തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴുജില്ലകളിലും മികച്ച പോളിങ്; ആലപ്പുഴയില്‍ എസ്.ഐക്ക് വെട്ടേറ്റു

October 25, 2010 കേരളം,മറ്റുവാര്‍ത്തകള്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴുജില്ലകളിലും മികച്ച പോളിങ്. ലഭ്യമായ കണക്കുകള്‍ അനുസരിച്ച് ഉച്ചവരെ 65 ശതമാനം പോളിങ് നടന്നു. ഏറ്റവും ഉയര്‍ന്ന പോളിങ് ആലപ്പുഴ(66 ശതമാനം)ജില്ലയിലും കുറഞ്ഞ പോളിങ് ഇടുക്കി(58 ശതമാനം)യിലും രേഖപ്പെടുത്തി. ഗ്രാമ, തീര പ്രദേശങ്ങളിലാണ് നല്ലരീതിയില്‍ പോളിങ് നടക്കുന്നത്. ഏഴു ജില്ലകളിലായി 1.23 കോടി പേരാണ് തിങ്കളാഴ്ച വോട്ട് ചെയ്യുന്നത്. വിവിധ ജില്ലകളില്‍ ഉച്ചവരെ രേഖപ്പെടുത്തിയ പോളിങ് ശതമാനം ഇവയാണ്. ആലപ്പുഴ-66, കോട്ടയം-65, ഇടുക്കി-58, എറണാകുളം-60, തൃശ്ശൂര്‍-59, മലപ്പുറം- 60, പാലക്കാട്-65. റീപോളിങ് നടക്കുന്ന കണ്ണൂരിലെ പട്ടുവത്ത് വീണ്ടും സംഘര്‍ഷമുണ്ടായി. പ്രദേശത്ത് ബോംബേറ് ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും നടന്നുവെങ്കിലും തിരഞ്ഞെടുപ്പിനെ ബാധിച്ചില്ല. ജില്ലയിലെ തില്ലങ്കേരിയില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നു. സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് ബഹിഷ്‌കരണം. റീപോളിങ് നടക്കുന്ന കണ്ണൂര്‍ ജില്ലയിലെ വിവിധ ബൂത്തുകളിലും കനത്ത പോളിങ്ങാണ് രേഖപ്പെടുത്തിയത്. കള്ളവോട്ടിനെച്ചൊല്ലി ആലപ്പുഴ തകഴിയില്‍ സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പിക്കാരും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ എസ്.ഐക്ക് വെട്ടേറ്റു. ഇരുപാര്‍ട്ടികളിലെയും അഞ്ച് പ്രവര്‍ത്തകര്‍ക്കും വെട്ടേറ്റിട്ടുണ്ട്.
തിരഞ്ഞെടുപ്പിനിടെ സംസ്ഥാനത്ത് തിങ്കളാഴ്ച രണ്ടുപേര്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശ്ശൂര്‍ മാള കുഴിക്കാട്ടുശേരിയില്‍ എല്‍.ഡി.എഫ് ബൂത്ത് ഏജന്റ് കെ.പി.സുകുമാരന്‍, മലപ്പുറം പൊന്‍മുണ്ടത്ത് വോട്ടുചെയ്യാന്‍ ക്യൂനിന്ന താഴത്തേതില്‍ കുഞ്ഞുമുഹമ്മദ് മുസലിയാര്‍ എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ കടപ്പുറം 16 ാം വാര്‍ഡിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ മാറ്റി. വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് പേപ്പര്‍ നല്‍കിയെന്ന പരാതിയെ തുടര്‍ന്നാണിത്. കോട്ടയം ജില്ലയിലെ തലയോലപ്പറമ്പിലെ വടയാര്‍ ഇന്‍ഫന്റ് ജീസസ് സ്‌കൂളിനു മുന്നില്‍ വെച്ച് കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥി കെ.എ അപ്പച്ചന്റെ വാഹനത്തിനുനേരെ കല്ലേറുണ്ടായി.
രണ്ടാം ഘട്ടത്തോടെ കോഴിക്കോട് ജില്ലയിലെ വേളം ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ തദ്ദേശ വാര്‍ഡുകളിലൊഴികെ എല്ലായിടത്തും തിരഞ്ഞെടുപ്പ് പൂര്‍ത്തിയാവും.ബാലറ്റിലെ ചിഹ്നം മാറിയതിനാല്‍ മാറ്റിവെച്ച തിരുവനന്തപുരം കാഞ്ഞിരംകുളം ഗ്രാമപ്പഞ്ചായത്തിലെ കഴിവൂരിലും വോട്ടെടുപ്പ് നടക്കുകയാണ്. തിരുവനന്തപുരം നന്ദിയോട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡ് രണ്ടാം ബൂത്തില്‍ ബ്ലോക്ക് പഞ്ചായത്തിലേക്കുമാത്രം 26ന് റീപോളിങ് നടക്കും. ഇവിടെയും ബാലറ്റ് പേപ്പര്‍ മാറിനല്‍കിയിരുന്നു. 20,843 ബൂത്തുകളിലാണ് ഈ ഘട്ടത്തില്‍ പോളിങ്. ഇതില്‍ 896 ബൂത്തുകളില്‍ അധിക സുരക്ഷയുണ്ടാവും.41,015 സ്ഥാനാര്‍ഥികളാണ് രണ്ടാംഘട്ടത്തില്‍ മത്സരിക്കുന്നത്.
അക്രമങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച കണ്ണൂര്‍ ജില്ലയിലെ ഏഴ് ബൂത്തുകളിലേയും വോട്ടെടുപ്പ് തുടങ്ങി. രാവിലെ 7 മുതല്‍ വൈകിട്ട് 5 വരെയുള്ള വേട്ടെടുപ്പിന് കര്‍ശനമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം