭാഷിണിയിലൂടെ തനിക്ക് ലഭിച്ച പേപ്പറിന്റെ ഉദ്ദേശം ജനങ്ങളെ ധരിപ്പിച്ചു. എന്റെ കൈയ്യില്‍ ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ തന്ന കടലാസ് 144ആണ്. ഇതുപ്രകാരം നാം ഉച്ചഭാഷിണി ഉപയോഗിക്കുവാനോ യോഗം നടത്തുവാനോ പാടില്ല. മാത്രമല്ല ഏല്ലാപേരും ഉടന്‍ പിരിഞ്ഞുപോവുകയും വേണം. തൃപ്പാദങ്ങള്‍ ആ കടലാസ് മടക്കിച്ചെറുതാക്കി തുണ്ടുകളാക്കി വലിച്ചുകീറി അന്തരീക്ഷത്തില്‍ ഊതി പറത്തിയിട്ടു പറഞ്ഞു. ‘സന്യാസിക്ക് ഒരു പാരമ്പര്യമുണ്ട്. എന്തെങ്കിലും സ്വീകരിച്ചാല്‍ ഇരട്ടിയായി തിരികെ നല്കും. ഇതിപ്പോള്‍ 288 ഉണ്ടാകും. അദ്ദേഹത്തിന്റെ ധര്‍മ്മരോഷം ആളിക്കത്തി. ആ മുഖത്തുനിന്നു വന്ന ഓരോ വാക്കും അഗ്നിഗോളങ്ങളായി മാറി. അതു ചെറുക്കുവാനുള്ള ശേഷി പോലീസിനുണ്ടായില്ല.’ വെടിവയ്പില്‍ കുറഞ്ഞ് ഒന്നും ചിന്തിക്കേണ്ടതില്ല എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വെടിയുണ്ട ഏറ്റുവാങ്ങുന്നതല്ലാതെ ഒരു ഹിന്ദുവും പിരിഞ്ഞുപോവുകയോ ഭയന്നോടുകയോ ചെയ്യുന്ന പ്രശ്‌നമില്ലെന്ന് അദ്ദേഹം ശക്തമായ മുന്നറിയിപ്പുനല്കി. മൂന്നുമണിക്കൂര്‍ പ്രസംഗിച്ചപ്പോള്‍ സമയം കടന്നുപോയത് ആരും അറിഞ്ഞില്ല. ലാത്തികള്‍ അനങ്ങിയില്ല. തോക്കുകള്‍ ശബ്ദിച്ചില്ല എങ്ങും നിറഞ്ഞ നിശ്ശബ്ദത. അന്തരീക്ഷത്തിന്റെ ഗൗരവം മനസ്സിലാക്കിയ അധികാരികള്‍ നിരോധനാജ്ഞ നടപ്പാക്കേണ്ടതില്ലെന്ന നിര്‍ദ്ദേശം നല്കി. ഈ സംഭവത്തെക്കുറിച്ച് സ്വാമിജി ലേഖകനോട് പറഞ്ഞതിങ്ങനെ.

‘പോലീസുകാരുടെ സന്നാഹമെല്ലാം ഹാര്‍ഡ് ബോര്‍ഡില്‍ ചെയ്തുവച്ചിരിക്കുന്ന രൂപങ്ങളായിട്ടാണ് എനിക്കു തോന്നിയത്. ആര്‍ക്കും അനങ്ങാന്‍ കഴിയില്ല. മറ്റൊന്നു ചിന്തിക്കണമെങ്കില്‍ എന്റെ അനുവാദം വേണം.’ എന്തുവിദ്യയാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചതെന്ന് അദ്ദേഹത്തിനുമാത്രമേ അറിയൂ.

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളെക്കുറിച്ച് ശ്രീരാമദാസ ആശ്രമം പ്രസിദ്ധീകരിച്ച ശ്രീസത്യാനന്ദവിഭൂതി എന്ന ഗ്രന്ഥത്തില്‍ നിന്ന്.

 

കൂടുതല്‍ വാര്‍ത്തകള്‍ - സ്വാമിജിയെ അറിയുക