ജപ്പാനുമായി ആണവക്കരാറിന് ശ്രമിക്കും: മന്‍മോഹന്‍ സിങ്

October 25, 2010 മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

ടോക്യോ: ജപ്പാനുമായി സൈനികേതര ആണവക്കരാര്‍ ഒപ്പുവെക്കാന്‍ ഇന്ത്യ ശ്രമിക്കുമെന്ന് പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ് വ്യക്തമാക്കി. മൂന്നു ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആണവ പദ്ധതികള്‍ സംബന്ധിച്ച് ജപ്പാനിലുള്ള സാഹചര്യം മനസിലാക്കാവുന്നതാണ്. ആണവവിഷയത്തില്‍ ജപ്പാന്റെ ആകുലത ഇന്ത്യക്കറിയാം. അതുകൊണ്ട് ഒരിക്കലും ജപ്പാനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ല. പക്ഷേ കരാര്‍ സംബന്ധിച്ച തര്‍ക്കവിഷയങ്ങളില്‍ നിന്ന് പുറകോട്ടു പോകില്ല. അദ്ദേഹം പറഞ്ഞു.
ആണവായുധത്തിന്റെ കെടുതികള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്ന രാജ്യമായ ജപ്പാന് ആണവനിര്‍വ്യാപന കരാറിലൊപ്പിടാത്ത ഇന്ത്യയുമായി ആണവക്കരാറുണ്ടാക്കാന്‍ വിമുഖതയുണ്ട്.എന്നാല്‍ ആണവ നിര്‍വ്യാപനത്തില്‍ ഇന്ത്യക്ക് ശക്തമായ നിലപാടാണുള്ളത്. പ്രധാനമന്ത്രി പറഞ്ഞു. സൈനികേതര ആണവക്കരാറൂമായി ബന്ധപ്പെട്ട് ഇന്ത്യയും ജപ്പാനും തമ്മില്‍ രണ്ട് തവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകാന്‍ ഇനിയും സമയം ഏടുത്തേക്കുമെന്നാണ് സൂചന.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍